Friday 06 September 2019 03:35 PM IST : By സ്വന്തം ലേഖകൻ

ചുട്ടു പൊള്ളിക്കുന്ന ഇരുനിലയേക്കാൾ കാറ്റും വെളിച്ചവുമേകുന്ന ഒരുനിലയാണ് നല്ലത്; നന്മകൾ പൂവിടുന്ന നാടൻവീട്

cyriac

പുതിയ വീടിന് ഒറ്റനില മതി എന്ന കാര്യത്തിൽ ജോസഫ് ലൂയിസിനും ടാനിയയ്ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കുറെനാൾ രണ്ടുനില വീട്ടിൽ താമസിച്ചതിന്റെ അനുഭവപാഠമായിരുന്നു കാരണം. ചൂടായിരുന്നു അവിടത്തെ പ്രധാന വില്ലൻ. മുകൾ നിലയിലേക്കു കയറുന്നതാകട്ടെ വല്ലപ്പോഴും മാത്രവും. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും യോജിച്ച രീതിയിലാവണം പുതിയ വീടെന്ന് ഇരുവരും ഉറപ്പിച്ചു. ‘കാറ്റും വെളിച്ചവും കയറുന്ന, മുറികൾക്ക് ആവശ്യത്തിനു വലുപ്പമുള്ള ഒറ്റനില’ എന്ന ആശയമാണ് അവർ ആർക്കിടെക്ട് ടി. എം. സിറിയക്കിനു മുന്നിൽ അവതരിപ്പിച്ചത്.

പരമ്പരാഗതശൈലിയുടെ പ്രൗഢിയുള്ള ലളിതമായ രൂപം. പൊക്കം കൂടിയ മുറികൾ. പൊതു ഇടങ്ങളടക്കം ആവശ്യത്തിനു സ്ഥലസൗകര്യമുള്ള ഡിസൈൻ... വീട്ടുകാരുടെ ഇഷ്ടങ്ങളെല്ലാം പൂർത്തീകരിക്കും വിധമാണ് 5700 ചതുരശ്രയടി വലുപ്പമുള്ള വീടൊരുക്കിയിരിക്കുന്നത്.

സാധാരണയിൽ നിന്നും മൂന്ന് അടി കൂട്ടി 12 അടി പൊക്കത്തിലാണ് മുറികൾ. ഇതു ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. എല്ലാ വാതിലിനും ജനലിനും മുകളിൽ വെന്റിലേഷൻ സൗകര്യം നൽകിയിട്ടുള്ളതും വായുസഞ്ചാരം സുഗമമാക്കി വീടകം തണുപ്പിക്കുന്നു. തടിയിൽ സിഎൻസി കട്ടിങ് വഴി ലളിതമായ ഡിസൈൻ നൽകിയാണ് വെന്റിലേഷൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

12 അടി പൊക്കവും അതിനു മുകളിൽ ട്രസ്സ് മേൽക്കൂരയും വന്നതോടെ വീടിന്റെ വലുപ്പത്തിന് ആനുപാതികമായ തലയെടുപ്പും കൈവന്നു. നടുഭാഗത്തായുള്ള നീളൻ ഇടനാഴി ആണ് വീടിന്റെ ഹൃദയധമനി. പ്രധാന വാതിൽ മുതൽ മാസ്റ്റർ ബെഡ്റൂം വരെ നീളുന്ന ഈ കോറിഡോറിന് 23.6 മീറ്ററാണ് നീളം. വീതി 2.4 മീറ്ററും. അടുക്കള ഒഴികെ മറ്റെല്ലാ മുറികളിലേക്കും ഇവിടെനിന്ന് നേരിട്ടെത്താം. ഒത്തുകൂടലുകളും മറ്റും നടക്കുമ്പോൾ എത്തുന്നവരെയെല്ലാം ഉൾക്കൊള്ളാൻ വീടിനെ പ്രാപ്തമാക്കുന്നതിൽ ഇതിന്റെ പങ്ക് ചെറുതല്ല!

വീടിനുള്ളിലെ ചൂട് കുറയ്ക്കാനും കോറിഡോർ സ്പേസ് കാര്യമായി സഹായിക്കുന്നുണ്ട്. ഇവിടെ 18 അടി പൊക്കത്തിലാണ് മേൽക്കൂര. അതിന് തൊട്ടുതാഴെ ചുമരിൽ ജാളി വർക് ചെയ്ത തടി പിടിപ്പിച്ചിട്ടുള്ളതിനാൽ ചൂട് വായു പുറത്തേക്കു പോകും. നടുമുറ്റത്തിന്റെ അതേ ദൗത്യമാണ് കോറിഡോർ ഇവിടെ നിർവഹിക്കുന്നത്. വെന്റിലേഷനിൽ മുഴുവനും ചെറിയ നെറ്റ് പിടിപ്പിച്ചിട്ടുള്ളതിനാൽ കൊതുകും മറ്റു പ്രാണികളും കടക്കില്ല.

ചങ്ങനാശേരി ഫാത്തിമാപുരത്തുള്ള ഈ സുന്ദരൻ വീടിന്റെ കൂടുതൽ വിശേഷങ്ങളും പ്ലാനും സെപ്റ്റംബർ ലക്കം വനിത വീടിലുണ്ട്.

Tags:
  • Architecture