Wednesday 28 April 2021 01:08 PM IST

പുറമേക്ക് ട്രെഡീഷനൽ, ഉള്ളിൽ കന്റെം പ്രറി, അറിയാം, മൂന്ന് കോർട് യാർഡുകളുള്ള ഫ്യൂഷൻ വീടിന്റെ വിശേഷങ്ങൾ...

Sunitha Nair

Sr. Subeditor, Vanitha veedu

anoop 1

ട്രെഡീഷനൽ, കന്റെംപ്രറി ശൈലികൾ ഒത്തിണങ്ങിയ വീട് വേണമെന്നതായിരുന്നു തൃശൂർ വലപ്പാടുള്ള മനോജ് പട്ടാലിയുടെയും ബിനോഷയുടെയും ആവശ്യം. പരമ്പരാഗത ശൈലിയിലുള്ള എക്സ്റ്റീരിയറും കന്റെംപ്രറി ശൈലിയിലുള്ള ഇന്റീരിയറും നൽകി ആ ആഗ്രഹം സഫലമാക്കി ആർക്കിടെക്ട് ദമ്പതികളായ അനൂപ് ചന്ദ്രനും മനീഷയും. 

anoop 2

ചരിഞ്ഞ മേൽക്കൂരയാണ്. ട്രസ്സ്  ചെയ്ത് ക്ലേ ടൈൽ വിരിച്ചു. എലിവേഷനിൽ തൂണുകളിൽ ഇറ്റാലിയൻ മാർബിൾ ക്ലാഡ് ചെയ്തു. പുറത്തെ ചുമരുകളിലും മതിലിലും തടിയും ടൈലും ക്ലാഡ് ചെയ്തിട്ടുണ്ട്. പിന്നിലേക്ക് ഇറക്കി വീടു വച്ചിരിക്കുന്നതിനാൽ ലാൻഡ്സ്കേപ്പിങ്ങിന് ഇഷ്ടം പോലെ സ്ഥലം ലഭിച്ചു. ട്രോപ്പിക്കൽ ലാൻഡ്സ്കേപ്പിങ്ങാണ് ഇവിടെ ചെയ്തിരിക്കുന്നത്. 

anoop 4

മൂന്ന് കോർട് യാർഡുകളാണ്  4000 ചതുരശ്രയടിയുള്ള ഈ വീട്ടിലുള്ളത്. കോർട് യാർഡിലാണ് പൂജാമുറി ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്കു കയറുമ്പോൾ തന്നെ ഈയിടം ദൃശ്യമാകും. വീട്ടിനുള്ളിലേക്കു പ്രവേശിക്കുമ്പോൾ വലതു വശത്തായൊരു കോർട് യാർഡുമുണ്ട്. ഈ ഡ്രൈ കോർട് യാർഡിൽ ഊഞ്ഞാലും ആർട്ടിഫിഷ്യൽ ഗ്രാസ്സും നൽകി ഭംഗിയേകി.

anoop 5

ഡൈനിങ് റൂമിൽ നിന്ന് പുറത്തേക്കുള്ള പാഷ്യോയിലും കോർട് യാർഡ് നൽകി. കോർട് യാർഡുകളുടെ സീലിങ്ങിൽ സ്ലാബ് 'കട്ട്' ചെയ്ത് ഇലകളുടെ രൂപം ആലേഖനം ചെയ്തു. സിഎൻ സി കട്ടിങ് ചെയ്ത സ്റ്റീൽ ജാളികൾ വീടിനെ ആകർഷകമാക്കുന്നു.ഇന്റീരിയറിലെ ശ്രദ്ധേയമായ മറ്റൊരു ഘടകം സെമി കാന്റിലിവർ ഗോവണിയാണ്. കോൺക്രീറ്റ് പടികളിൽ തേക്ക് പൊതിഞ്ഞിരിക്കുകയാണ്. ഹാൻഡ് റെയിൽസിന് തടിയും ഗ്ലാസും ഉപയോഗിച്ചു.

anoop 3

ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. രണ്ടു നിലകളെയും തമ്മിൽ കാഴ്ചയാൽ ബന്ധിപ്പിക്കാൻ ഡബിൾ ഹൈറ്റ് സഹായിച്ചു. ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, അടുക്കള, വർക് ഏരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. പ്ലോട്ടിന് ചെറിയ ലെവൽ വ്യത്യാസമുള്ളതിനാൽ കിഡ്സ് ബെഡ് റൂം നാലുപടി താഴ്ത്തിയാണ് നൽകിയത്. പർപ്പിൾ, നീല, വെള്ള എന്നിങ്ങനെ നിറങ്ങളിൽ നീരാടിയാണ് കിഡ്സ് റൂമിന്റെ നിൽപ്പ്.  

anoop 7

സ്റ്റെയറിന്റെ മിഡ് ലാൻഡിങ്ങിൽ സ്റ്റഡി റൂമും ബാൽക്കണിയും നൽകി. രണ്ട് സ്റ്റഡി ടേബിളുകളുമായി നിറപ്പകിട്ടോടെയാണ് വിശാലമായ സ്റ്റഡി എരിയ ഒരുക്കിയത്. മറൈൻ പ്ലൈ വിത് ലാമിനേറ്റ്സ് കൊണ്ടാണ് ഇന്റീരിയർ വർക്കുകൾ ചെയ്തത്. കിച്ചൻ കാബിനറ്റ്‌, വാഡ്രോബ് എന്നിവയുടെ നിർമാണവും ഇതുകൊണ്ടുതന്നെ. വെള്ള-പച്ച കോംബിനേഷനിലാണ് അടുക്കള ഒരുക്കിയത്.

anoop 8

മുകളിലെ നിലയിൽ അപ്പർ ലിവിങ്, ഗെസ്റ്റ് ബെഡ് റൂം എന്നിവയാണുള്ളത്. പൊതു ഇടങ്ങളിലെല്ലാം ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് ഫ്ലോറിങ്. കറുപ്പും ബെയ്ജും നിറങ്ങൾ ഇടകലർത്തി ഫ്ലോറൽ പാറ്റേൺ സൃഷ്ടിച്ചു. മാതാപിതാക്കളുടെ ബെഡ്റൂമിൽ വുഡൻ ഫ്ലോറിങ്ങാണ്.

anoop 6

കാറ്റും വെളിച്ചവും നിറയാൻ വലിയ ഓപനിങ്ങുകളും കോർണർ വിൻഡോയുമാണ് നൽകിയിട്ടുള്ളത്. വാതിലുകൾ എൻഗ്രേവ് ചെയ്ത് ഭംഗിയാക്കി. ഊണുമേശയൊഴിച്ച് ബാക്കി ഫർണിച്ചറെല്ലാം പണിയിച്ചു. റോമൻ ബ്ലൈൻഡ്സാണ് വീടു മുഴുവനും  നൽകിയത്.

കടപ്പാട്:

അനൂപ് ചന്ദ്രൻ - മനീഷ

ആർക്കിടെക്ട് ടീം

അമാക് ആർക്കിടെക്സ്

തൃപ്രയാർ

Ph: 99950 00222

Tags:
  • Vanitha Veedu