Saturday 26 March 2022 03:01 PM IST : By സ്വന്തം ലേഖകൻ

ആ വീടിനെ കൈവിടേണ്ടിവന്നു... ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല എന്ന വേദനയോടെ

afrin 2

ഏറ്റവും മനോഹരമായ ഓർമകൾ സമ്മാനിച്ച തറവാട് പൊളിച്ചുപണിത അനുഭവം പങ്കുവയ്ക്കുന്നു ആർക്കിടെക്ട് അഫ്രിൻ സുൽത്താന

‘‘എന്റെ തറവാട്... കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമകൾ സമ്മാനിച്ചയിടം. ഇന്നലെകളുടെ നൂറായിരം കഥകൾ പറയാനുണ്ട് അരൂക്കുറ്റിയിലെ പൂമത്ത് തറവാടിന്. “പൂമുഖത്ത്” എന്ന പേര് “പൂമത്ത്” ആയ കഥ മുതൽ അറയും നിരയും നീന്തൽകുളങ്ങളും പ്ലാവും മാവും മുല്ലയും എല്ലാം ചുറ്റി നിന്നിരുന്ന യൗവ്വനകാലത്തിൽ നിന്നും കുളങ്ങളും മരങ്ങളും ഇല്ലാതായ ഏച്ചുകെട്ടലുകൾ മുഴച്ചു നിന്ന വാർധക്യകാലത്തിന്റെ വേദനകൾ വരെ.

afrin 3 പുതിയ വീടിന്റെ എക്സ്റ്റീരിയർ

ആർക്കിടെക്ചർ അവസാന വർഷ വിദ്യാർഥിയായിരിക്കുമ്പോഴാണ് ആ വീട് പൊളിച്ചു പണിയണം എന്ന ആവശ്യവുമായി അമ്മാവൻ ഷാജിർഖാൻ സമീപിച്ചത്. പഴമയും അതിന്റെ ഓർമകളും ഒരുപാട് ഇഷ്ടപ്പെടുന്ന പെൺകുട്ടിയായതിനാലാകാം ആ വീട് പൊളിക്കുക എന്നത് എനിക്ക് ചിന്തിക്കാനാകുമായിരുയില്ല. ‘പുതുക്കി പണിയാം’ എന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ, വീടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും അപ്പോഴേക്കും നശിച്ചിരുന്നു. ഒരു വീണ്ടെടുക്കൽ സാധ്യമാകാത്ത തരത്തിൽ. പഴയവീട് പൊളിച്ചു പുതിയത് പണിയാം എന്ന തീരുമാനത്തോട് അങ്ങനെ എനിക്കും യോജിക്കേണ്ടി വന്നു; നഷ്ടപ്പെടുന്നത് ഇനിയൊരിക്കലും തിരിച്ചെടുക്കാനാവില്ല എന്ന തിരിച്ചറിവിന്റെ വേദനയോടെ.

afrin 4 പഴയ തടി പുനരുപയോഗിച്ചിരിക്കുന്നു

80 വർഷത്തിലധികം പഴക്കമുള്ള വീടായിരുന്നു എങ്കിലും തടികൾക്കെല്ലാം നല്ല ഉറപ്പുണ്ടായിരുന്നു. അറയുടെയും നിരയുടെയും തടി നല്ല കാതലുള്ള തേക്കിന്റേതായിരുന്നു. ഇതെല്ലാം പരമാവധി പുനരുപയോഗിച്ചു വീടു പണിയാനായിരു തീരുമാനം.

afrin 9 സ്വീകരണമുറിയും ഡൈനിങ് സ്പേസും

ആദ്യത്തെ പ്രോജക്ട് ആയതിനാൽ ഒറ്റയ്ക്ക് ഏറ്റെടുക്കാൻ ധൈര്യം പോരായിരുന്നു. അടുത്ത സുഹൃത്തും സീനിയറുമായ ആർക്കിടെക്ട് ഷാഹിന്റെ സഹായം തേടി. ‘നമുക്ക് ഒരുമിച്ച് ഈ പ്രോജക്ട് ചെയ്യാം, കാര്യങ്ങൾ പഠിക്കാനുള്ള ഒരു സുവർണാവസരം ആകുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു. പ്ലാൻ, ഡിസൈൻ... എല്ലാത്തിന്റെയും ജോലികൾ പിന്നെ പെട്ടെന്നായിരുന്നു.

afrin 5 സ്വീകരണമുറി

വീതംവെച്ചു കിട്ടിയ അഞ്ച് സെന്റിൽ 2000 ചതുരശ്രയടിയിൽ താഴെ വലുപ്പമുള്ള ഒരു വീട്. ചെലവ് 40 ലക്ഷം കടക്കാൻ പാടില്ല. ഇതായിരുന്നു അമ്മാമന്റെ ആവശ്യം. അഞ്ച് കിടപ്പുമുറികൾ വേണം, പഴയ വീടിന്റെ ഓർമകൾ പോകാത്ത തരത്തിലായിരിക്കണം വീടിന്റെ ഡിസൈൻ, കൃഷി ചെയ്യാൻ സ്ഥലം വേണം ഇതൊക്കെ ആയിരുന്നു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ആവശ്യങ്ങൾ. കാറ്റും വെളിച്ചവും കയറുന്ന രീതിയിലാകണം മുറികൾ, ചെറുതെങ്കിലും മനോഹരവും സൗകര്യവുമുള്ള അടുക്കളയാവണം... ഇതൊക്കെയായിരുന്നു ഗൃഹനാഥ സ്വപ്നയുടെ ആവശ്യങ്ങൾ.

ഇതെല്ലാം നിറവേറ്റിക്കൊണ്ടാണ് 1800 ചതുരശ്രയടി വലുപ്പമുള്ള ഇരുനിലവീട് ഒരുക്കിയത്. സ്വീകരണ മുറി, ഊണുമുറി, കോർട്‌യാർഡ്, അടുക്കള, രണ്ട് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഫോയറും മൂന്ന് കിടപ്പുമുറികളും മുകളിലെ നിലയിൽ വരുന്നു.

മെയിൻ റോഡിനോടു ചേർന്നുള്ള ചെറിയ പ്ലോട്ട് ആയതിനാൽ പരമാവധി തുറസായ ഇടങ്ങൾ നൽകിയും എന്നാൽ സ്വകാര്യതക്ക് ഒരു ഭംഗവും വരാത്ത രീതിയിലുമാണ് ആണ് വീടിന്റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. വിശാലത തോന്നാനായി വിശ്രമ മുറി ഡബിൾഹൈറ്റ് രീതിയിലൊരുക്കി. വീടിനുള്ളിലെത്തിയാല്‍ കോർട്‌യാർഡിലെ പച്ചപ്പിലേക്കാണ് ആദ്യം കണ്ണെത്തുക. വീടിന്റെ വശം ചേർന്ന് ‘L’ ആകൃതിയിലാണ് കോർട്‌യാർഡ്. ഒരുഭാഗത്ത് മഴവെള്ളം വീഴുകയും മറുഭാഗത്തിരുന്ന് ആ കാഴ്ച ആസ്വദിക്കുകയും ചെയ്യാനാകും വിധമാണ് ഇതിന്റെ ഡിസൈൻ. ഇവിടെയാണ് വാഷ്ബേസിന്റെ സ്ഥാനം. ഡൈനിങ് മുറിയിൽ നിന്നും കോർട്‌യാർഡിലേക്ക് മനോഹരമായ കാഴ്ച ഒരുക്കിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ ജനലുകളും കോർട്‌യാർഡിലേക്കാണ് തുറക്കുന്നത്.

afrin 6 അടുക്കള

ഭക്ഷണ മുറിയിൽ തന്നെയാണ് ടിവി യൂണിറ്റ്. ഊണുമേശയും കസേരയും ബെഞ്ചുമെല്ലാം പഴയ വീടിൻറെ തടികൊണ്ട് നിർമിച്ചു. ഒതുക്കമുള്ള രീതിയിലാണ് അടുക്കള. സാധനങ്ങൾ ഒന്നും തന്നെ അലങ്കോലപ്പെടാതെ ഒതുക്കി വെക്കാൻ ആവശ്യമായ കബോർഡുകൾ കൊടുത്തിട്ടുണ്ട്.

afrin 8 സ്റ്റെയർകെയ്സ്

വീടിന്റെ വലുപ്പം കുറവായതിനാൽ ഭക്ഷണ മുറിയിൽ നിന്നും മുകളിലത്തെ നിലയിലേക്ക് ‘ഇൻഡസ്ട്രിയൽ സ്റ്റെയർകെയ്സ്’ നൽകി. പഴയ വീടിന്റെ തടിയാണ് പടികൾക്കും ഉപയോഗിച്ചിരിക്കുന്നത്. മുകളിലെ മൂന്ന് കിടപ്പുമുറികൾക്കും നീണ്ട ബാൽക്കണിയുണ്ട്. കിളികളും മറ്റും കടക്കാതിരിക്കാൻ ഇവയ്ക്കെല്ലാം ജിഐ പൈപ്പ് ഉപയോഗിച്ചുള്ള സ്ക്രീനും നൽകി.

afrin 7 സ്റ്റെയർ ഏരിയ

വീട് ഈ വീട് പൂർത്തിയായി കാണണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഉപ്പിച്ചി മുഹമ്മദ്കുട്ടി മാഷും ഉമ്മി നബീസ ടീച്ചറുമായിരുന്നു . വീട് പണിയുടെ അവസാനഘട്ടം ആയപ്പോഴേക്കും കോവിഡ് മഹാമാരിയിലൂടെ അവരെ രണ്ടുപേരെയും നഷ്ടമായി .പക്ഷേ ഈ വീട്ടിൽ എല്ലായിടത്തും അവരുടെ ഓർമകൾ നിറഞ്ഞു നിൽപ്പുണ്ട്. അവരുടെ ആഗ്രഹം പോലെ അങ്കണം മുഴുവൻ മരങ്ങളും ചെടികളും നട്ട് വളർത്താനുള്ള പരിശ്രമത്തിലാണെല്ലാവരും.’’

Tags:
  • Architecture