Tuesday 30 July 2019 05:13 PM IST : By സുനിത നായർ

ചൂടറിയാതെ ഓടുപാകി, നീണ്ടു നിവർന്ന മുറ്റമൊരുക്കി; പഴമയുടെ പ്രൗഢി വിളിച്ചോതി ഈ വീട്

old-home

കാലചക്രം ഇരുപതു വർഷം പിന്നിലേക്കൊന്നു തിരിച്ചുവിട്ടാൽ കാണുന്ന കാഴ്ച. ജമന്തിയും മുല്ലയും ചെമ്പരത്തിയുമൊക്കെ തലയാട്ടി നിൽക്കുന്ന വീട്ടുമുറ്റം. കെട്ടിയുയർത്തിയ മതിലും ആന പിടിച്ചാലും പോരാത്ത ഗെയ്റ്റുമില്ല. പകരം അരയൊപ്പമുള്ള മതിലും ഗെയ്റ്റും.

ആലുവ ശ്രീമൂലനഗരത്തിലുള്ള ശ്രീവിലാസം എന്ന ഈ വീടിന് പ്രത്യേകതകൾ പലതാണ്. ലിവിങ്, ഡൈനിങ്, നടുമുറ്റം, അടുക്കള, വർക്ഏരിയ, മൂന്നു കിടപ്പുമുറികൾ എന്നീ സൗകര്യങ്ങളുള്ള 1600 സ്ക്വയർഫീറ്റ് വീടിന് 28 ലക്ഷം ചെലവായി. മേനോൻ അസോഷ്യേറ്റ്സിലെ എൻജിനീയർ രാമചന്ദ്ര മേനോനാണ് അനീഷ് ഗോപിക്കും ഭാര്യ അമ്പിളിക്കും വേണ്ടി വേറിട്ട വീടുവഴിയിലൂടെ സഞ്ചരിച്ചത്.

oh-4
oh-9

ഫൗണ്ടേഷൻ മുതൽ വ്യത്യാസം

പുറമേക്കുള്ള ഭിത്തികൾ അതായത് മേൽക്കൂരയുടെ കനം താങ്ങുന്ന ഭിത്തികൾ കരിങ്കല്ല് കൊണ്ടു പണിതു. അതിനു മുകളിലേക്ക് സോളിഡ് സിമന്റ് ബ്ലോക്ക് നൽകി. അതിനും മുകളിൽ തറ മുഴുവൻ പൊതിയുന്ന രീതിയിൽ, കമ്പിയിട്ടാണ് 10 സെമീ കനമുള്ള സ്ലാബ് പണിതത്.

ഈ സ്ലാബ് പവർ ട്രവലിങ് ചെയ്തു. കൈകൊണ്ട് കൊലേരി പിടിക്കുന്നതിനു പകരം മെഷീൻ ഉപയോഗിക്കുന്നതിനാണ് പവർ ട്രവലിങ് എന്നു പറയുന്നത്. ഇത് സ്ലാബിന് കൂടുതൽ കരുത്തും മിനുസവും നൽകുന്നു. കാൽ ചവിട്ടുമ്പോൾ കോൺക്രീറ്റില്‍ താഴാത്ത പരുവമാകുമ്പോഴാണ് പവർ ട്രവലിങ് ചെയ്യുക.

old-home
oh

നിറമുള്ള നിലം

പവർ ട്രവലിങ് ചെയ്യുന്നതിനൊപ്പം തന്നെ കോൺക്രീറ്റിൽ ഇഷ്ടമുള്ള നിറം ചേർക്കാം. എന്നു മാത്രമല്ല, മൊസെയ്ക് ചിപ്സ്, വെള്ളാരംകല്ല്, ഗോലി, പല നിറത്തിലുള്ള പെബിൾസ് തുടങ്ങിയവ വിതറി കൊടുക്കുകയുമാകാം. ഇവ പൊടിഞ്ഞ് ചേരുമ്പോൾ നിലത്തിന് മനോഹരമായ ഡിസൈൻ കൈവരുന്നു. ഇങ്ങനെ ഫ്ലോറിങ് ചെയ്യുമ്പോൾ പെയിന്റിങ് പോലെയുള്ള മറ്റു പണികളുടെ സമയത്ത് കറ പുരളാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.പവർ ട്രവലിങ് ചെയ്ത് ഫ്ലോറിങ് നൽകുന്നതിന് 27 രൂപയേ ചെലവുള്ളൂ.

oh-3
oh-7

ജനലിലും പുതുമ

തടി ഒഴിവാക്കി, ലിന്റൽ ചെയ്യുമ്പോൾ തന്നെ ജനലിന്റെ ഗ്രിൽ കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചു. ജനൽ വാതിലിനു മാത്രം തടികൊണ്ടുള്ള ബീഡിങ് നൽകി. കിടപ്പുമുറികളുടെ വാതിലുകൾ മാത്രം റെഡിമെയ്ഡ് ആണ്. തടിപ്പണി തെങ്ങുകൊണ്ടാണ്. സാമ്പത്തികലാഭവും വനനശീകരണം കുറയ്ക്കാമെന്നതുമാണ് തെങ്ങിന്റെ ഗുണങ്ങൾ.

oh-1
oh-2

ഓടിട്ട വീട്

കോൺക്രീറ്റ് റൂഫിനു പകരം ട്രസ് ചെയ്ത് ഏഴു രൂപ വിലയുള്ള പഴയ ഓടു പാകിയിരിക്കുകയാണ്. ചൂട് കുറയ്ക്കാൻ സീലിങ്ങിൽ ഇരുമ്പ് റാഫ്റ്ററുകൾ നൽകി പ്ലൈവുഡ് ഇട്ടു. മച്ചിലേക്കു കയറുമ്പോൾ ഭാരം താങ്ങണമെന്ന ഉദ്ദേശ്യത്തിലാണ് ജിപ്സം പോലെയുള്ള സാമഗ്രികൾ ഒഴിവാക്കി പ്ലൈവുഡിന് സ്ഥാനം നൽകിയത്.

പുറം ഭിത്തികളെല്ലാം തേക്കാതിരുന്നെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ കൂടി കുറയ്ക്കാൻ സാധിക്കുമായിരുന്നു എന്നാണ് രാമചന്ദ്രമേനോന്റെ അഭിപ്രായം. അതുപോലെ ബാത്റൂമിൽ ടൈലിനു പകരം ഓക്സൈഡ് ആയിരുന്നെങ്കിൽ ചെലവ് കുറച്ചു കൂടി കുറയ്ക്കാമായിരുന്നു.

oh-9
oh-7

വിവരങ്ങൾക്ക് കടപ്പാട്; രാമചന്ദ്രമേനോൻ– 94465 44968

Tags:
  • Architecture