Wednesday 11 November 2020 02:59 PM IST

മനസ്സിലുള്ളത് നാടൻ വീടാണോ? പാരമ്പര്യത്തനിമയിൽ അകത്തളവും നാല്കെട്ടും. നാടൻ നിർമാണശൈലിയുടെ അലങ്കാരത്തിൽ പുതിയ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

6

തിരക്കുള്ള ഡോക്ടർ ദമ്പതികൾ. വീട്ടിലെത്തുമ്പോൾ സകല തിരക്കുകളെയും അലിയിച്ചു കളയുന്ന ശാന്തമായ അന്തരീക്ഷമാണ് അവർ ആഗ്രഹിച്ചത്. അതിനായി പരമ്പരാഗത ശൈലിയിലുള്ള വീടാണ് ഡോ. പ്രമോദും ഡോ. ലാവണ്യയും തിരഞ്ഞെടുത്തത്.2700 ചതുരശ്രയടിയിൽ നാലുകെട്ടാണ് എൻജിനീയർ രാമചന്ദ്രൻ മേനോൻ ഇവർക്കായി രൂപകൽപന ചെയ്തത്. നടുമുറ്റം വേണമെന്ന് വീട്ടുകാർക്കു നിർബന്ധമായിരുന്നു. പൂർണമായും വാസ്തുനിയമങ്ങൾക്കനുസരിച്ച്, നടുമുറ്റത്തിനു ചുറ്റുമാണ് മുറികൾ ക്രമീകരിച്ചത്.

1

20 സെന്റിലാണ് വീട്. പൂമുഖം പാറയ്ക്കു മുകളിലായാണ് വരുന്നത്. അതിനാൽ പൂമുഖം കാന്റിലിവർ ആയി നൽകി. ബാക്കിയിടങ്ങൾക്ക് സാധാരണ കരിങ്കല്ല് ഫൗണ്ടേഷൻ ആണ്. അടുക്കള മാത്രമേ വാർത്തിട്ടുള്ളൂ. അടുക്കളയ്ക്കു മുകളിൽ വാട്ടർടാങ്ക് വച്ചിട്ടുള്ളതിനാൽ വെള്ളം ഏതെങ്കിലും കാരണവശാൽ തടിയിലേക്കിറങ്ങാനുള്ള സാധ്യത മുൻനിർത്തിയാണിത്. മറ്റിടങ്ങളിൽ പഴയ തടി കൊണ്ടുള്ള മച്ച് നൽകി. പ്രകൃതിയോടിണങ്ങുന്നതിനൊപ്പം വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും ഇതു സഹായിച്ചു. പരമ്പരാഗതമായി മച്ചിന്‍പുറങ്ങളിൽ മരത്തിന് മുകളിൽ ഉപയോഗിച്ചിരുന്ന പ്രത്യേക കുമ്മായക്കൂട്ട് നൽകി. ഇതും ചൂടു കുറയ്ക്കാൻ സഹായിച്ചു.

9

മേൽക്കൂരയിൽ ജിെഎ കൊണ്ട് ട്രസ്സ് ചെയ്ത് മാളയിലെ ഓട്ടു കമ്പനിയിൽ നിന്നു വാങ്ങിയ പഴയ ഓട് വിരിച്ചു. നടുമുറ്റത്തും പൂമുഖത്തും സീലിങ് ടൈൽ നൽകിയിട്ടുണ്ട്. കരിമ്പന കൊണ്ടാണ് ഇവിടെ രണ്ടിടത്തും ഉത്തരം നൽകിയത്.ബ്രസീലിയൻ പിൻകോഡ കൊണ്ടു നിർമിച്ച ജനലുകളും വാതിലുകളും പോളിഷ് ചെയ്യാതെ സ്വാഭാവിക ഭംഗി നിലനിർത്തി. സുരക്ഷയെക്കരുതി ജനലുകൾക്ക് തടിയെന്നു തോന്നിക്കുന്ന ഇരുമ്പ് അഴികൾ നൽകി.

8

അടുക്കളയിലെ കാബിനറ്റുകളും കിടപ്പുമുറിയിലെ വാഡ്രോബുകളും പ്ലൈവുഡ് കൊണ്ടാണ് നിർമിച്ചത്. പ്ലൈവുഡിനു മുകളിൽ വെനീർ നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. പ്ലൈവുഡിൽ സ്വാഭാവികമായി വെനീർ കോട്ടിങ് ഉണ്ടെന്നും വീണ്ടും വെനീർ നൽകേണ്ടതില്ലെന്നുമാണ് രാമചന്ദ്രന്‍ മേനോന്റെ അഭിപ്രായം.

7

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, റീഡിങ് റൂം, അടുക്കള, വർക്ഏരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവ ചേരുന്നതാണ് വീട്. ലിവിങ്ങിൽ നിന്ന് രണ്ടു പടികൾ കയറി വേണം റീഡിങ് റൂമിലേക്കെത്താൻ. ഫാമിലി ലിവിങ്ങിൽ നിന്ന് പുറത്തെ വരാന്തയിലേക്കിറങ്ങാം. വീടിന്റെ ഭംഗിയിലും ഗുണനിലവാരത്തിലും കോൺട്രാക്ടർ വി.കെ. പ്രശാന്തിന്റെ പങ്ക് ചെറുതല്ലെന്ന് വീട്ടുകാർ പറയുന്നു.

3

കടപ്പാട്: രാമചന്ദ്ര മേനോൻ

മേനോൻ അസോഷ്യേറ്റ്സ്, ആലുവ

menondesigns@gmail.com

Tags:
  • Vanitha Veedu