ആറ്റുനോറ്റു വളർത്തിയിട്ടും ഓർക്കിഡ് പൂവിടുന്നില്ലേ? നൈട്രജൻ ആകാം പ്രശ്നം The Role of Nutrients in Orchid Blooming
Mail This Article
ഓരോ ഇനം ഓർക്കിഡിനും വ്യത്യസ്ത അളവിലാണ് സൂര്യപ്രകാശം കിട്ടേണ്ടത്. ഡെൻഡ്രോബിയത്തിന് രാവിലത്തെ വെയിലാണ് ഇഷ്ടം. മൊക്കാറോ, സ്പൈഡർ ഓർക്കിഡ് ഇവയ്ക്കൊക്കെ വെയിൽ ഇഷ്ടമാണ്. അതേസമയം വാൻഡ, ഫെലനോപ്സിസ് പോലുള്ള ഇനങ്ങൾക്ക് കടുത്ത വെയിൽ ഇഷ്ടമല്ല; ഇളംവെയിൽ മതി.
ചെടി പാകത്തിനു മൂപ്പാവണം
മിക്ക ഓർക്കിഡുകളും ഒരു വർഷം പ്രായമാകുമ്പോൾ പൂവിടും. ഉദാഹരണത്തിന് ഡെൻഡ്രോബിയം. എന്നാൽ ഫെലനോപ്സിസ് പൂക്കാൻ ഒന്നര വർഷമെടുക്കും. ഇലകളും തണ്ടുമെല്ലാം വലുതാകുന്നത് പൂവിടാൻ തയാറായി എന്നതിന്റെ സൂചനയാണ്. ചെടി വലുതാകുകയല്ലാതെ പൂവിടുന്നില്ലെങ്കിൽ നൈട്രജൻ കൂടുതലാണ് എന്നർഥം.
നന വളരെ പ്രധാനം
ഓർക്കിഡിനു നല്ല നന വേണം. വരണ്ട കാലാവസ്ഥയിൽ ദിവസേന നനയ്ക്കുന്നതാണു നല്ലത്. നനച്ച് ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് വളപ്രയോഗം നടത്താം. മഴക്കാലം കഴിയുമ്പോഴാണ് ഡെൻഡ്രോബിയം പോലുള്ള ഓർക്കിഡുകൾ പൂവിട്ടു തുടങ്ങുന്നത്.
സ്ഥലം മാറ്റം ഇഷ്ടമല്ല!
ചെടി ഇടയ്ക്കിടെ സ്ഥലം മാറ്റുന്നത് പൂക്കൾ കുറയാൻ കാരണമാകും. അതായത് സൂക്ഷ്മകാലാവസ്ഥ ചെടിയുടെ പൂവിടലിനെ വളരെയധികം സ്വാധീനിക്കുന്നതായാണ് കണ്ടുവരുന്നത്. പലരും ചെടി വീടിനു പിന്നിലെ അനുയോജ്യ സാഹചര്യത്തിൽ വച്ച് പൂവിടുമ്പോൾ ആളുകൾ കാണുംവിധത്തിൽ വീടിനു മുന്നിൽ കൊണ്ടുവയ്ക്കാറുണ്ട്. ചെടി പിന്നീട് പൂവിടുന്നതു കുറയാൻ ഇതു കാരണമാകാം.
നൈട്രജൻ വേണ്ടേ വേണ്ട
നൈട്രജൻ പൂർണമായും ഇല്ലാത്തതോ വളരെ കുറവുള്ളതോ ആയ വളമാണ് ഓർക്കിഡിനു പൂവിടാൻ നൽകേണ്ടത്. നൈട്രജൻ പൂവിടൽ കുറച്ച് ചെടിയുടെ വളർച്ച കൂട്ടും. അതേസമയം പൊട്ടാസ്യം, ഫോസ്ഫറസ് മറ്റു സൂക്ഷ്മലവണങ്ങൾ എന്നിവയെല്ലാം ആവശ്യത്തിനു നൽകുകയും വേണം.
കടപ്പാട്: ഡോ. ജേക്കബ് വർഗീസ് കുന്തറ, ബൊട്ടാണിസ്റ്റ്, കൊച്ചി
