Thursday 18 March 2021 04:04 PM IST

‘40 സെന്റിൽ എവിടെ വീടുവയ്ക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം’:ആർക്കിടെക്ട് ബുദ്ധി: നടുമുറ്റമുള്ള കന്റെംപ്രറി വീട്

Sunitha Nair

Sr. Subeditor, Vanitha veedu

syam new

പച്ചപുതച്ച പാടങ്ങളും പ്രൗഢി തുളുമ്പുന്ന മനകളും ഉള്ള ഗ്രാമീണ അന്തരീക്ഷം. അവിടെ 40 സെന്റോളം ചൂണ്ടിക്കാണിച്ചിട്ട് വീട്ടുകാരൻ വിനീത് ആർക്കിടെക്ട് ശ്യാംരാജിനോട് പറഞ്ഞു: ‘ഇതിൽ എവിടെ വീടു വയ്ക്കണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം.’ ശ്യാംരാജിന്റെ കണ്ണുകളുടക്കിയത് രണ്ടു മാവുകൾക്കിടയ്ക്കുള്ള ഇടത്താണ്. അങ്ങനെയാണ് ദേവധാനി എന്നു വീട്ടുകാർ പേരിട്ട, ‘ഹൗസ് ബിറ്റ്‌വീൻ ദി ട്രീസ്’ എന്ന് ആർക്കിടെക്ട് വിളിക്കുന്ന തൃശൂർ ചേർപ്പിലെ വീട് പിറന്നത്.

syam 7

പാരമ്പര്യത്തനിമ മുറുകെ പിന്തുടരുന്ന അന്തരീക്ഷത്തിൽ തികച്ചും വ്യത്യസ്തമായ ശൈലി അരോചകമായി തോന്നുമെന്നതിനാലാണ് വീടിന് പുറമേക്ക് ട്രെഡീഷനൽ ലുക്ക് നൽകിയത്. ട്രെഡീഷനൽ തീം പിന്തുടർന്നെങ്കിലും പക്കാ ട്രെഡീഷനൽ ശൈലിയിലല്ല ഡിസൈൻ ചെയ്തത്. ട്രോപ്പിക്കൽ കന്റെംപ്രറി ശൈലിയിലാണ് ദേവധാനി ഒരുക്കിയത്. പരമ്പരാഗത ഘടകങ്ങളായ ചരിഞ്ഞ മേൽക്കൂരയും നടുമുറ്റവുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നേർരേഖകളും ആധുനിക വിദ്യകളും നിർമാണസാമഗ്രികളും കൊണ്ടാണ് അവയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

syam 3

ഡൈനിങ്ങിനോടു ചേർന്നാണ് നടുമുറ്റം. എട്ട് എംഎം ടഫൻഡ് ഗ്ലാസ് കൊണ്ടുള്ള യുപിവിസി സ്ലൈഡിങ് വാതിൽ വഴി ഈ നടുമുറ്റത്തുനിന്ന് ഇറങ്ങുന്നത് മറ്റൊരു എക്സ്റ്റീരിയർ യാർഡിലേക്കാണ്. അതായത് ഒരു കോർട്‌യാർഡിന്റെ തുടർച്ചയായി മറ്റൊരു കോർട്‌യാർഡ്. ഒന്ന് അകത്തും മറ്റൊന്ന് പുറത്തും. നടുമുറ്റത്തിന്റെ വാതിൽ തുറന്നിട്ടാൽ വലിയ ഒരു കോർട്‍യാർഡ് ആണ് ദൃശ്യമാവുക എന്നു സാരം. മുകളിൽ ഗ്ലാസ് ഇട്ട ഇന്റേണൽ കോർട്‌യാർഡ് പൂജായിടമായി വർത്തിക്കുന്നു. പഴയ കൽവിളക്ക് ഈ പൂജായിടത്തിന് നാടൻ ഭംഗി നൽകുന്നു.

syam 4

എക്സ്റ്റീരിയർ കോർട്‌യാർഡ് മുകളിൽ അടയ്ക്കാത്തതിനാൽ മഴ പെയ്യുമ്പോൾ വീടിനകത്തിരുന്ന് ആസ്വദിക്കാനാകും. ചുറ്റുമതിൽ ഉയർത്തിയും ഗ്രിൽ ഇട്ടും കോർട്‌യാർഡുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് കോർട്‌യാർഡുകൾക്കിടയിൽ ടെറാക്കോട്ട ജാളി നൽകിയിട്ടുണ്ട്. ചുമര് കെട്ടി അടക്കാതെ രണ്ടിടങ്ങളെ തമ്മിൽ വേർതിരിക്കാനും വായുസഞ്ചാരം ഉറപ്പാക്കാനും ജാളി സഹായിക്കുന്നു. ഒന്നാണെന്ന് തോന്നിക്കും; എന്നാൽ ഒന്നല്ല താനും. അത്തരം ഇടങ്ങളെ വേർതിരിക്കാൻ ജാളികളെയാണ് ഈ വീട്ടിൽ കൂട്ടുപിടിച്ചിരിക്കുന്നത്.

syam 5

ഓപൻ ഡിസൈനാണ് വീടിന്. കിടപ്പുമുറികൾക്ക് മാത്രമേ ചുമരുകളുള്ളൂ. ബാക്കിയിടങ്ങൾ ചെറിയ പാർട്ടീഷൻ വഴിയാണ് വേർതിരിച്ചിരിക്കുന്നത്. പാസേജുകളിലൂടെയാണ് ഓരോ ഇടങ്ങളിലേക്കും പ്രവേശിക്കുന്നത്. പാസേജുകളിൽ സീലിങ് വർക്കും വുഡൻ ഫിനിഷ് ടൈലുകളും നൽകിയിട്ടുണ്ട്. ഇടങ്ങൾക്കെല്ലാം സ്വകാര്യത ഉറപ്പാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പരസ്പരം ഇഴചേർന്നു കിടക്കുകയാണെങ്കിലും ലിവിങ്ങിലിരുന്നാൽ അടുക്കള കാണാത്ത രീതിയിലാണ് ഡിസൈൻ.

syam 2

കാർപോർച്ച് വീടിന്റെ ഭാഗമാണ്; എന്നാൽ ചെറുതായൊന്ന് വിട്ടുമാറിയാണ് നിൽക്കുന്നതെന്ന് പറയാം. കാഴ്ചയിൽ വീടിന് വലുപ്പം കൂടുതൽ തോന്നിക്കാൻ ഇതു സഹായിക്കും. സിറ്റ്ഔട്ടിനും പോർച്ചിനുമിടയ്ക്ക് ചെടികൾ നിറഞ്ഞ ചെറിയ ഗ്രീൻ ഷേഡ് കൊടുത്തിട്ടുണ്ട്. കാരണം, പുറത്തു നിറയെ മരങ്ങളുള്ളപ്പോൾ വീടിന്റെ ഭാഗമായും ചെടികൾ നൽകിയില്ലെങ്കിൽ വീട് വേറിട്ടു നിൽക്കും.

syam 9

ചൂടു കുറയ്ക്കാൻ ടെറസ് ഏരിയ കോൺക്രീറ്റ് ചെയ്ത് ട്രസ്സ് ഇട്ടു. കോൺക്രീറ്റ് ചെയ്തതിനാൽ ട്രസ്സ് അഭംഗിയായി തോന്നില്ല. അങ്ങനെ അകത്തും പുറത്തും പച്ചപ്പിന്റെ തണുപ്പുമായി ദേവധാനി വീട്ടുകാരുടെ ഉള്ളം കുളിർപ്പിക്കുന്നു.

syam81.

syam 10

ശ്യാംരാജ് ചന്ദ്രോത്ത്

വ്യൂപോയിന്റ് ഡിസൈൻസ്, തൃശൂർ arshyamraj@gmail.com

Tags:
  • Vanitha Veedu