Friday 11 October 2019 04:53 PM IST : By അലി കൂട്ടായി

സാലഡ് ഇല കൃഷിയും മീൻ വളർത്തലും ഒരു കുടക്കീഴിൽ; കാശുവാരി ജലീഷിന്റെ അക്വാപോണിക്സ് മാതൃക

jaleesh

ബേപ്പൂര്‍ സ്വദേശി ജലീഷിനു കൃഷിയില്‍ വ്യത്യസ്തത പരീക്ഷിക്കാനാണ് ഇഷ്ടം. പോളിഹൗസില്‍ അക്വാപോണിക്സ് രീതി അവലംബിച്ചാണ് കൃഷി. നാട്ടിൽ അത്ര സാധാരണമല്ലാത്ത സാലഡ് ഇലകളാണ് ജലീഷ് തന്റെ തോട്ടത്തിൽ സമൃദ്ധമായി വിളയിച്ചെടുക്കുന്നത്. നാൽപത് സെന്റ് തോട്ടത്തിൽ വിവിധയിനം ഇലവർഗങ്ങളോടൊപ്പം വെണ്ടയും തക്കാളിയും പയറും വാഴയും തഴച്ചു വളരുന്നു. എല്ലാറ്റിനും വെള്ളമെത്തിക്കുന്നത് അക്വാപോണിക്സ് മുഖേന.

j5

അക്വാപോണിക്സ് കുളത്തില്‍ നൈൽ, തിലോപിയ മീനുകളാണ് വളർത്തുന്നത്. ഇതിനു പുറമെ വിവിധതരം അലങ്കാര മൽസ്യങ്ങളുമുണ്ട്. മീനുകൾക്ക് ഏറ്റവും ഔഷധ ഗുണമുള്ള അബോള ഭക്ഷണമായി നൽകുന്നു. പോളി ഹൗസിന് താഴെ ഉയര്‍ന്ന സിമന്റ് തറ കെട്ടി അവയ്ക്കുള്ളില്‍ നിറച്ച കരിങ്കൽ ചീളുകളിലാണ് സാല‍‍‌ഡ് ഇലകള്‍ വിളയിച്ചെടുക്കുന്നത്. പൈപ് വഴി അക്വാപോണിക്സ് കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നു.

j6

പോഷകസമ‍ൃദ്ധമായ ഇലവർഗത്തിൽപെട്ട സെലറിയാണ് തോട്ടത്തിലെ പ്രധാനി. 20 സെമീ വലുപ്പമെത്തുമ്പോൾ വിളവെടുക്കാനാവുന്നത്. ബർഗറുകളിലെ മുഖ്യ ആകർഷണമായ ലെറ്റൂസ് ആണ് മറ്റൊരിനം. മണവും രുചിയും നൽകുന്ന ഇലയായ സ്വീറ്റ് ബേസിൽ, സാലഡ് വെള്ളരി, മിന്റ്, മല്ലിയില, പാലക്ചീര, ചെറി ടുമാറ്റോ തുടങ്ങിയവയും തോട്ടത്തിലുണ്ട്.

j-1
j4

‘‘പലരും സാലഡ് സംസ്കാരത്തിലേക്കു മാറിയിട്ടുണ്ട്. സാലഡ് ഇലകളുടെ ലഭ്യതക്കുറവാണ് യഥാർഥ പ്രശ്നം. കിട്ടിയാൽ തന്നെ അവ വിഷരഹിതമാണോ എന്നതാണ് പിന്നെ അലട്ടുന്നത്. വിശ്വാസത്തോടെ കഴിക്കാൻ പറ്റാവുന്നവ നമ്മുടെ വീട്ടുവളപ്പിൽ കൃഷിചെയ്യാം. കുറഞ്ഞ ചെലവിൽ അതു സാധ്യമാകും. അക്വാപോണിക്സ് ചെറുമാത‍ൃകകൾ വീട്ടിലും പരീക്ഷിക്കാം.’’ ജലീഷ് പറയുന്നു. പുതിയ ചിന്തകള‍്‍ക്ക് വെള്ളമൊഴിക്കുന്ന നാളെയുടെ ഈ കൃഷിക്കാൻ, കൃഷിയിലേക്കു കടക്കാനാഗ്രഹിക്കുന്ന യുവ തലമുറക്ക് പ്രചോദനമാണ്. ■

j3
Tags:
  • Gardening