തറവാടിന് അധികം അകലെയല്ലാതെ ടൗണിൽ ഒരു വീട് വേണം എന്ന ആഗ്രഹത്താലാണ് വിഷ്ണുവും വിദ്യയും തൃശൂർ അമ്പലക്കാവ് റോഡിലെ വില്ലാ പ്രോജക്ടിൽ മൂന്നര സെന്റ് വാങ്ങിയത്. വിഷ്ണുവിന്റെ കുടുംബവീടായ തളിക്കുളം തോട്ടുപുര തറവാടിന് 250 വർഷത്തിലേറെ പഴക്കമുണ്ട്. പുതിയ വീട് മോഡേൺ ശൈലിയിൽ പണിയാനായിരുന്നു താൽപര്യം.
മൂന്ന് കിടപ്പുമുറികൾ, സ്റ്റഡി ഏരിയ, ഹോം തിയറ്റർ, ബാർ ഏരിയ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ബെംഗളൂരുവിലാണ് ഇരുവർക്കും ജോലി. അവധി ദിവസങ്ങളിലേ എത്താനാകൂ. അടച്ചിട്ടാലും എളുപ്പത്തിൽ മെയ്ന്റനൻസ് സാധ്യമാകണം എന്നതാണ് മോഡേൺ ശൈലി തിരഞ്ഞെടുക്കാൻ ഒരു കാരണം. ചെറിയ സ്ഥലത്തിന്റെ പരിമിതികൾ ബാധിക്കാത്ത വിധം നല്ലതുപോലെ കാറ്റും വെളിച്ചവുമൊക്കെ കടക്കുന്ന രീതിയിലാകണം വീട് എന്നും നിർബന്ധമുണ്ടായിരുന്നു. അതിനാൽ സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള പ്ലാൻ പ്രകാരം വീട് പണിയാൻ അനുമതി വേണം എന്ന നിബന്ധനയോടെയാണ് സ്ഥലം വാങ്ങിയത്.
സാധ്യതകൾ തുറന്ന് മൂന്നുനില
കിടപ്പുമുറികൾ കൂടാതെ ഹോം തിയറ്റർ, സ്റ്റഡി റൂം, ബാർ ഏരിയ എന്നിവയും വേണ്ടതു കൊണ്ട് വീട് രണ്ട് നിലയിൽ ഒതുക്കുക പ്രായോഗികമായിരുന്നില്ല. അങ്ങനെയാണ് മൂന്നുനില വീട് എന്ന ആശയത്തിലേക്ക് ആർക്കിടെക്ട് ടീമിലെ ലിനു ജോർജും കൂട്ടരും എത്തുന്നത്. ചെറിയ സ്ഥലത്തെ വീട് എന്ന പ്രതീതി ഒരിടത്തും ഉണ്ടാകരുത് എന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. സ്ഥലപരിമിതി മറികടക്കാൻ ആർക്കിടെക്ട് ടീം രണ്ട് കാര്യങ്ങളാണ് ശ്രദ്ധിച്ചത്. ഭിത്തികളുടെ എണ്ണം പരമാവധി കുറച്ചു. കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ എല്ലാ മുറികളിലും ‘ക്രോസ് വെന്റിലേഷൻ’ ഉറപ്പാക്കി.
ഫ്ലൂട്ടഡ് ഗ്ലാസ് പാർട്ടീഷൻ
ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഭിത്തി ഒഴിവാക്കി പകരം സ്റ്റീലും ഫ്ലൂട്ടഡ് ഗ്ലാസ്സും കൊണ്ടുള്ള പാർട്ടീഷൻ നൽകിയതിനാൽ ഓപ്പൺ ഫീലിനൊപ്പം ആവശ്യത്തിനു സ്വകാര്യതയും ലഭിക്കും. ഗ്ലാസ് പാർട്ടീഷൻ ആയതിനാൽ കാഴ്ച നിയന്ത്രിക്കും. എന്നാൽ വെളിച്ചം കടന്നുവരുന്നത് തടയുകയുമില്ല.
ഡൈനിങ്ങിന് അടുത്തായുള്ള ഡെക്ക് സ്പേസിലേക്കും രണ്ടാംനിലയിലെ ബാർ ഏരിയയോട് ചേർന്നുള്ള ഓപൺ ടെറസിലേക്കും ഇറങ്ങാൻ ഗ്ലാസ്സും തടിയും കൊണ്ടുള്ള നാല് പാളി ഫോൾഡിങ് വാതിലാണുള്ളത്. വലുപ്പമുള്ള വാതിൽ തുറ ന്നാൽ ഔട്ട്ഡോർ സ്പേസ് കൂടി വീടിന്റെ ഭാഗമായി മാറും.
ഇന്റീരിയറിന് ഫ്യൂഷൻ സ്റ്റൈൽ
എക്സ്റ്റീരിയർ മോഡേൺ ശൈലിയിലാണെങ്കിലും ട്രെഡീഷണൽ ചേരുവകൾ കൂടി ഇടകലരുന്ന രീതിയിലാണ് ഇന്റീരിയർ. ആത്തംകുടി ടൈലും ജയ്സാൽമീർ സ്റ്റോണും ഇടകലർത്തിയുള്ള ഫ്ലോറിങ്ങാണ് കിടപ്പുമുറികൾക്കെല്ലാം. പൊതു ഇടങ്ങളിൽ മാർബിളും ട്രെഡീഷണൽ പ്രിന്റുകളുള്ള ഭാരത് ടൈലുമാണ് വിരിച്ചത്. മസ്റ്റാർഡ് യെല്ലോ, റോയൽ ബ്ലൂ, ബോംബെ റെഡ്, സാപ് ഗ്രീൻ തുടങ്ങി ഇന്ത്യൻ നിറങ്ങളാണ് ചുമരുകൾക്ക്. തടികൊണ്ടാണ് വാതിലും ജനലുമെല്ലാം. ബ്രാസ്സ് ഫിനിഷിലാണ് വിജാഗിരിയും വാതിൽപ്പൂട്ടുകളും.
താരമായി ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ
ഇടുക്കം തോന്നാതിരിക്കാൻ സെമി ഓപ്പൺ ശൈലിയിലാണ് അടുക്കള ഒരുക്കിയത്. ഡൈനിങ്ങിനും അടുക്കളയ്ക്കും ഇടയിലായി വരുന്ന ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ആണ് ഇവിടത്തെ താരം. പ്ലൈവുഡിൽ വെനീർ ഒട്ടിച്ചാണ് ഇതു നിർമിച്ചത്. മുകളിൽ വെള്ളനിറത്തിലുള്ള മാർബിൾ വിരിച്ചു.
വിശാലത തോന്നിക്കുന്ന ഫ്ലൂട്ടഡ് ഗ്ലാസ് കൊണ്ടുള്ള ഷട്ടർ ആണ് ഓവർഹെഡ് കാബിനറ്റുകൾക്ക്. ടോൾയൂണിറ്റിന്റെ ഷട്ടറിന് പേസ്റ്റൽ നിറം നൽകിയത് അടുക്കളയുടെ ഭംഗി കൂട്ടാൻ സഹായിച്ചു. അടുക്കളയ്ക്ക് പിന്നിൽ വർക് ഏരിയയുമുണ്ട്.
മൂന്ന് കിടപ്പുമുറികൾ
ഒന്നാംനിലയിൽ പേരന്റ്സ് ബെഡ്റൂം, രണ്ടാംനിലയിൽ മാസ്റ്റർ ബെഡ്റൂം, കിഡ്സ് ബെഡ്റൂം എന്നിങ്ങനെ മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. പിന്നീട് േവണമെങ്കിൽ മൂന്നാംനിലയിലെ സ്റ്റഡി റൂം കിടപ്പുമുറിയായി മാറ്റിയെടുക്കാം.
സ്ഥലപരിമിതിയുള്ളതിനാൽ 3.80 x 3 മീറ്റർ അളവിലാണ് കിടപ്പുമുറികൾ ഒരുക്കിയത്. അ ധികം വലുപ്പമില്ലെങ്കിലും റീഡിങ് സ്പേസ്, ഡ്രസ്സിങ് സ്പേസ് എന്നിവ എല്ലാ കിടപ്പുമുറികളിലും ഉൾക്കൊള്ളിച്ചു. പേസ്റ്റൽ നിറങ്ങളാണ് കിടപ്പുമുറിയുടെ ചുമരുകൾക്ക്. ഇരുവശത്തുമായി ആവശ്യത്തിനു ജനാലകളും നൽകി.
Area: 2100 sqft Owner: വിഷ്ണു യതീന്ദ്രനാഥ് & കെ. വിദ്യ Location: അടാട്ട്, തൃശൂർ
Design: Axis Gray Architecture, വെണ്ണല, കൊച്ചി Email: info@axisgray.com