Wednesday 24 November 2021 12:39 PM IST

ആദ്യത്തെ വരയിൽ തന്നെ പ്ലാൻ ‘ഓക്കെ’യായ ട്രോപ്പിക്കൽ – ട്രെഡീഷനൽ ഡിസൈൻ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

Shyam Raj4

മൂന്ന് സഹോദരങ്ങളിലെ ഏറ്റവും ഇളയ ആളിനു വേണ്ടിയുള്ള വീട്. മറ്റു രണ്ട് പേരു ടെയും വീട് അതേ കോംപൗണ്ടിൽ തന്നെയുണ്ട്. ഈ സീനിലാണ് ആർക്കിടെക്ട് ശ്യാംരാജിന്റെ എൻട്രി. മറ്റു രണ്ട് വീടുകളും കന്റെംപ്രറി ശൈലിയിലുള്ളതായതിനാൽ ഇതൊന്ന് മാറ്റിപിടിക്കാമെന്ന് ശ്യാംരാജ് വിചാരിച്ചു. അങ്ങനെയാണ് ട്രോപ്പിക്കൽ – ട്രെഡീഷനൽ ഡിസൈനിൽ ഈ വീട് ഉരുത്തിരി‍ഞ്ഞത്.

Shyam Raj1

തൃത്താലയിലെ താജുദ്ദീനാകട്ടെ പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. ആർക്കിടെക്ടിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന താജുദ്ദീൻ ഒരുനില ആക്കിയാലോ എന്നൊരു സാധ്യത ആരാഞ്ഞു. അതു കേട്ടതും പ്ലോട്ട് കണ്ടപ്പോള്‍ അതേ ആശയം തന്നെ തോന്നിയ ശ്യാംരാജ് ഹാപ്പിയായി. താഴേക്കിറങ്ങിയ പ്ലോട്ടാണ് ഇത്. മുകളിൽ നിന്നാണ് കാഴ്ച വരുന്നത്. അതുകൊണ്ടുതന്നെ ഇരുനില വീട് പണിതാൽ കാര്യമില്ല. സ്ലോപിങ് റൂഫിൽ പതിയെപ്പതിയെ കാഴ്ചയിൽ ഉയർന്നു വരുന്ന ലേഔട്ട് ആണ് ആർക്കിടെക്ടിന്റെ മനസ്സിൽ വന്നത്. കാരണം, മുകളിൽനിന്നു നോക്കുമ്പോൾ സ്ലോപിങ് റൂഫിന് ഏരിയ കൂടുതൽ തോന്നും. മറ്റു രണ്ട് വീടുകളും ഇരുനിലയായതിനാൽ അങ്ങനെയും വ്യത്യസ്തത കൈവന്നു. ആദ്യത്തെ വരയിൽ തന്നെ പ്ലാൻ ‘ഒാകെ’യായി എന്ന അദ്ഭുതവും ഈ പ്രോജക്ടിൽ സംഭവിച്ചു.

Shyam Raj3

വീടിനു പിന്നിൽ മനോഹരമായൊരു പാടമാണ്. എല്ലാ വീടുകൾക്കും അധികമൊന്നും കിട്ടാത്ത സൗഭാഗ്യമാണിത്. അതുകൊണ്ടുതന്നെ വീടിന്റെ ഡിസൈനിൽ അത് പരമാവധി ആഘോഷിച്ചിട്ടുണ്ട് ശ്യാംരാജ്. വീട്ടിലേക്കു കയറുമ്പോൾ തന്നെ പാടത്തിന്റെ ഭംഗി കണ്ണിൽ നിറയും.

Shyam Raj7

ഈ പ്ലോട്ടിലാകട്ടെ, ഒരു മരം പോലും ഉണ്ടായിരുന്നില്ല. വീടിനൊപ്പം ചുറ്റുപാടും കൂടി ഡിസൈൻ ചെയ്യുകയായിരുന്നു. അതിന്റെ ഭാഗമായി ഗെയ്റ്റ് മുതൽ ഒരേ ഡിസൈൻ ഘടകങ്ങൾ പിന്തുടരാൻ ശ്രമിച്ചു. ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, കോർട്‌യാർഡ്, മജ്‌ലിസ്, അടുക്കള, നാല് കിടപ്പുമുറികൾ എന്നിവയാണ് 5700 ചതുരശ്രയടിയുള്ള വീട്ടിലുള്ളത്.

Shyam Raj 2

വെട്ടുകല്ല് കൊണ്ടാണ് ചുമരുകൾ. പലയിടങ്ങളിലും ലാറ്ററൈറ്റ് ക്ലാഡിങ് ചെയ്തിട്ടുണ്ട്. സോണിങ് കൃത്യമായി പാലിച്ചാണ് ഡിസൈൻ. പൊതു, സ്വകാര്യ ഇടങ്ങൾ കൃത്യമായി വേർതിരിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിൽ നിന്ന് ഫോയറിലേക്കു കയറിയാൽ ഒരു ഇടനാഴിയാണ്. അതിന്റെ ഏറ്റവും അറ്റത്താണ് കിടപ്പുമുറികൾ വരുന്നത്. അതിനു മുന്നിലായി ഡൈനിങ്ങും അടുക്കളയും വരുന്നു. ഫോയറിൽ നിന്നാൽ പിന്നിലെ പാടം കണ്ണിൽപ്പെടും വിധമാണ് ഡിസൈൻ.

Shyam Raj9

ഊണിടത്തോടു ചേർന്ന് ഇൻഫിനിറ്റി പൂളും നൽകിയിട്ടുണ്ട്. സ്ലൈഡിങ് ഗ്ലാസ് വാതിലിലൂടെയാണ് ഇവിടേക്കിറങ്ങുക. പാടത്തെ കാറ്റ് തടസ്സമില്ലാതെ കിട്ടാൻ കൂടിയാണ് ചുമര് ഒഴിവാക്കി സ്ലൈഡിങ് വാതിലുകൾ നൽകിയത്. മുന്നിൽ ഉയർന്ന സ്ഥലമായതിനാൽ കാറ്റ് കിട്ടാൻ വേറെ മാർഗമൊന്നുമില്ല. പൂളിലെ വെള്ളത്തിൽ തട്ടി കാറ്റ് അകത്തു പ്രവേശിക്കുമ്പോള്‍ അകത്തളത്തിനു നല്ല കുളിർമയാണ്. പൂൾ നൽകുന്ന അധിക ഗുണമാണിത്. ഊണിടത്തോടു ചേർന്ന് പൂഴിക്കല്ല് വിരിച്ച ഇന്റേണൽ കോർട്‌യാർഡുണ്ട്.

Shyam Raj6

സെമി പബ്ലിക് രീതിയിലാണ് ഡൈനിങ്ങും അടുക്കളയും ഒരുക്കിയത്. പാചകം വേറിട്ട വിഭാഗമായിത്തന്നെ ക്രമീകരിച്ചു. സെമി ഓപൻ െഎലൻഡ് കിച്ചനാണ്. കൂടാതെ, വർക്കിങ് കിച്ചനും വർക്ഏരിയയും സ്റ്റോറുമുണ്ട്. അടുക്കളയിൽ നിന്നും പൂളിലേക്കെത്താം.

Shyam Raj 2

കിടപ്പുമുറികൾക്ക് പരമാവധി സ്വകാര്യത വേണമെന്ന ആഗ്രഹം വീട്ടുകാർ പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഡൈനിങ്–കിച്ചൻ ഏരിയ കഴിഞ്ഞ് ഫാമിലി ലിവിങ് നൽകി. അതു കഴിഞ്ഞാൽ മ‍ജ്‌ലിസ് ആണ്. മജ്‌ലിസിന്റെ നാല് ചുറ്റുമായി നാല് കിടപ്പുമുറികൾ നൽകി. ഏറ്റവും അറ്റത്തുള്ള മാസ്റ്റർ ബെഡ്റൂമിൽ നിന്നാൽ പുറത്ത് ഗെയ്റ്റിലെത്തുന്നവരെ കാണാം. ഇതും വീട്ടുകാരുടെ ആവശ്യമായിരുന്നു. കിടപ്പുമുറികളിൽ ഡ്രസ്സിങ് ഏരിയയും ടോയ്‌ലറ്റും ഒന്നിച്ചു നൽകി. വെറ്റ് ഏരിയക്കു മാത്രമേ പാർട്ടീഷൻ ഉള്ളൂ. ഒരു ചുമര് ലാഭിക്കാനായെന്നു മാത്രമല്ല, മുറിക്ക് വലുപ്പവും ലഭിച്ചു. കിടപ്പുമുറികൾക്കും ടോയ്‌ലറ്റിനുമെല്ലാം ഒരേ ടൈലാണ് നൽകിയത്.

Shyam Raj5

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയർ ഡിസൈനേഴ്സിന്റെ 2019ലെ ഡിസൈൻ എക്സലൻസ് അവാർഡ് ഫോർ ‘യങ് പ്രാക്ടീസ് ഓഫ് ദ ഇയർ’ സൗത്ത് സോൺ റണ്ണർ അപ് ആയിരുന്നു ഈ പ്രോജക്ട്. ചിത്രങ്ങൾ:കെ.മിഥുൽ, ആർക്കിടെക്ട്

Tags:
  • Vanitha Veedu
  • Architecture