Tuesday 13 April 2021 05:19 PM IST : By സ്വന്തം ലേഖകൻ

നാടൻ എന്നു പറഞ്ഞാൽ തനി നാടൻ, ആത്തംകുടി ടൈലും തടിപ്പണികളും ഹൃദയം കവരും

nadan 1

വീടിനോടും വീടിനോടുമുള്ള സ്നേഹംകൊണ്ട് തൃശൂരുള്ള വീട്ടിൽനിന്ന് എറണാകുളത്തുള്ള ജോലിസ്ഥലത്തേക്കു ദിവസവും പോയിവരിക എന്നു കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടോ? തൃശൂർ കാഞ്ഞാണിക്കടുത്ത് അരിമ്പൂരിൽ താമസിക്കുന്ന മഹേഷ് തനയത്തും ഉമയുമാണ് വീടിനെ ഇത്രയേറെ സ്നേഹിക്കുന്നവർ.

nadan 3

ഗ്രാമത്തിന്റെ നൈസർഗികത നഷ്ടപ്പെടാത്ത സ്ഥലമാണ് അരിമ്പൂർ. അവിടെ പണിയുന്ന വീട് കന്റെംപ്രറിയോ കൊളോണിയലോ ശൈലിയിലായാൽ ചുറ്റുപാടുകളിൽനിന്നു വേറിട്ടു നിൽക്കുമെന്ന് മഹേഷിനും കുടുംബത്തിനും തോന്നി. തറവാടിനോടു ചേർന്നു പണിയുന്ന വീട് പരമ്പരാഗതശൈലിയിൽ വേണമെന്നതിൽ ഡിസൈനർ ശ്രീജിത്തിനും അഭിപ്രായവ്യത്യാസമില്ലായിരുന്നു.

nadan 4

നാലുകെട്ടിന്റെ അളവുകൾ പിൻതുടരുന്ന പ്ലാനാണ് ഈ വീടിന്റേത്. അതുകൊണ്ടാണ് സ്വീകരണമുറി ഉയരം കൂട്ടി നിർമിച്ചതും മുറികൾ ക്രമീകരിച്ചതുമെല്ലാം. മുന്നിലേക്ക് അൽപം നീട്ടിയെടുത്ത പൂമുഖമാണ്. ഇവിടത്തെ, െബഞ്ചിന്റെ ആകൃതിയിൽ നിർമിച്ച ഇരിപ്പിടത്തിൽ ഉച്ചമയക്കവുമാകാം.

nadan 2

സിറ്റ്ഔട്ടിലെ ആത്തംകുടി ടൈൽസ് കാഴ്ചക്കാരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും. ചെട്ടിനാടു നിന്നു വാങ്ങിയ തൂണുകളും തടിസാമഗ്രികളും അകത്തേക്കു കയറുമ്പോൾ കൂടുതൽ കാണാം. തടികൊണ്ടുള്ള പ്രധാനവാതിൽ കടക്കുമ്പോൾ അടിപ്പടി പ്രത്യേകം ശ്രദ്ധയിൽപെടും. കരിങ്കല്ലുകൊണ്ടുള്ള അടിപ്പടി, വാതിലിലേക്കു ചിതൽ ശല്യമുണ്ടാകാതിരിക്കാനും സഹായിക്കും. തടികൊണ്ടുള്ള തൂണുകളുടെ അടിഭാഗം കല്ല് ആയതിനു പിറകിലെ കാരണവും ഇതുതന്നെ.

nadan 7

സ്വീകരണമുറിയുടെ നേരെ എതിർവശത്തെ ചുമരിലാണ് പൂജാഏരിയ ക്രമീകരിച്ചത്. കറുപ്പും വെളുപ്പും ടൈൽകൊണ്ട് ചെട്ടിനാടൻ കൊട്ടാരങ്ങളിലേതുപോലെ ഫ്ലോറിങ് ചെയ്ത സ്വീകരണമുറിയുടെ നിലം കുറച്ച് ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. എല്ലാ ഭിത്തിയിലും തറയിൽനിന്ന് നാലടി ഉയരത്തിൽ സ്കർട്ടിങ് ചെയ്തിട്ടുണ്ട്. ഭിത്തിയിൽ പെട്ടെന്ന് അഴുക്കാകുന്നത് തടയാനും ഭംഗി കൂട്ടാനും ഇതുപകരിക്കും.

nadan 5

ഊണുമുറിയും അടുക്കളയും രണ്ട് കിടപ്പുമുറികളും നടുമുറ്റത്തിന്റെ മൂന്ന് ഭാഗങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. നടുമുറ്റത്ത് കൃത്രിമ മഴ പെയ്യിക്കാം. പരമ്പരാഗതശൈലിയോടു ചേരുന്ന രീതിയിലാണ് കിടപ്പുമുറികൾ ക്രമീകരിച്ചത്. മുകളിലെ നിലയിൽ രണ്ട് കിടപ്പുമുറികളാണ്. ഇതിൽ പ്രധാനകിടപ്പുമുറിയിൽനിന്ന് കോർട്‌യാർഡ് കാണുന്ന വിധത്തിൽ കിളിവാതിലുണ്ട്. തടികൊണ്ടുള്ള ഈ കിളിവാതിൽ പഴയ കൊട്ടാരങ്ങളുടെയും നാലുകെട്ടുകളുടെയുമെല്ലാം ഓർമയുണർത്തും. മുകളിലെ നിലയിൽ ഒരു ബാൽക്കണിയുണ്ട്.

nadan 6

തടി കുറേ സ്ഥലത്ത് ഉപയോഗിച്ചെങ്കിലും മേൽക്കൂരയുടെ ഫ്രെയിം ഇരുമ്പുകൊണ്ടാണ് നിർമിച്ചത്. ട്രെഡീഷനൽ ശൈലിയോടു ചേരുന്ന ഇറക്കുമതി ചെയ്ത ഓടാണ് റൂഫിന്. വാതിലുകളും ജനലുകളും വിളക്കുകളുമെല്ലാം ഓർമകളുടെ ഗന്ധം പേറുന്നവയാണ്. അടുക്കളയുടെ മുകളിൽ യൂട്ടിലിറ്റി ഏരിയയായി ട്രസ്സ് റൂഫ് ചെയ്തിരിക്കുകയാണ്. ഇവിടെ മാത്രം നാടൻ ഓട് ഉപയോഗിച്ചു. വെട്ടുകല്ലുകൊണ്ടു നിർമിക്കുന്ന ഭിത്തികൾക്കിടയിലെ സിമന്റ് പലപ്പോഴും കാഴ്ചയ്ക്ക് അരോചകമാകാറുണ്ട് എന്നതിനാൽ വെട്ടുകല്ല് ക്ലാഡ് ചെയ്യുകയായിരുന്നു ചെയ്തത്. ഭിത്തിയിലെ തള്ളലുകളും മേൽക്കൂരയുടെ സ്വഭാവവുമെല്ലാം പഴയ വീടുകളെ ഓർമിപ്പിക്കും.

nadan 8

ഡിസൈൻ: ശ്രീജിത്ത് മേനോൻ

ശ്രീജിത്ത് മേനോൻ ഡിസൈന്‍സ്

കലൂർ, കൊച്ചി

contact@sreejithmenon.com