Wednesday 14 November 2018 04:27 PM IST : By സ്വന്തം ലേഖകൻ

പുഴയോരത്തൊരുങ്ങിയ കേരളീയ ഗരിമ; പാരമ്പര്യ ശൈലിയിലൊരുങ്ങിയ ഈ വീടിന് പകിട്ടേറെ–ചിത്രങ്ങൾ

jm-cover ചിത്രങ്ങൾ: ഹരികൃഷ്ണൻ

കേരളത്തിനു പുറത്തു താമസിക്കുന്നവരാണ് ട്രെഡീഷനൽ കേരള ശൈലിയിലുള്ള വീടുകളുടെ ആരാധകർ. വിദേശമലയാളിയായ ചെറിയാൻ സാമും കുടുംബവും അങ്ങനെത്തന്നെ. ട്രഡീഷനൽ ശൈലിയുള്ള വീട് എന്ന ആവശ്യവുമായാണ് വെൺമണിയിലുള്ള ചെറിയാൻ, ഡിസൈനർ ജോസഫ് മാത്യുവിനെ കാണുന്നത്. പരമ്പരാഗതശൈലിയുടെ സ്പർശമുള്ള ഒരു പ്ലാൻ ആയിരുന്നു ആദ്യം വരച്ചതെങ്കിലും റാന്നിയിൽ ജോസഫ് നിർമിച്ച വീടുകണ്ടപ്പോൾ ചെറിയാന്റെ ആഗ്രഹത്തിനു തീവ്രത കൂടി. ‘കൂടുതൽ കേരളീയത കൊണ്ടുവന്നാലെന്താ?’ എന്ന ചോദ്യം ജോസഫ് മാത്യുവിനും ആവേശം പകർന്നു.

റാന്നിയിലെ വീടുപോലെത്തന്നെ പുഴയോരത്താണ് ഈ പ്ലോട്ടും. പുഴയെ അഭിമുഖീകരിച്ച് വീടുപണിയുന്നതാണ് സൗന്ദര്യം എന്നതിൽ തർക്കമൊന്നുമില്ല. വീടിനു ചുറ്റും വരാന്ത കൊടുത്തതിന്റെ കാരണമിതാണ്. പുഴയോരത്തായതിനാൽ കാറ്റു കൂടും. മഴക്കാലത്ത് അകത്തേക്കു വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. ആ പ്രശ്നം ഒഴിവാക്കാനും വരാന്ത സഹായിക്കും. പുഴ കാണാൻ മുകളിലെ നിലയിൽ രണ്ട് ബാൽക്കണികളും വരച്ചു. വീടിന്റെ മുൻവശത്തേക്കു തുറക്കുന്ന ജനാലകളുടെ എണ്ണവും ഇതേ കാരണത്താൽ കൂടുതലാണ്. പുഴയോരത്തായതിനാൽ മഴക്കാലത്ത് വെള്ളം കയറാതിരിക്കാൻ പ്ലോട്ട് മണ്ണിട്ടു പൊക്കേണ്ടിവന്നു.

തടികൊണ്ടുള്ള തൂണുകളും തൂവാനങ്ങളുമാണ് വീടിന്റെ പ്രധാന സൗന്ദര്യം. നാടൻ ആശാരിമാരുടെ കരവിരുതിന്റെ തെളിവാണിവയെല്ലാം. തൂണുകളും തൂവാനവും വരാന്തയിലെ കഴുക്കോലും പട്ടികയുമെല്ലാം ആഞ്ഞിലി കൊണ്ടാണ്. തടി അറുപ്പിച്ചുകൊണ്ടുവന്ന് കൈ കൊണ്ടു കൊത്തിയെടുത്തതാണ് തൂണിന്റെ ഡിസൈൻ. കരിങ്കല്ലുകൊണ്ട് അടിത്തറ കെട്ടിയതിലാണ് ഓരോ തൂണും ഉറപ്പിച്ചിരിക്കുന്നത്. തൂണിന്റെ തറയിൽ ഈജിപ്ഷ്യൻ ശൈലിയിലുള്ള ചിത്രങ്ങൾ വരച്ച് തൂണുകളുടെ കലാമൂല്യം ഉയർത്തി. തടികൊണ്ടുള്ള 21 തൂണുകളാണ് ഈ വീടിന്റെ വരാന്തയിലും ബാൽക്കണിയിലുമായി തലയുയർത്തി നിൽക്കുന്നത്.

jm-6

അകത്തളത്തിന്റെ അഴക്

പ്രധാനവാതിലും ജനലുകളുമെല്ലാം തേക്കുകൊണ്ട് നിർമിച്ചു. കാഴ്ച കുറയാതിരിക്കാനാണ് തടികൊണ്ടുള്ള വാതിലിനിരുവശവും ഗ്ലാസ് വാതിൽ നിർമിച്ചത്. പ്രധാനവാതിൽ തുറന്നാൽ ലിവിങ് റൂമിലേക്ക്. ഫർണിച്ചർ വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് നിർമിച്ചു. ലിവിങ്– ഫാമിലി ലിവിങ്ങുകൾ ഒരേ ഹാളിന്റെ രണ്ടു വശത്താണ്. ഇവയെ തമ്മിൽ വേർതിരിക്കാൻ ഗോവണി ഉപയോഗിച്ചു. തേക്കുകൊണ്ടു നിർമിച്ച ഗോവണി അകത്തളത്തിന്റെ അഴകാണെന്നു പറയാം. കൈവരിയും പടികളുമെല്ലാം തടിതന്നെ. ഫാമിലി ലിവിങ്ങിൽനിന്ന് മുൻവശത്തെ വരാന്തയിലേക്കു തുറക്കാവുന്ന വാതിലുണ്ട്. ജനലായും വാതിലായും ഇത് ഉപയോഗിക്കാം. ഇതേ രീതിയിലുള്ള വാതിൽ ഊണുമുറിയിൽനിന്നുള്ള സിറ്റ്ഔട്ടിലേക്കുമുണ്ട്.

jm3

പരമ്പരാഗത ശൈലിയിൽ നിർമിക്കുന്ന പല വീടുകളിലും ഫ്ലോറിങ് കല്ലുകടിയായി മാറി നിൽക്കാറുണ്ട്. മിനുസമേറിയ വിട്രിഫൈഡ് ടൈലുകൾ ഇത്തരം അകത്തളങ്ങളോടു യോജിക്കുമെന്നു തോന്നുമെങ്കിലും തടി പാകിയ നിലം കാണുമ്പോൾ ‘ ഇതാണ് ശരിയായ തിരഞ്ഞെടുപ്പ് ’ എന്ന് അഭിപ്രായം മാറ്റുന്നവരാണ് കൂടുതൽ. തടിയുടെ വില എല്ലാവർക്കും താങ്ങാനാകില്ല എന്നതു നേര്. തടിയുടെ ഡിസൈനും ആകൃതിയുമുള്ള ടൈൽ വിരിച്ചാണ് ചെറിയാനും കുടുംബവും ഈ പ്രശ്നം മറികടന്നത്. ഡൈനിങ് ടേബിളും ക്രോക്കറി ഷെൽഫുമെല്ലാം നിർമിക്കാൻ തടിതന്നെ ഉപയോഗിച്ചു. ബാത്റൂമോടു കൂടിയ രണ്ട് കിടപ്പുമുറികളാണ് താഴത്തെ നിലയിൽ.

jm-8

അടുക്കള, വർക്ഏരിയ, സ്റ്റോർ റൂം എന്നീ മുറികളെല്ലാം ഒരുമിച്ചാണ്. വർക്ഏരിയയുടെ ഒരു ഭാഗം അഴികളിട്ട് നിർമിച്ചതിനാൽ, പുഴയിൽനിന്നുള്ള കാറ്റും കാഴ്ചകളും കൂടാതെ, ഗെയ്റ്റിലേക്കൊരു നോട്ടവും കിട്ടും.

രണ്ട് കിടപ്പുമുറികളാണ് മുകളിലെ നിലയിൽ. വീടിനു മുൻവശത്തുള്ള കിടപ്പുമുറിക്ക് ബാൽക്കണി നൽകാൻ, ബാത്റൂമുകൾ പിറകിലേക്കു മാറ്റി. ക്രോസ് വെന്റിലേഷൻ എല്ലാ മുറികളിലും ഉറപ്പാക്കിയിട്ടുണ്ട്. പുഴയും കാറ്റുമെല്ലാമുണ്ടെങ്കിലും ചൂട് എപ്പോൾ വേണമെങ്കിലും ആക്രമിക്കാം എന്ന് സമീപകാലത്തെ കേരളത്തിലെ കാലാവസ്ഥ ശ്രദ്ധിക്കുന്ന ആർക്കുമറിയാം. ഈ സാധ്യത ചിന്തിച്ചാണ് മുകളിലെ നില വാർത്ത് ട്രസ്സിട്ടത്.

jm-4

ബാൽക്കണി എന്ന സ്വപ്നം

മുകളിലെ ഏറ്റവും ആകർഷകമായ ഏരിയ ബാൽക്കണിയാണ്. വായിക്കാനോ വർത്തമാനം പറഞ്ഞിരിക്കാനോ കാറ്റേറ്റ് സ്വപ്നം കണ്ടിരിക്കാനോ... വിശ്രമവേളകൾക്ക് അനുയോജ്യമായ ഇടമാണ് ഈ ബാൽക്കണി. പുഴയിലേക്ക് ഏറ്റവും നല്ല കാഴ്ച കിട്ടുക മുകളിലെ ബാൽക്കണികളിൽനിന്നാണ്. വീട്ടുകാരുടെ സ്വകാര്യത ഹനിക്കുന്ന വിധത്തിൽ മുൻവശത്തോ വീടിനോടു തൊട്ടോ മറ്റു വീടുകളില്ലാത്തതും ബാൽക്കണിയുടെ പ്രസക്തി കൂട്ടുന്നു.

jm-2

വെള്ളം വീഴാൻ സാധ്യതയുള്ള ബാൽക്കണികളിലും വരാന്തയിലുമെല്ലാം മാറ്റ് ഫിനിഷുള്ള ടൈലാണ് വിരിച്ചത്. ടൈലുകളും മറ്റ് നിർമാണസാമഗ്രികളും നാട്ടിൽനിന്നുതന്നെ വാങ്ങിയെങ്കിലും വീടിന്റെ അന്തരീക്ഷത്തോടു യോജിക്കുന്ന വിളക്കുകൾ വീട്ടുകാർ വിദേശത്തുനിന്ന് വാങ്ങുകയായിരുന്നു.

എക്സ്റ്റീരിയറിന്റെ ഭംഗിയിൽ വലിയൊരു പങ്കുവഹിച്ചത് മേൽക്കൂരയാണ്. ലോഹംകൊണ്ടുള്ള ചട്ടക്കൂടിൽ നാടൻ ഓട് അടുക്കിയാണ് മേൽക്കൂര നിർമിച്ചത്. കൂര ഒന്നായി അടുക്കുന്നതിനു പകരം രണ്ടോ മൂന്നോ തട്ടുകളാക്കുന്നത് വീടിന്റെ ഭംഗികൂട്ടാൻ സഹായിക്കും. ഇത് ചെലവ് അൽപം കൂട്ടുമെന്നതു സത്യമാണ്. മുറ്റം മുഴുവൻ ടൈലിട്ട് മഴയും മണ്ണുമായുള്ള ബന്ധം അടച്ചുകളഞ്ഞിട്ടുമില്ല ഇവർ. ചരലും കരിങ്കല്ലും പാകിയ മുറ്റത്ത് കുട്ടികൾ ഓടിക്കളിച്ച് നാടിന്റെ സ്നേഹമറിയുന്നു. ■

jm-1