ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ രസമുള്ളൊരു കാഴ്ച...
ഒരു ട്രോപ്പിക്കൽ ശാന്തതീരം - അതാണ് ‘സിദ്ര’. വിശദമായി പറഞ്ഞാൽ കോഴിക്കോട് നഗരത്തിലെ പച്ചപ്പിനുള്ളിൽ പ്രതിഷ്ഠിച്ച വീടാണ് ‘സിദ്ര’. സ്വർഗത്തിലെ വൃക്ഷം എന്നാണ് ഇൗ പേരിന്റെ അർഥം. ഇൗ വീട്ടിൽ പ്രകൃതിയും ആർക്കിടെക്ചറും ഒന്നോടൊന്ന് ഇഴുകിച്ചേർന്ന് ഉൗഷ്മളമായ ജീവിതസാഹചര്യങ്ങൾ മെനഞ്ഞെടുത്തിരിക്കുന്നു.
വിഖ്യാതനായ ശ്രീലങ്കൻ ആർക്കിടെക്ട് ജെഫ്രി ബാവാ പറഞ്ഞതുപോലെ, ‘‘ആർക്കിടെക്ചർ എന്നത് മുഴുവനായി വിശദീകരിക്കാനാവില്ല, അത് അനുഭവിച്ചറിയാനുള്ളതാണ്.’’ ഇൗ വാക്കുകളോടെ സ്റ്റുഡിയോ ഡീറ്റെയ്‌ലിലെ ആർക്കിടെക്ട് ഷഹബാസ് താസിം അഹമ്മദ്, സിദ്ര എന്ന തന്റെ പ്രോജക്ടിന്റെ സവിശേഷതകൾ വിശദീകരിച്ചു. മാതാപിതാക്കൾക്കു വേണ്ടിയാണ് ഷഹബാസിന്റെ ഇൗ ഡിസൈൻ. ട്രോപ്പിക്കൽ മോഡേണിസത്തിന്റെ പിതാവായ ജെഫ്രി ബാവായുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 6200 ചതുരശ്രയടിയുള്ള ഇൗ സൗധം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇടങ്ങളുടെ മനോഹരമായ ലയതാള സമന്വയമാണ് സിദ്രയിൽ കാണാനാവുക.
ഗേറ്റ്‌േവയിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തന്നെ, ഗ്രേ സ്റ്റോൺ വെനീറും ശ്രീലങ്കൻ മഡ് പ്ലാസ്റ്ററും ചേർന്ന റസ്റ്റിക് എലിവേഷൻ ഒരു ശിൽപം പോലെ മുന്നിൽ തെളിഞ്ഞുവരും. പുറത്തേക്ക് എത്തിനോക്കുന്ന ബാൽക്കണി, മുന്നിലേക്ക് നീണ്ടുകിടക്കുന്ന പോർച്ച്, തള്ളിനിൽക്കുന്ന വശങ്ങൾ എന്നിവയും അ തോടൊപ്പം മിനിമലിസ്റ്റിക് കമ്പികളും ചരിഞ്ഞ മേൽക്കൂരയും ചേരുമ്പോൾ കേരള ആർക്കിടെക്ചറിന്റെ ഒരു കന്റെംപ്രറി രൂപം ദർശിക്കാനാവും. കാലാവസ്ഥയോട് ഇണങ്ങുന്ന ശൈലിയിൽ സിദ്രയുടെ ഒാരോ ഭാഗത്തും പച്ചപ്പിന്റെ അംശങ്ങൾ നാടകീയത സൃഷ്ടിക്കുന്നതു കാണാം.
അതിരുകളില്ലാത്ത ഇടങ്ങൾ, പച്ചപ്പു നിറയുന്ന വേർതിരിവുകൾ, കൃത്യമായ ഒാപ്പനിങ്ങുകൾ, വിശാലമായ പാഷ്യോകൾ, ഇരട്ടിപ്പൊക്കമുള്ള സീലിങ്ങുകൾ, നിറഞ്ഞുനിൽക്കുന്ന മൂലക ൾ, അർഥവത്തായ കോർട്‌യാർഡുകൾ എന്നിവയെല്ലാം ഇവിടത്തെ ആർക്കിടെക്ചറിന്റെ ഭാഷയാണ്. പ്രത്യേക ആകൃതിയില്ലാത്ത പ്ലോട്ടിനെ പല ലെവലിലുള്ള ഫ്ലോർ പ്ലാനിലൂടെയാണ് ഡിസൈൻ ടീം സവിശേഷ ആകൃതിയിലെത്തിച്ചത്.
പൂമുഖത്തിന് ഇരുവശത്തുമുള്ള ചെറു ജലാശയങ്ങളാണ് വീട്ടിലേക്ക് സ്വാഗതമോതുന്നത്. സിറ്റ്ഒൗട്ടിലെ അഴികളുള്ള സ്ക്രീ നിലൂടെ പൂമുഖത്തേക്ക് എത്തിനോക്കാം. മരത്തിന്റെ അഴികളുള്ള വലിയ വാതിൽ തുറക്കുന്നത് ‘എ’ ഫ്രെയിമിലുള്ള ഇരട്ടിപ്പൊക്കത്തിലുള്ള ഇന്റീരിയറിലേക്കാണ്. ചെടികളാൽ നിറഞ്ഞ ഇവിടം നീളുന്നത് ഗ്രേ നിറമുള്ള ഗാംഭീര്യം തുളുമ്പുന്ന ലിവിങ് ഏരിയയിലേക്കാണ്. പർഗോള ശൈലിയിലുള്ള ഒരു സ്കൈലൈറ്റ് ഒാപ്പനിങ് ഇൗ വിശാലതയിലേക്ക് പ്രകാശം ചൊരിയുന്നു. കൂടാതെ, മരത്തിന്റെ സീലിങ്ങിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വിളക്കുകൾ ഇവിടം ഉൗഷ്മളമായ പ്രകാശത്തിൽ നിറയ്ക്കുന്നു. നേർത്ത ഗ്ലാസ് ഫ്രെയിം വാതിലുകൾ നിരക്കിനീക്കുന്നത് നിഴലും വെളിച്ചവും കളിയാടുന്ന വാട്ടർകോർട്ടിന്റെ സ്വച്ഛതയിലേക്കാണ്.
ട്രോപ്പിക്കൽ ഡിസൈനിനെ ആശ്ലേഷിച്ചു കിടക്കുന്ന ഇന്റീരിയറിന് ഇളംനിറങ്ങളാണ് വ്യക്തിത്വം കൊടുക്കുന്നത്. ബ്രൗൺ, ഗ്രേ, വൈറ്റ്, ബെയ്ജ് എന്നീ ന്യൂട്രൽ നിറങ്ങൾക്കൊപ്പം ഒരു തുണ്ട് നീലയും പച്ചയും മഞ്ഞയുമെല്ലാം ഫാബ്രിക്കിലും അലങ്കാരങ്ങളിലും ചുമരിലെ ഹൈലൈറ്റുകളിലും ഫ്ലോറിലും പെയിന്റിങ്ങുകളിലും അലങ്കാരവിളക്കുകളിലുമെല്ലാം കാണാനാവും.
ലിവിങ് റൂമിൽ നിന്ന് കടക്കുന്ന സ്റ്റെയറിന് നേർത്ത െറയ്‌ലിങ്ങുകളും തടിയുടെ പടികളുമുണ്ട്. അതിനടിയിലെ ഒരു മൂല വർക് സ്പേസ് ആക്കി മാറ്റി നെഗറ്റിവിറ്റിയെ മായിച്ചുകളയുന്നു. ഇവിടെനിന്ന് താഴത്തെ നില രണ്ട് ശാഖകളായി പിരിയുകയാണ്.
നീളൻ ജനലുകളിലൂടെ തുള്ളിച്ചാടുന്ന പ്രകാശമാണ് വടക്കു ഭാഗത്തെ ഡൈനിങ് ഏരിയയെ ശ്രദ്ധേയമാക്കുന്നത്. അടുത്തായി വാഷ്, പൗഡർ റൂമും. മരത്തിന്റെ ഫിനിഷിലുള്ള കിച്ചൻ ഏതൊരു വീട്ടുകാരിയുടെയും സ്വപ്നമായി പ്രതിഫലിക്കുന്നു. ഗ്രേ, വുഡൻ നിറങ്ങളിലുള്ള ബ്രേക്ഫാസ്റ്റ് കാൗണ്ടറുമുണ്ട്.
വോക്ഇൻ വാഡ്രോബ്, സ്റ്റഡി ടേബിൾ, ബാത്റൂം എന്നിവ ഉൾപ്പെടുന്ന ബെഡ്റൂമുകൾക്ക് മൂഡ് ലൈറ്റിങ്ങും അകമ്പടിയായുണ്ട്. വുഡ് ഫിനിഷുകളും ഹെക്സഗൺ പാറ്റേണുള്ള ഭിത്തിയുമാണ് ഒരു ബെഡ്റൂമിന്. ബെയ്ജ് കർട്ടനുകളും ഇലയുടെ മോട്ടിഫുകളും നേർത്ത വുഡൻ ബീമുകളുമായി മാസ്റ്റർ ബെഡ്റൂം പ്രൗഢി ഒട്ടും കുറയ്ക്കുന്നില്ല. പുറത്തെ പ്രകൃതിയിലേക്കു തുറക്കുന്ന ഡെക്കും കൂടി ചേരുമ്പോൾ മാസ്റ്റർ ബെഡ്റൂം റൊമാന്റിക് ആയി മാറുന്നു. ചൂരലും ഹേസൽനട്ട് ഫിനിഷുകളുമാണ് മറ്റൊന്നിന്.
കാല്പനികതയും കാര്യക്ഷമതയും ഒന്നോടൊന്ന് ചേരുന്ന ഡിസൈൻ വൈഭവമാണ് സിദ്ര കാഴ്ചവയ്ക്കുന്നത്.
തയാറാക്കിയത്: ജയകൃഷ്ണൻ രഞ്ജിത്, ചിത്രങ്ങൾ: നാഥാൻ ഫോട്ടോസ്
Area:6200sqft Owner: ഡോ. അഹമ്മദ് & ഡോ. സലീന Location: തൊണ്ടയാട്, കോഴിക്കോട്, Design: സ്റ്റുഡിയോ ഡീറ്റെയ്‌ൽ, കോട്ടൂളി, കോഴിക്കോട് Email: mail@studiodtail.com