Monday 14 June 2021 02:11 PM IST : By സ്വന്തം ലേഖകൻ

പരമ്പരാഗത കേരളീയ ശൈലി, നവീന സൗകര്യങ്ങൾ, 7500 ചതുരശ്രയടിയിൽ ഒറ്റനിലയിൽ ‘മെഹ്‌മൂദ് റസിഡൻസ്’

rakesh 1

ചരിഞ്ഞ മേൽക്കൂരയോടു കൂടിയ ഒറ്റനില വീട്. അഞ്ച് കിടപ്പുമുറികൾ വേണം... ഇങ്ങനെ ചില ആവശ്യങ്ങളേ വിദേശ മലയാളിയായ വീട്ടുകാരന് ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും നാട്ടിൽ എത്തുമ്പോൾ റിസോർട്ടിൽ താമസിക്കുന്ന അനുഭൂതി വേണം. വീട്ടുകാരുടെ ജീവിതരീതി കൂടി നിരീക്ഷിച്ചശേഷമാണ് രാകേഷ് പ്ലാനിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിച്ചേർന്നത്.7500 ചതുരശ്രയടിയുള്ള വീട് രണ്ട് വിഭാഗ (Zone)മായാണ് രാകേഷ് കക്കോത്ത് ഡിസൈൻ ചെയ്തത്.

rakesh 3

വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന വിഭാഗവും അതിഥികൾക്കായുള്ള സോണും.സ്വിമ്മിങ് പൂൾ കേന്ദ്രീകരിച്ചാണ് മുറികളെ രണ്ട് സോൺ ആയി തിരിച്ചത്. സ്വിമ്മിങ് പൂളിനോടു ചേർന്നുവരുന്ന ഭാഗങ്ങൾ ഫാമിലി ഏരിയയായും പൂളിലേക്ക് കാഴ്ചയെത്താത്ത ഭാഗങ്ങൾ ഗെസ്റ്റ് ഏരിയയായും ക്രമീകരിച്ചു. ഗെസ്റ്റ് ഏരിയയിലേക്കും ഫാമിലി ഏരിയയിലേക്കും പ്രത്യേകം പ്രവേശന കവാടമുണ്ട്. ഫോർമൽ ലിവിങ്ങിനു മുന്നിലാണ് സിറ്റ്ഔട്ട്.

rakesh 7

പുതിയതായി ഒരു കെട്ടിടം നിർമിക്കുമ്പോൾ അ തിന്റെ ചുറ്റുപാടുമുള്ള പ്രകൃതിക്കു മാറ്റം വരുത്തുന്നതിനോട് ആർക്കിടെക്ടിനു യോജിപ്പില്ല. കെട്ടിടം പ്രകൃതിയിൽനിന്നു വേറിട്ടു നിൽക്കരുത് എന്ന ചിന്തയിൽനിന്നാണ് വീടിന്റെ ഡിസൈനും ലാൻഡ്സ്കേപ്പും ഉരുത്തിരിഞ്ഞത്. ഇവിടെ പുതുതായി നട്ട മരങ്ങൾ വളർന്നു വലുതാകുമ്പോൾ വീട് ചുറ്റുപാടുകളുടെ ഭാഗമായിത്തന്നെ അനുഭവപ്പെടും. നാലോ അഞ്ചോ വർഷത്തിനുശേഷമാണ് വീട് അതിന്റെ പൂർണരൂപത്തിലെത്തുന്നത് എന്നു സാരം.

rakesh 4

പരമ്പരാഗത കേരളശൈലിയിൽ മുറികൾ നടുമുറ്റത്തേക്കു തുറക്കുന്ന രീതിയിലാണ് പ്ലാൻ. രണ്ട് നടുമുറ്റങ്ങളുണ്ട് ഈ വീടിന്. ഫാമിലി സോണിന്റെ കേന്ദ്രബിന്ദുവായി ഒന്നും ഗെസ്റ്റ് സോണിന്റെ ഭാഗമായി മറ്റൊന്നും. വീടിനുള്ളിലാണെങ്കിലും പ്രകൃതിയുടെ ഭാഗമായിരിക്കാൻ ഈ കോർട്‌യാർഡുകളും വീടിനു പിറകിലെ വരാന്തയും സഹായിക്കുന്നു.ഫോർമൽ ലിവിങ്, അതിഥികൾക്കുള്ള ഊണുമുറി, ഗെസ്റ്റ് ബെഡ്റൂം, പ്രാർഥനമുറി എന്നീ സൗകര്യങ്ങൾ ഗെസ്റ്റ് സോണിലുണ്ട്.

rakesh 5

അതിഥികൾക്കും വീട്ടുകാർക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പ്രാർഥനമുറിക്ക് സ്ഥാനം കണ്ടെത്തിയത്. വീടിന്റെ പിൻവശത്ത് കിടപ്പുമുറികൾ ക്രമീകരിച്ചു. വരാന്തയിലേക്കോ മുറ്റത്തേക്കോ കാഴ്ച കിട്ടുന്ന രീതിയിൽ കിടപ്പുമുറികളുടെ ജനലുകൾ തുറക്കാം. ഫാമിലി ലിവിങ്ങിൽനിന്നു പ്രവേശിക്കുന്ന പിൻവശത്തെ വരാന്തയ്ക്ക് ഈ വീട്ടിൽ പ്രത്യേക സ്ഥാനമുണ്ട്. വീട്ടുകാരുടെ ഇഷ്ടയിടമായ സ്വിമ്മിങ് പൂളും പൂന്തോട്ടവും ഇതിനോടു ചേർന്നാണ്.

rakesh 8

ഉപയോഗിക്കുന്ന നിർമാണവസ്തുക്കൾ ഏതുതന്നെയായാലും തനിമ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കണം എന്ന ആർക്കിടെക്ടിന്റെ നയം ഇവിടെ വ്യക്തമാണ്. ‘എർത്തി’ നിറങ്ങളും ടെക്സ്ചറുകളുമാണ് അകത്തളത്തിൽ കൂടുതൽ കാണാൻ കഴിയുക. ഫർണിഷിങ് പോലും ഈ നിറങ്ങളുടെ സ്വാഭാവികതയെ ഹനിക്കാത്ത രീതിയിലാണ്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതം എപ്പോഴും സന്തോഷപ്രദമാണ്. നാട്ടിൽ എത്തുമ്പോൾ അത്തരമൊരു സന്തോഷം ആസ്വദിക്കുന്നതിന്റെ നിർവൃതിയിലാണ് മെഹമൂദും കുടുംബവും. 

rakesh 2

രാകേഷ് കക്കോത്ത്

സ്റ്റുഡിയോ എസിസ്

കൊച്ചി

projects@studioacis.com

Tags:
  • Vanitha Veedu