Monday 02 December 2019 05:21 PM IST : By സ്വന്തം ലേഖകൻ

അക്വേറിയമാക്കാം, വാട്ടർ ടാങ്ക് ആക്കാം, ചെടി വളർത്താം; വെറുതേ കൊടുക്കുന്ന പഴയ ഫ്രിജും പണം തരും!

fridge9uhojok

സ്ഥലം ഒഴിവാക്കാൻ വെറുതേ കൊടുക്കുന്ന ഫ്രിജും പണം തരുമെന്ന് അറിയാമോ? പഴയ റഫ്രിജറേറ്ററിന് വിപണിയിൽ നല്ല ഡിമാൻഡുണ്ട്. വലിയ കേടില്ലാത്ത ഫ്രിജാണെങ്കിൽ സെക്കൻഡ്ഹാൻഡ് വാങ്ങാൻ ആളുണ്ട്. പഴയ റഫ്രിജറേറ്റർ വാങ്ങുന്ന ഏജൻസികൾ ഒട്ടുമിക്ക സ്ഥലങ്ങളിലും ഉണ്ട്. ഇവർ വീട്ടിൽ വന്ന് സാധനം കൊണ്ടുപൊയ്ക്കൊള്ളും.  700 – 1000 രൂപയാണ് ലഭിക്കുക. അധികം പഴക്കവും കാര്യമായ തകരാറും ഇല്ലെങ്കിൽ നന്നാക്കി വിൽക്കുക എന്നതാണ് ഇവരുടെ രീതി. കുറച്ചുകാലത്തേക്ക് വാടകയ്ക്കു താമസിക്കാനെത്തുന്നവരും പഠനാവശ്യത്തിനായി നഗരത്തിൽ തങ്ങുന്നവരും  ഒക്കെയാണ് ആവശ്യക്കാർ.

നന്നാക്കാൻ പറ്റുന്ന പരുവമല്ലെങ്കിൽ പിന്നെ  പൊളിച്ചടുക്കുകയാണ് അടുത്ത പടി. കംപ്രസ്സറിനുള്ളിലെ ചെമ്പിന് 300 – 400  രൂപ വില ലഭിക്കും. ഫ്രിജിന്റെ പുറംഭാഗത്തുള്ള ലോഹത്തകിടിനും കിട്ടും നല്ല വില. സിംഗിൾ ഡോർ മോഡലിൽ നിന്ന് ഏകദേശം 15 കിലോയും ഡബിൾ ഡോറിൽ നിന്ന് 18 കിലോയും ഇരുമ്പ് തകിട് ലഭിക്കും. ഇത് ആക്രി വിലയ്ക്ക് നൽകുമ്പോൾ നല്ല വില കിട്ടും.

_C3R3410

ട്രേ എല്ലാം അഴിച്ചുമാറ്റിയാൽ പിന്നെ തെർമോക്കോൾ ആവരണത്തിനുള്ളിലായി വരുന്ന വലിയ ബോക്സ് ആണ് ബാക്കിയുണ്ടാകുക. ഇതിന് പലവിധ ഉപയോഗമാണുള്ളത്. മണ്ണിട്ട് ചെടിയും പച്ചക്കറിയും വളർത്താം. വെള്ളം സംഭരിക്കാം. അൽപം ഭംഗിവരുത്തിയാൽ വലിയ അക്വേറിയമായും മാറ്റിയെടുക്കാം. മത്സ്യം ഐസ് ഇട്ട് സൂക്ഷിക്കാനുള്ള പെട്ടിയായും ഇത് പ്രയോജനപ്പെടുത്താറുണ്ട്.

പഴയ മോഡൽ റഫ്രിജറേറ്റർ ആമെങ്കിലും കളയേണ്ട എന്നാണെങ്കിൽ, കടകളിൽ കിട്ടാത്ത പാർട്സിന്  സെക്കൻഡ്ഹാൻഡ് വിപണിയെ ആശ്രയിക്കാം. ട്രേ, വാതിലിന്റെ ബീഡിങ്, ഫ്രീസർ ഡോർ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാരെത്തുന്നത്. 200–500 രൂപ വരും സ്പെയർ പാർട്സിന്.

റീസൈക്ക്ളിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല പ്രമുഖ കമ്പനികളും പഴയ റഫ്രിജറേറ്റർ തിരിച്ചെടുക്കുന്നുണ്ട്. കമ്പനി ഏർപ്പാടാക്കിയ കലക്‌ഷൻ പോയിന്റുകൾ വഴിയാണ് ഇവ ശേഖരിക്കുക. ഇവിടെയെത്തിക്കുന്ന റഫ്രിജറേറ്ററിന് നിശ്ചിത വിലയും നൽകും. കമ്പനി വെബ്സൈറ്റുകളിൽ ഇതു സംബന്ധിച്ച വിശദ വിവരം ലഭിക്കും. കംപ്രസറിനുള്ളിലെ വാതകങ്ങളും ഒായിലും അന്തരീക്ഷത്തിൽ കലരാതെ ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് റീസൈക്കിൾ ചെയ്യുക. 

shutterstock_1244851033
Tags:
  • Gardening
  • Vanitha Veedu