Saturday 10 July 2021 12:32 PM IST

കേരളീയ കാലാവസ്ഥയ്ക്ക് ഇണങ്ങിയ വീട്, എന്നാൽ പക്കാ ട്രെഡീഷനലും അല്ല, ഇത് എസി വേണ്ടാത്ത വീട്

Sunitha Nair

Sr. Subeditor, Vanitha veedu

traditional 1

 പരമ്പരാഗതവും കാലം ചെല്ലുമ്പോൾ പഴമ തോന്നിക്കാത്ത ഡിസൈൻ വേണമെന്ന ആവശ്യവുമായായിരുന്നു കൊച്ചി കാക്കനാട് പള്ളത്തുപടിയിലുള്ള നീലുവും ജയിംസ് ജോസഫും ആർക്കിടെക്‌ടുമാരായ ജിനനെയും ആന്റണിയെയും സമീപിക്കുന്നത്. കേരളീയ കാലാവസ്ഥയ്ക്ക് ഇണങ്ങിയ വീടു വേണമെന്നും എന്നാൽ പക്കാ ട്രെഡീഷനൽ ആകരുതെന്നും നിർദേശിച്ചിരുന്നു. പരമ്പരാഗത ശൈലിക്ക് പ്രാമുഖ്യം നൽകുന്നതോടൊപ്പം ആധുനിക ശൈലി കൂടി സമന്വയിപ്പിച്ചുള്ള ഫ്യൂഷൻ ശൈലിയാണ് വീട് ഡസൈൻ ചെയ്‌തിരിക്കുന്നത്.

traditional 3

വീട്ടുകാർക്ക് എസി ഉപയോഗിക്കാൻ പ്രയാസമുള്ളതു കൊണ്ട് വീടിനുള്ളിൽ ചൂട് കുറയ്ക്കണമെന്നും പറഞ്ഞു. അതു കണക്കിലെടുത്താണ് പോറോതേം കട്ടകൾ കൊണ്ട് വീടു കെട്ടിയത്. ഫ്ലാറ്റായി വാർത്ത് അതിനു മുകളിൽ ട്രസ്സ് ചെയ്ത് ഓടിട്ടു. മാംഗ്ലൂർ ടൈൽ കൊണ്ട് ഇന്നർ, ഔട്ടർ ടൈൽ നൽകിയതോടെ ചൂട് പമ്പ കടന്നു.

traditional

45 സെന്റുള്ള പ്ലോട്ടിന്റെ 23 സെന്റും വീടിനായി ഉപയോഗിച്ചു. 2952 ചതുരശ്രയടിയിലുള്ള ഒരുനില വീട് കിഴക്കഭിമുഖമായാണ്. പ്ലോട്ടിന്റെ തെക്കു ഭാഗത്ത് പ്രധാന വഴിയും കിഴക്കു ഭാഗത്ത് സ്വകാര്യ വഴിയുമുണ്ട്. പ്രധാന നിരത്തിന്റെ തിക്കും തിരക്കും പൊടിപടലങ്ങളും ഒഴിവാക്കാൻ കിഴക്കു ഭാഗത്തുള്ള സ്വകാര്യ വഴിയിലേക്കാണ് വീടിന്റെ പ്രധാന പ്രവേശനം.

traditional 5

വിശാലമായ മുറ്റം തന്തൂർ സ്റ്റോണും പ്രകൃതിദത്ത പുല്ലും ഉപയോഗിച്ചാണ് ഫിനിഷ് ചെയ്തത്.  മഴവെള്ളം ഒഴുകിപ്പോകാതെ ഭൂമിയിലേക്കു താഴുന്നതിനു വേണ്ടി വീടിനു ചുറ്റും മെറ്റൽ ഇട്ടു. പ്രധാനവഴിയിൽനിന്ന് വീട്ടിലേക്ക് എത്തുന്ന ശബ്ദവും പൊടിയും കുറയ്ക്കുന്നതിനു വേണ്ടി പ്ലോട്ടിന്റെ തെക്കുഭാഗത്ത് ഫലവൃക്ഷങ്ങളും പച്ചക്കറിയും നട്ടുവളർത്തുന്നു.

traditional 4

പകൽ വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കിയാണ് പ്ലാൻ തയാറാക്കിയത്. കാറ്റിന്റെ ദിശ മനസ്സിലാക്കി നല്ല കാറ്റു ലഭിക്കുന്ന ഭാഗത്ത് ഓപൻ ഡെക്ക് സ്പേസ് നൽകി. ഊണുമുറിയിൽ നിന്ന് ഇറങ്ങാവുന്ന ഈ ഡെക്ക് ഇപ്പോൾ വീട്ടുകാരുടെ ഇഷ്ട ഇടമാണ്. വീടിനുള്ളിൽ വെളിച്ചവും വായുവും നിറയ്ക്കാൻ കോർട്‌യാർഡും കൊടുത്തിട്ടുണ്ട്. തുറന്നതും വിശാലവുമായ വർക്ഏരിയ ഈ വീടിനെ വേറിട്ടതാക്കുന്നു.

traditional 2

സ്റ്റെയർറൂം ഡബിൾ ഹൈറ്റിൽ കൊടുത്തത് വഴി ‘സ്റ്റാക് ഇഫക്ട്’ (ചൂട് വായു മുകളിലേക്കു പൊങ്ങി പുറത്തേക്കു പോവുന്നു) നൽകാൻ സാധിച്ചു. കോൺക്രീറ്റിൽ തടി പൊതിഞ്ഞു നിർമിച്ച ഗോവണി ചെല്ലുന്നത് ഓപൻ ടെറസ്സിലേക്കും ജിം/ ഗെയിം റൂമിലേക്കുമാണ്. ഇന്റീരിയറിൽ ആഡംബരം വേണ്ട എന്നു വീട്ടുകാർ നിഷ്കർഷിച്ചിരുന്നു. ലിവിങ്– ഡൈനിങ് ഏരിയയിൽ മാത്രം പഴയ മച്ചിന്റെ മാതൃകയിൽ ഫോൾസ് സീലിങ് നൽകി. ജിപ്സം പോലെയുള്ള സാമഗ്രികളോടു വീട്ടുകാർക്കു താൽപര്യമുണ്ടായിരുന്നില്ല. തടിയാണെങ്കിൽ ചെലവു കൂടുതലും! വെനീർ ഫിനിഷുള്ള എംഡിഎഫ് ആണ് ഫോൾസ് സീലിങ്ങിന് ഉപയോഗിച്ചത്.

traditional 6

ഡിസൈൻ: കെ.ജി. ജിനൻ, ആന്റണി ഡയസ്

ജെഎൻ ആർക്കിടെക്‌ട്, എടപ്പാൾ

ar.antonydayes@gmail.com

Tags:
  • Vanitha Veedu