ചുറ്റുപാടുകളോട് ഇഴുകിച്ചേർന്ന വീട്. ‘കാശീശ്’ എന്ന വീടിനെ ഒറ്റവരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. വീട്ടുകാരായ ശങ്കറും സീനയും ആർക്കിടെക്ട് ശ്യാംരാജും തമ്മിൽ വീടുപണി പൂർത്തിയായപ്പോഴേക്ക് ആഴത്തിലുള്ള സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. വീട്ടുകാരുടെ ക്രിയാത്മകമായ പിന്തുണ കാശീശിന്റെ രൂപകൽപനയില്‍ വളരെ വലിയ പങ്കു വഹിച്ചുവെന്ന് ശ്യാംരാജ്. പാർട്നർ എം. സി. അജേഷ് ആണ് വീടുപണി നിർവഹിച്ചത്. വീട്ടുവിശേഷങ്ങൾ ആർക്കിടെക്ട് തന്നെ പറയട്ടെ...
രൂപകൽപനയിൽ പ്രത്യേക ശൈലി പിന്തുടർന്നിട്ടുണ്ടോ?
ട്രോപ്പിക്കൽ ശൈലിയോട് ഒരിഷ്ടക്കൂടുതൽ ഉണ്ടെനിക്ക്.ഈ വീട് ട്രെഡീഷണൽ, കന്റെംപ്രറി ശൈലികളുടെ സമന്വയമാണെന്ന് പറയാം. ട്രെഡീഷണൽ എന്നു പറഞ്ഞാൽ ചരിഞ്ഞ മേൽക്കൂര, ഓട്, വരാന്ത എന്നൊക്കെയാണെന്നാണ് ധാരണ. ബോക്സ് സ്ട്രക്ചർ, നേർരേഖകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാൽ കന്റെംപ്രറിയായെന്നും തെറ്റിധാരണയുണ്ട്. ട്രെഡീഷണൽ എന്നു പറയുന്നത് ചുറ്റുപാടുകളെ കൂടി ഉൾപ്പെടുത്തിയുള്ള രൂപകൽപനയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നടുമുറ്റം നൽകിയിട്ട് ഗ്ലാസ് ഇട്ട് മൂടിയിട്ട് എന്തു പ്രയോജനം? ആധുനികമായ ജീവിതശൈലിക്ക് ഉതകുന്ന സൗകര്യങ്ങളാണ് കന്റെംപ്രറി എന്നതു കൊണ്ടർഥമാക്കുന്നത്.
എങ്ങനെയാണിതു പ്രാവർത്തികമാക്കിയിരിക്കുന്നത്?
ഒരു പുരയിടത്തിലേക്ക് പ്രവേശിക്കുന്ന അതിര് വ്യക്തമാക്കുകയാണ് യഥാർഥത്തിൽ പടിപ്പുരയുടെ ധർമം. ഇവിടെ കോർട്‌യാർഡിലേക്കു തുറക്കുന്ന പ്രധാന വാതിൽ ആ ആശയത്തിലൂന്നിയാണ് നൽകിയത്. ചൂട് പുറത്തുകളയാനായിരുന്നു മുഖപ്പുകൾ. ഇവിടെ ലൂവറുകൾ മുഖപ്പിന്റെ ധർമം നിർവഹിക്കുന്നു. ഓടിനൊപ്പം സാൻഡ്‌വിച്ച് പാനൽ നൽകി മേൽക്കൂരയ്ക്ക്. പരമ്പരാഗത ശൈലിയുടെ യഥാർഥ ഉദ്ദേശ്യമെന്താണോ ആ ഘടകങ്ങൾ കാലഘട്ടത്തിനനുസരിച്ച് നൽകിയിരിക്കുകയാണ്. ശങ്കർ, സീന, അവരുടെ മാതാപിതാക്കൾ, മക്കൾ എന്നിങ്ങനെ മൂന്നു ത ലമുറകൾക്കായാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലായിടങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓരോരുത്തർക്കും സ്വകാര്യത ഉറപ്പാക്കിയിട്ടുമുണ്ട്. ഇത്തരത്തിൽ മാറിയ ജീവിതരീതിക്കനുസരിച്ചുള്ള ഡിസൈൻ ആണ് കന്റെംപ്രറി എന്നതു കൊണ്ടർഥമാക്കുന്നത്.
പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും സ്വകാര്യത ഉറപ്പാക്കിയത് എങ്ങനെയാണ്?
നടുമുറ്റവും പൂളുമാണ് ഡിസൈനിന്റെ നട്ടെല്ല്. ഇവിടേക്ക് ഒരു വാതിലുണ്ട്. നടുമുറ്റത്തായാണ് ഗോവണിയും. മക്കൾ വലുതാകുമ്പോൾ വാതിൽ കടന്ന് ഗോവണി കയറി മുകളിലെത്തിയാൽ അവരുടെ ലോകമായി. വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് പോകേണ്ട ആവശ്യമേ വരുന്നില്ല. എന്നാൽ രണ്ടു നിലകളും തമ്മിൽ കാഴ്ചയാൽ ബന്ധപ്പെടുത്തിയിട്ടുണ്ടുതാനും. രണ്ടാമത്തെ വാതിൽ തുറന്നാൽ ലിവിങ് റൂം വഴി വീടിനുള്ളിൽ പ്രവേശിക്കാം. മുറ്റത്തു നിന്ന് നേരിട്ട് മാതാപിതാക്കളുടെ മുറിയിലെത്തുകയും ചെയ്യാം.
കയറുമ്പോൾ തന്നെയാണെങ്കിലും വാതിൽ നൽകിയതിന്റെ പ്രത്യേകത മൂലം പെട്ടെന്ന് കണ്ണിൽ പെടില്ല. അവരുടെ മുറിയിൽ നിന്ന് പുറത്തേക്ക് മതിലുമായി ബന്ധിപ്പിച്ച് കോർട്‍യാർഡ് നൽകിയിട്ടുണ്ട്.
Area: 3330 sqft Owner: എം.എസ്. ശങ്കർ & സീന Location: മുതുവറ, തൃശൂർ
Design: സെവൻത് ഹ്യൂ ആർക്കിടെക്ചർ കളക്ടീവ്, തൃശൂർ Email: arshyamraj@gmail.com