പട്ടാമ്പിയിലെ പച്ച വിരിച്ച നെൽപ്പാടങ്ങൾക്കു നടുവിൽ മഞ്ഞിൻതുള്ളി പോലെ മനോഹാരിതയാർന്ന് നീഹാരം. പരമ്പരാഗത ശൈലിയിലുള്ള വീടാണ് വീട്ടുകാർ ആഗ്രഹിച്ചത്. ആ ചുറ്റുപാടിന് ഏറ്റവുമിണങ്ങുന്നതും അതു തന്നെ. വീടിന്റെ രൂപകൽപനയിലെ നാൾവഴികളെക്കുറിച്ച് ആർക്കിടെക്ട് വി. എസ്. വിഷ്ണു മനസ്സു തുറക്കുന്നു.
എന്തായിരുന്നു വീട്ടുകാരുടെ ആവശ്യങ്ങൾ?
പരമ്പരാഗത ശൈലിയിലുള്ള വീടായിരുന്നു അവരുടെ ആഗ്രഹം. തേക്കാത്ത ചുമര് എന്നൊരു ഐഡിയ അവർക്കുണ്ടായിരുന്നില്ല. അങ്ങനെയൊരു ആശയം മുന്നോട്ടു വച്ചപ്പോൾ സമ്മതം മൂളി. അതിൻപ്രകാരം ചെങ്കല്ല് കൊണ്ട് ചുമര് കെട്ടി. എക്സ്റ്റീരിയറും വീടിനുള്ളിൽ പലയിടങ്ങളിലും തേക്കാതെ വിട്ടു. അത് ചെലവു നിയന്ത്രിക്കാൻ സഹായകമായി എന്നതിനൊപ്പം തന്നെ ചൂട് കുറയ്ക്കുകയും ചെയ്യുന്നു.
രൂപകൽപനയിലെ പ്രധാന വെല്ലുവിളി എന്തായിരുന്നു?
ആദ്യത്തെ ആർക്കിടെക്ടിൽ തൃപ്തരല്ലാത്തതിനാൽ പ്ലിന്ത് ലെവൽ കെട്ടിക്കഴിഞ്ഞതിനു ശേഷമാണ് അവർ എന്നെ സമീപിക്കുന്നത്. . അതുകൊണ്ട് അതിനുള്ളിൽ നിന്നുകൊണ്ടുള്ള രൂപകൽപനയ്ക്കാണ് ശ്രമിച്ചത്. പൂമുഖം, വരാന്ത, അടുക്കള തുടങ്ങിയവ അതിൽ ഉൾപ്പെടാത്ത രീതിയിൽ നൽകിയാണ് ആ വെല്ലുവിളി മറികടന്നത്.
നിർമിതിയിലെ മറ്റു പ്രത്യേകതകൾ എന്തൊക്കെയാണ്?
മുകളിൽ മുറികൾ വരുന്നയിടം മാത്രമേ വാർത്തിട്ടൂള്ളൂ. അതായത് ലിവിങ്, പൂമുഖം, വരാന്ത, അടുക്കള, വർക്ഏരിയ തുടങ്ങിയ ഇടങ്ങളൊന്നും വാർത്തിട്ടില്ല. പൂമുഖം, വരാന്ത എന്നിവിടങ്ങളിൽ ട്രസ്സ് ഇട്ട് ഓട് വിരിച്ചു; സീലിങ് ഓടും നൽകി. വാർക്കാത്ത മറ്റു മുറികളിൽ ട്രസ്സ് ഇട്ട് ഓട് വിരിച്ചു. സീലിങ്ങിൽ െഎവറി നിറത്തിലുള്ള സിമന്റ് ബോർഡ് നൽകി. ട്രസ്സിന്റെ റാഫ്റ്ററുകൾക്ക് തടിയുടെ ഫിനിഷ് നൽകി ഡിസൈൻ ആക്കി മാറ്റി.
വലിയ ജനാലകൾ നൽകിയത് ബോധപൂർവമാണോ?
പണ്ട് വീടുകളിൽ ചെറിയ ജനാലകളാണ് നൽകിയിരുന്നത്. അതിനാൽ വീടിനുള്ളിൽ വെളിച്ചം കുറവായിരുന്നു. പ്രകൃതിദത്ത വെളിച്ചം ആവോളം നൽകാനാണ് വലിയ ജനാലകൾ നൽകിയത്. നടുവിൽ ഗ്ലാസ് ഉറപ്പിച്ചു. ഇരുവശങ്ങളിലും തുറക്കാവുന്ന ജനാലകൾ നൽകി. താഴെ തടിയും മുകളിൽ ഗ്ലാസുമായി രണ്ടു പാളികളായി തിരിച്ചാണ് ഈ ജനാലകൾ നൽകിയത്.
കോർട്‌യാർഡിനോടു ചേർന്ന് വലിയ ജനാല നൽകിയിട്ടുണ്ട്. പഴയ ജനാലയുടെ മാതൃകയിലുള്ള അത് പുതിയതായി പ ണിയിച്ചതാണ്. ഒരിഞ്ച് പലകയിൽ സിഎൻസി കട്ടിങ് ചെയ്തെടുക്കുകയായിരുന്നു.
പഴയ സാധനങ്ങൾ എത്ര മാത്രം ഉപയോഗിച്ചിട്ടുണ്ട്?
പഴയ ആന്റിക് ഫർണിച്ചർ ഒട്ടേറെ ഇടങ്ങളിൽ നൽകിയിട്ടുണ്ട്. പുതിയ ഫർണിച്ചറും പണിയിച്ചിട്ടുണ്ട്. വരാന്തയിലും പൂമു ഖത്തും നൽകിയിട്ടുള്ള തൂണുകൾ പാലക്കാട്ടെ ഒരു വീട് പൊളിച്ചപ്പോൾ കിട്ടിയതാണ്. മേൽക്കൂരയിലെ ഓട് പഴയതാണ്. 10 രൂപ നിരക്കിലാണ് ഡബിൾ പാത്തി ഓടുകൾ വാങ്ങിയത്.
തടിയുടെ ഉപയോഗം നന്നായി ഉണ്ടല്ലോ. നനഞ്ഞാൽ പ്രശ്നമല്ലേ?
വീട്ടി, തേക്ക്, മലേഷ്യൻ ഇരൂൾ എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സ്റ്റെയർകെയ്സിന്റെ ഹാൻഡ്റെയിലും പടികളും കരിവാക കൊണ്ടാണ്. ഗ്രെയ്ൻസ് ഉള്ളതു കൊണ്ട് കാഴ്ചയ്ക്കു നല്ല ഭംഗിയാണ്. ഉറപ്പുള്ള തടിയുമാണിത്. പൂമുഖം, കോർട്‌യാർഡ് എന്നിവിടങ്ങളിൽ ബേ വിൻഡോ നൽകിയിട്ടുണ്ട്. നനയാൻ സാധ്യതയുള്ളതിനാൽ കരിമ്പന കൊണ്ടാണ് ബേ വിൻഡോയുടെ ഇരിപ്പിടം പണിതത്. ഈർപ്പത്തെ പ്രതിരോധിക്കാൻ കരിമ്പന നല്ലതാണ്. അങ്ങനെ ഓരോ ഉപയോഗത്തിനും യോജിക്കുന്ന തടി തിരഞ്ഞെടുത്തു.
ഇടനാഴികൾ രണ്ടിടത്ത് കാണാം. അവ നൽകിയതിന് പ്രത്യേക ഉദ്ദേശ്യമുണ്ടോ?
ഷോ കിച്ചൻ, വർക്കിങ് കിച്ചൻ എന്നിങ്ങനെ രണ്ട് അടുക്കളകളുണ്ട്. ഷോ കിച്ചൻ നല്ല വലുപ്പത്തിൽ ഓപ്പൻ ആയാണ് ഡിസൈൻ ചെയ്തത്. രണ്ട് അടുക്കളകൾക്കുമിടയിലായി ഇടനാഴി നൽകിയിട്ടുണ്ട്. വർക്കിങ് കിച്ചനിൽ നിന്നുള്ള പുകയോ ഗന്ധമോ വീട്ടിലേക്ക് വരുന്നില്ല എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന ഗുണം. മാത്രമല്ല അടുക്കളകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിരിക്കാൻ ഒരിടവും കിട്ടുന്നു.
പൂമുഖം, വരാന്ത എന്നിവയ്ക്ക് ഇടയ്ക്കും ഇടനാഴി കൊടുത്തിട്ടുണ്ട്. അവിടെ വാട്ടർബോഡി നൽകി. പൂമുഖം ലിവിങ് ഏരിയ പോലെ പ്രവർത്തിക്കാൻ ഈ ഇടനാഴി സഹായിക്കുന്നു. പൂമുഖം അൽപം തള്ളിവച്ചതു കൊണ്ട് വീടിനു മുന്നിലെ കുളത്തിലും പാടത്തിലും നിന്നുള്ള കാറ്റ് ആവോളം ലഭിക്കുന്നു. അതിനായി പൂമുഖത്തിന്റെ നാലുവശവും തുറന്നിട്ട് ഇടനാഴി കൊടുത്തു.
ലാൻഡ്സ്കേപ്പിങ്ങിൽ എന്താണ് ശ്രദ്ധിച്ചത്?
ചുറ്റുവട്ടത്ത് കിട്ടുന്ന പരിചരണം കുറച്ച് മാത്രം ആവശ്യമുള്ള ചെടികളാണ് ഉപയോഗിച്ചത്. മുന്നിലെ പാടത്ത് നെൽക്കൃഷിയില്ലാത്തപ്പോൾ വളരുന്ന ചേമ്പ് ഇവിടെ നൽകിയിട്ടുണ്ട്. പ്ലൂമേറിയ, ഹെലിക്കോണിയ പോലെയുള്ള ട്രോപ്പിക്കൽ ചെടികള്‍ കൊടുത്തു. പേൾ ഗ്രാസ് ഉപയോഗിച്ചിട്ടുണ്ട്. ഹാർഡ്സ്കേപ്പിന് ബാംഗ്ലൂർ സ്റ്റോണും കോട്ടായുമാണ് ഉപയോഗിച്ചത്.