Tuesday 07 January 2020 06:58 PM IST : By സ്വന്തം ലേഖകൻ

കാടിനു നടുവിലെ മഞ്ഞു പുതച്ച സമ്മർ ഹോം; സാന്റായുടെ നാട്ടിൽ മലയാളി സ്വന്തമാക്കിയ വീട്

santa

സാന്റായുടെ നാട്ടിലെ വേനൽക്കാല വീടിന്റെ വിശേഷങ്ങൾ... വർഷത്തിെന്റ പാതിയും മഞ്ഞുറഞ്ഞു കിടക്കുന്ന ഫിൻലൻഡിലെ വേനൽക്കാല വസതിയുടെ സുഖശീതളിമ അനുഭവിപ്പിക്കുന്നു ഹെൽസിങ്കിയിൽ ഫോട്ടോ ബ്ലോഗിങ് രംഗത്തു പ്രവർത്തിക്കുന്ന കഴക്കൂട്ടം സ്വദേശി നജിം അസീം.

സാന്റാക്ലോസിന് ഒരു നാടുണ്ടെങ്കിൽ, അതിവിടെയാണ് ഇവിടെയാണ്... ഇൗ ഫിൻലൻഡിലാണ്. ഇവിടെ ശീതകാലം പൊടിെപാടിക്കുന്ന സമയമാണ് ഡിസംബർ മാസം. പകലുകൾ ശൈത്യത്തിന്റെ പിടിയിലമർന്ന് ഇരുട്ടു പുതച്ചാണ് കടന്നു പോകുന്നത്.

24 വർഷമായി ഫിൻലൻഡിൽ സ്ഥിരതാമസക്കാരായ മാതൃസഹോദരൻ ഷാജി കഫൂറിനും കുടുംബത്തിനും ഒപ്പമാണ് കഴിഞ്ഞ കുറച്ചു നാളായി ഞാനും. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലാണ് താമസം. സാന്റയുടെ ജന്മദേശം ആയതുകൊണ്ടായിരിക്കും ക്രിസ്മസും പുതുവൽസരവും ഇവിടെ ഏറ്റവും ഗംഭീരമായ ആഘോഷമാണ്. മൈനസ് 28 ഡിഗ്രി വരെയാണ് ഇപ്പോൾ ഇവിടത്തെ താപനില. ശരിക്കും ‘വൈറ്റ് ക്രിസ്മസ് ടൈം’.

santa-4

ശൈത്യം മാറി വെയിൽ തെളിയുന്ന മാസങ്ങളാണ് ജൂൺ, ജൂലൈ, ഒാഗസ്റ്റ് എന്നിവ. ഞങ്ങളുടെ വേനൽക്കാല വസതി ഉണരുന്നത് അപ്പോഴാണ്. കടൽ കടന്നുവേണം സമ്മർ ഹോം സ്ഥിതി ചെയ്യുന്ന ദ്വീപിലെത്താൻ. ഇൗ മാസങ്ങളിൽ, കൂടിയ താപനില 26–28 ഡിഗ്രി ഒക്കെയേ വരൂ. കാർ പാർക്ക് ചെയ്ത് 45 മിനിറ്റ് ബോട്ടുയാത്ര ചെയ്താലേ ദ്വീപിലെത്തൂ. ശൈത്യകാലത്ത് കടൽവെള്ളം മൈനസ് 38 ഡിഗ്രിയിൽ തണുത്തുറഞ്ഞ് മഞ്ഞുകട്ടയായി കിടക്കുകയായിരിക്കും.

santa-5

അവധിക്കാലത്തിനു വേണ്ടിയുള്ള സാധനങ്ങളൊക്കെ പായ്ക്ക് ചെയ്താണ് യാത്ര. കാരണം ‍ഞങ്ങളുടെ ഇൗ സ്വകാര്യ ദ്വീപിൽ കാടും പച്ചപ്പും മാത്രമേയുള്ളൂ. പ്രകൃതിയുടെ സുന്ദരമായ കാൻവാസിലാണ് സമ്മർ ഹോം. സ്വകാര്യ വ്യക്തികളുടേതായി ഇത്തരം ആയിരക്കണക്കിന് ദ്വീപുകളുണ്ട്. എന്നിരിക്കിലും ഇവിടെ നടക്കുന്ന ഒാരോ നിർമാണവും സിറ്റിയുടെ അനുമതിയോടു കൂടെ മാത്രമേ നടക്കൂ. പകുതി ദ്വീപുകളിലും നിർമാണം അനുവദിക്കില്ല. പ്രാദേശികമായ പക്ഷി മൃഗാദികൾക്ക് ഹാനികരമായ യാതൊന്നും സർക്കാർ അനുവദിക്കില്ല. ചില പ്രദേശങ്ങളിൽ ആളുകളെ കടത്തിവിടുക പോലുമില്ല. പലതരം ബെറികളുടെയും ആപ്പിൾ, മുന്തിരി തുടങ്ങിയവയുടെയും പറുദീസയാണ് ഫിൻലൻഡ് എന്നു പറയാം.

വേനൽക്കാലത്ത് പകലിന്റെ ദൈർഘ്യം കൂടുതലാണ്. 20 മ ണിക്കൂർ വരെ സൂര്യൻ ആകാശത്തുണ്ടാവും. രാത്രി ദൈർഘ്യം തുലോം കുറവായിരിക്കും. ഒാഗസ്റ്റ് മാസത്തിലെ ഒന്നോ രണ്ടോ ദിവസം രാത്രി ഉണ്ടാകില്ല; 24 മണിക്കൂറും പകൽ തന്നെ. ഫിൻലൻഡുകാർ ശരിക്കും ആഘോഷിക്കുന്ന ദിവസങ്ങളാണ് അവ.

santa-8

സമ്മർ ഹോമിനകത്ത് കൃത്യമായ മെയിന്റനൻസ് നടത്തുക എന്നതും സിറ്റി നിഷ്കർഷിക്കുന്ന കാര്യമാണ്. ഏക്കർ കണക്കിനു വരുന്ന ദ്വീപിലെ സമ്മർ ഹോം മറ്റൊരു വ്യക്തിയിൽ നിന്നു വാങ്ങി ഞങ്ങൾ ചില പുതുക്കലുകൾ നടത്തി. അവധിക്കാലത്ത് കുടുംബാംഗങ്ങൾ എല്ലാവരും ഇവിടെ കൂടും. അഞ്ച് കിടപ്പുമുറിയും ഒരു ഗെസ്റ്റ് റൂമും ഉണ്ട്. പോരാത്തതിന് പാർട്ടികളും മറ്റും നടക്കുമ്പോൾ താമസിക്കാൻ പാകത്തിൽ ചെറിയ ‘ഹട്ടു’കളും ഇവിടെയുണ്ട്. മാലിന്യങ്ങൾ പായ്ക്ക് ചെയ്ത് ബോട്ട് ഇറങ്ങുന്ന കടവിൽ വച്ചാൽ മതി, അതിനുള്ള ആളുകൾ വന്ന് നീക്കം ചെയ്യും. മെയിന്റനൻസിനുള്ള ചെലവ് ഇവിടെ വളരെ കൂടുതലാണ്. സിറ്റിയിലെ ഡ്രെയിനേജ് സിസ്റ്റവും എടുത്തു പറയേണ്ടതാണ്.

santa-1

വൈദ്യുതി കടലിന്നടിയിൽ കൂടിയാണ് ദ്വീപുകളിലെത്തുന്നത് എന്നതാണ് രസകരം. വൈദ്യുതി ഇല്ലാതിരിക്കുന്നത് കേട്ടുകേൾവി കൂടിയില്ല. എല്ലാ വീടുകളിലും സോണ ബാത് ഉണ്ടായിരിക്കും. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇതു കൂടിയേ തീരൂ. തടി കൊണ്ടുള്ള സോണയാണ് സമ്മർ ഹോമിലുള്ളത്. ഗ്രില്ലിങ് ആണ് പ്രധാന പാചകരീതി. പ്രധാന ഭക്ഷണം സാൽമൺ മൽസ്യവും ഉരുളക്കിഴങ്ങും. ഗ്രിൽ ചെയ്യാൻ മാത്രം പ്രത്യേകം ഏരിയയും വീട്ടിലുണ്ട്. ഉരുളക്കിഴങ്ങും സ്ട്രോബെറിയുമൊക്ക എവിടെ ഇട്ടാലും അവിടെ കിടന്നു വളരുമെന്നതാണ് മണ്ണിന്റെ പ്രത്യേകത.

തണുപ്പുകാലത്തെ ചില വാരാന്ത്യങ്ങളിലും ഞങ്ങൾ സമ്മർ ഹോമിലെത്താറുണ്ട്. അത്രമാത്രം സുഖവും പ്രസരിപ്പും നിറയ്ക്കുന്നതാണ് ഇവിടത്തെ പ്രകൃതി.

santa-2

ഫിൻലൻഡിനെപ്പറ്റി പറയുമ്പോൾ ഇവിടത്തെ ‘അറോറ’യെ പറ്റി പറയാതെ വയ്യ. ശൈത്യകാലത്ത് മഞ്ഞുകണങ്ങൾക്കിടയിലൂടെ പല നിറങ്ങളിൽ വർണപ്രപഞ്ചം ആകാശത്തു തീർക്കുന്ന ‘നോർത്തേൺ ലൈറ്റ്സ്’ (അറോറ) കാണാൻ ധാരാളം സഞ്ചാരികളെത്തും. കഴിഞ്ഞ വർഷം നമ്മുടെ ലാലേട്ടനും ഇവിടെയെത്തി, അറോറ കാണാൻ. വളരെ ചുരുക്കം മലയാളികൾ മാത്രമുള്ള ഫിൻലൻഡിൽ ലാലേട്ടന്റെ സന്ദർശനം ഞങ്ങൾക്കേറ്റം അഭിമാനമായി. ■

santa-3

വിദേശ രാജ്യങ്ങളിൽ മലയാളികൾ സ്വന്തമാക്കിയ വീടുകളും അവയുടെ പ്രത്യേകതകളും വായനക്കാരുമായി പങ്കുവയ്ക്കാം.

santa-6

send your home details to vanithaveedu@mmp.in