Wednesday 01 December 2021 12:13 PM IST : By സ്വന്തം ലേഖകൻ

മഴുക്കീറിലെ മിടുക്കന് ഇതാ ഒരു മിടുമിടുക്കൻ അനിയൻ

suuare arc 2
ഒരേ പ്ലോട്ടിൽ സഹോദരന്മാർക്കു വേണ്ടി പണിത വീടുകൾ

2016 ഒക്ടോബറിലെ വനിത വീട് മാസികയിൽ പ്രസിദ്ധീകരിച്ച ഒരു വീടിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു - ‘മഴുക്കീറിലെ മിടുക്കൻ’. ഇപ്പോഴിതാ ആ മിടുക്കന് ഒരു അനിയൻ പിറന്നിരിക്കുന്നു. അതേ പ്ലോട്ടിൽ, അതിലും തലെയടുപ്പുള്ള ഒരു മിടുമിടുക്കൻ. അതേ ഡിസൈനർ തന്നെയാണ് പുതിയ വീടിന്റെയും ശിൽപി.

suuare arc 18
വനിത വീട് 2016 ൽ പ്രസിദ്ധീകരിച്ച ലേഖനം

ചെങ്ങന്നൂരിനടുത്ത് മഴുക്കീറിലെ നെടുങ്ങാട്ടേത്ത് വീട്ടിൽ ബിനുമോനും ലിറ്റിക്കും വേണ്ടിയാണ് സ്ക്വയർ ആർക് ഡിസൈനിലെ ജയറാം പ്രകാശ്, ആഷിഖ് ഖാൻ, റിതിൻ ജോയ് എന്നിവർ ചേർന്ന് ആദ്യം വീടൊരുക്കിയത്. ബിനുവിന്റെ സഹോദരൻ ഷൈനുവിനും ഭാര്യ ലിൻസിക്കും വേണ്ടിയുള്ളതാണ് പുതിയ വീട്. ലിറ്റിയും ലിൻസിയും സഹോദരിമാരാണ് എന്നൊരു പ്രത്യേകതയുമുണ്ട്.

suuare arc 19
വനിത വീട് 2016 ൽ പ്രസിദ്ധീകരിച്ച ലേഖനം

കുടുംബ സ്ഥലത്ത് ആദ്യ വീട് പണിയുമ്പോൾ രണ്ടാമതൊരു വീടു കൂടി നിർമിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നതേയില്ല. യാദൃച്ഛികമായാണ് ഇവിടെത്തന്നെ വീടു പണിതാലോ എന്ന ചിന്ത വരുന്നത്. അതേ ഡിസൈൻ ടീമിനെത്തന്നെ ഏൽപ്പിക്കാൻ മാത്രം രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.

suuare arc 1
പുതിയതായി നിർമിച്ച വീടിന്റെ എക്സ്റ്റീരിയർ

നേരെചൊവ്വേയുള്ള ആകൃതിയിലല്ല സ്ഥലം എന്നതായിരുന്നു ഡിസൈൻ ടീമിന്റെ പ്രധാന വെല്ലുവിളി. വഴിയിൽ നിന്നു നോക്കിയാൻ രണ്ടു വീടും കാണാൻ കഴിയണം. രണ്ടിനും ഒരേ പ്രാധാന്യം കിട്ടുകയും വേണം. ഇതു മുന്നിൽക്കണ്ടായിരുന്നു രൂപകൽപന.

suuare arc 10
സിറ്റ്ഔട്ടിനോട് ചേർന്ന ഭാഗം

25 സെന്റാണ് ഉണ്ടായിരുന്നത്. രണ്ടുവീടുകൾക്കും ഇടയിൽ കാര്യമായി സ്ഥലം ഒഴിച്ചിടാൻ സാധിക്കില്ല. അതിനാൽ, രണ്ടു വീടുകൾക്കും ആവശ്യത്തിനു സ്വകാര്യത ലഭിക്കും വിധം പുതിയ വീടിന്റെ മുറികൾ ക്രമീകരിച്ചു. കാറ്റ്, സൂര്യപ്രകാശം എന്നിവയ്ക്കും തടസ്സമുണ്ടാകാതിരിക്കാൻ മുൻകരുതലെടുത്തു.

suuare arc 14
ലിവിങ് ഡൈനിങ് ഏരിയ

സിറ്റ്ഒൗട്ടുകൾ മാത്രം മുഖാമുഖം വരുംവിധമാണ് ആവശ്യത്തിനു സ്വകാര്യത ലഭിക്കത്തക്ക രീതിയിലാണ് ഡിസൈൻ. ലിവിങ് ഏരിയ, കിടപ്പുമുറികൾ എന്നിവയ്ക്കെല്ലാം സ്ഥാനം കണ്ടത്.

suuare arc 6
വെളിച്ചം കടക്കാനായി ചുമരിൽ വെർട്ടിക്കൽ പർഗോള

ഒരേ പ്ലോട്ടിലാണെങ്കിലും രണ്ടു വീടുകൾക്കും തനതായ വ്യക്തിത്വം വേണമെന്ന് ഡിസൈൻ ടീമിന് നിർബന്ധമുണ്ടായിരുന്നു. മേൽക്കൂര തന്നെ ഒഴുകിയിറങ്ങി ചുമരാകുന്ന തരത്തിലുള്ള ഫ്ലൂയിഡ് ഡിസൈൻ ആയിരുന്നു ആദ്യ വീടിന്റെ ഹൈലൈറ്റ്. കന്റെംപ്രറി- വിക്ടോറിയൻ ശൈലികൾ സമം ചേർത്ത പകിട്ടുള്ള എക്സ്റ്റീരിയർ ഡിസൈൻ ആണ് പുതിയ വീടിന്.

suuare arc 12
ഡൈനിങ് സ്പേസ്

രണ്ടും വീടും അടുത്തായതിനാൽ ഉള്ളിൽ ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കാനായി ലിവിങ് സ്പേസിലെ ചുമരിൽ ആ വെർട്ടിക്കൽ പർഗോളകളും മേൽക്കൂരയിൽ സ്കൈലൈറ്റ് ഓപനിങ്ങും നൽകി. ഡബിൾഹൈറ്റിലാണ് ലിവിങ് സ്പേസ്.

suuare arc 20
ഷൈനുവും ലിൻസിയും മക്കളോടൊപ്പം

വഴിയിൽനിന്നു നോക്കുമ്പോൾ പുതിയ വീടിന് ശ്രദ്ധ കിട്ടുമോ എന്നൊരു ആശങ്ക തുടക്കത്തിൽ വീട്ടുകാർക്കുണ്ടായിരുന്നു. സ്ട്രക്ചർ പൂർത്തിയാതോടെ അതു മാറി. സൗന്ദര്യത്തിലും സൗകര്യത്തിലും രണ്ടു വീടും ഒപ്പത്തിനൊപ്പം. സന്തോഷിക്കാൻ ഇതിൽക്കൂടുതലെന്തു വേണം.

suuare arc 21
ബിനുമോനും ലിറ്റിയും മക്കളോടൊപ്പം

ഡിസൈൻ: സ്ക്വയർ ആർക് കൺസ്ട്രക്‌ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അടൂർ, e mail - getsquarearc@gmail.com Contact- 99464 60120

Tags:
  • Vanitha Veedu
  • Architecture