Wednesday 05 May 2021 04:15 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്ത ഡിസൈൻ അന്വേഷിക്കുന്നവർക്ക് മാതൃകയാക്കാം, ചൂടിന് പ്രവേശനമില്ലാത്ത വീട്

rakesh 1

പ്രവാസികളായ പ്രകാശും ഷൈബയും പുനലൂർ ചുടുകട്ടയിലുള്ള സ്ഥലത്ത് വീടുവയ്ക്കാൻ തിരഞ്ഞെടുത്തത് ആർക്കിടെക്ട് രാകേഷ് കാക്കോത്തിനെയാണ്. വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ വിശദമായ ഒരു കത്തിലൂടെ പ്രകാശും ഷൈബയും രാകേഷുമായി പങ്കുവച്ചു. നാട്ടിലെ കാലാവസ്ഥയോടും ജനിച്ചുവളർന്ന സാഹചര്യങ്ങളോടും ഇഴചേർന്നുനിൽക്കുന്നതാകണം വീട് എന്നതായിരുന്നു കത്തിലെ പ്രധാന ഉള്ളടക്കം. സുഹൃദ്സംഗമങ്ങൾക്കുള്ള ഇടങ്ങളുള്ളതാവണം വീട് എന്നും അവർ ആഗ്രഹിച്ചിരുന്നു. പ്രകാശിന്റെയും ഷൈബയുടെയും സ്വപ്നസാക്ഷാൽകാരമാണ് ‘അഗാപ്പെ’.

rakesh 5

പരമ്പരാഗത വീടുകളുടെ ഡിസൈൻ അതേപടി പകർത്തുകയല്ല രാകേഷ് ചെയ്തത്. പകരം നിർമാണസാമഗ്രികൾ, നിർമാണരീതി ഇതെല്ലാം പരമ്പരാഗത ശൈലിയിൽനിന്ന് സ്വീകരിച്ച് വീട്ടുകാരുടെ മോഡേൺ ജീവിതരീതിയോടു യോജിക്കുന്ന വിധത്തിൽ വീട് ഡിസൈൻ ചെയ്തു. ഒരേക്കർ വിസ്തൃതിയുള്ള റബർ തോട്ടമാണ് പ്ലോട്ട്. റോഡിൽനിന്ന് പതിയെ താഴേക്ക് ചരിഞ്ഞിറങ്ങുന്ന പ്ലോട്ടിന്റെ നടുവിലുള്ള ഭാഗം നിരപ്പായിരുന്നു. ഇവിടെ വീടിനു സ്ഥാനം കണ്ടെത്തി. വളരെക്കുറച്ചുമാത്രം മരങ്ങളേ വെട്ടി മാറ്റിയുള്ളൂ. അതുകൊണ്ടുതന്നെ പച്ചപ്പിനുള്ളിലാണ് വീട്.

rakesh 3

വീടുകളുടെ സ്ഥിരം ശൈലി പ്രതീക്ഷിച്ചുചെല്ലുന്നവരെ അന്ധാളിപ്പിക്കുന്ന എക്സ്റ്റീരിയറാണ് ഈ വീടിന്റേത്. മുന്നിലേക്കു ചരിഞ്ഞ്, ഓടിട്ട മേൽക്കൂരയും മെറ്റൽ പൈപ്പുകൊണ്ടുള്ള അഴികളും സാമ്പ്രദായിക വീട് സങ്കൽപത്തിനു പുറത്താണ്. വീടിന്റെ പുറം ഭിത്തിയിൽനിന്ന് 3.8 മീറ്റർ പുറത്തേക്കു തള്ളിനിൽക്കുന്ന മേൽക്കൂരയാണ് ഈ വീടിന്റെ പ്രധാന പ്രത്യേകത. കേരളത്തിൽ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നായ പുനലൂരിലെ കാലാവസ്ഥയെ മെരുക്കാനാണ് അത്തരമൊരു ഡിസൈൻ തിരഞ്ഞെടുത്തത്. മഴ അകത്തേക്കു വരാതിരിക്കാനും ഈ മേൽക്കൂര സഹായിക്കും.

rakesh 2

മേൽക്കൂര അധികം തന്ന, വീടിന്റെ മുന്നിലും പിറകിലുമുള്ള ഈ സ്ഥലം വരാന്തയായി പ്രയോജനപ്പെടുത്തി. ഗൃഹാതുരതയുണർത്തുന്ന ഘടകം കൂടിയാണല്ലോ വരാന്ത! ചൂട് അകത്തെത്താതെ തടയുന്നതിലും ഈ വരാന്തയ്ക്കു പങ്കുണ്ട്. കുടുംബസംഗമങ്ങൾക്കും കുട്ടികൾക്കു കളിക്കാനുമെല്ലാം ഒരിടം വേണമെന്ന പ്രകാശിന്റെയും ഷൈബയുടെയും ആവശ്യം നിറവേറ്റാനും വരാന്ത ഉപകരിച്ചു. വീടിന്റെ മുൻവശത്തെ വരാന്ത മുഴുവൻ ഗ്രിൽ ഇട്ടു മറച്ചപ്പോൾ പിന്നിലെ വരാന്തയിൽ അരപ്പൊക്കത്തിലേ ഗ്രിൽ ഉള്ളൂ. വരാന്തകൾ ഡബിൾഹൈറ്റിൽ ക്രമീകരിച്ചത് വീടിന് തലപ്പൊക്കം കൂടുതൽ തോന്നിക്കാൻ സഹായിക്കുന്നുണ്ട്.

rakesh 4

പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ തമ്മിലുള്ള ബന്ധം മുറിയാത്ത വിധത്തിൽ, പരസ്പരം തുറന്നാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ് റൂമുകൾക്ക് ഡബിൾ‍ഹൈറ്റ് നൽകിയിട്ടുണ്ട്. ഡൈനിങ്ങിൽനിന്നും ലിവിങ്ങിൽനിന്നും വരാന്തയിലേക്കു തുറക്കുന്ന വലിയ വാതായനങ്ങളുണ്ട്. വരാന്തകളെ ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയുടെ ഭാഗമാക്കി മാറ്റാൻ ഇതുവഴി സാധിച്ചു.

കിടപ്പുമുറികൾ കൂടുതൽ സ്വകാര്യത കിട്ടുന്ന രീതിയിൽ ക്രമീകരിച്ചു. കിടപ്പുമുറിയോടു ചേർന്ന ബാൽക്കണികൾ വരാന്തയിലേക്കു തുറക്കുന്ന രീതിയിലാ‍യതിനാൽ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടുന്നുമില്ല.ഫ്ലെയിംഡ് ഗ്രാനൈറ്റ്കൊണ്ടാണ് വരാന്തയിലെ ഫ്ലോറിങ്. ഫ്ലോറിങ്ങിനെ മുറിച്ചുകൊണ്ട് വരാന്തയിൽ ഇടയ്ക്കിടെ ഓരോ ചെറിയ കോർട്‌യാർഡും കൊടുത്തു. ഡൈനിങ് ഏരിയയോടു ചേർന്നും ഒരു കോർട്‌യാർഡ് ഉണ്ട്. ഇതിലൂടെയാണ് മുകളിലേക്കുള്ള ഗോവണി. തടിയും ലോഹവും തമ്മിലുള്ള കൂട്ടുകെട്ട് ഇവിടെയും ഉപയോഗിച്ചിരിക്കുന്നു. താഴെയും മുകളിലും രണ്ട് വീതം കിടപ്പുമുറികളാണ്. കാറ്റും വെളിച്ചവും നന്നായി കയറിയിറങ്ങുന്നതാണ് കിടപ്പുമുറികളെല്ലാം.

rakesh 6

അനുയോജ്യമായ ഫാബ്രിക്കിന്റെയും ലാംപ്ഷേഡുകളുടെയും ഉപയോഗം അനാർഭാടമായിത്തന്നെ വീടിന്റെ മാറ്റുകൂട്ടുന്നു. ഭാര്യയും ഹോംസ്റ്റൈലിസ്റ്റുമായ വർഷ രാകേഷിനാണ് ഇന്റീരിയറിന്റെ ക്രെഡിറ്റ് മുഴുവൻ. വീടിന്റെ റസ്റ്റിക് സ്വഭാവത്തോടു ചേരാത്ത ഒന്നും അകത്തളത്തിലില്ല. പോംപോം അരികുള്ള, ചെറിയ പ്രിന്റുള്ള ലിനൻ കർട്ടനാണ് മുറികൾക്ക് നിറം നൽകുന്നത്. മുറ്റമടച്ച് ടൈലിടുന്ന രീതിയും ഇവിടെ ഇല്ല. കരിങ്കൽകഷണങ്ങൾക്കിടയിൽ തലപൊക്കുന്ന പുൽനാമ്പുകൾ മുറ്റത്തിന് അഴകല്ല എന്ന് വീട്ടുകാർക്കു തോന്നിയിട്ടില്ല.വീടിനോടു ചേരുന്ന രീതിയിൽതന്നെയാണ് വീട്ടിലേക്കുള്ള വഴിയും. റബർ തോട്ടത്തിനിടയിലൂടെയുള്ള ഇഷ്ടിക പാകിയ ഒറ്റവഴി പഴയ നടവഴികളുടെ പുതുപതിപ്പാണ്. 

‍ഡിസൈൻ: രാകേഷ് കാക്കോത്ത്

സ്റ്റുഡിയോ ഐസിസ്, കൊച്ചി

acis.team5@gmail.com

Tags:
  • Vanitha Veedu