Monday 13 April 2020 01:38 PM IST : By സിനു ചെറിയാൻ

ലോക്ഡൗണിൽ അഞ്ച് മഴക്കുഴിയെടുക്കൂ... വ്യായാമത്തിനൊപ്പം കിണറ്റിൽ വെള്ളവും നിറയും

Mazha main

ഇതാണവസരം.... മടി പിടിച്ചിരിക്കാതെ മൺവെട്ടിയുമെടുത്ത് പറമ്പിലേക്കിറങ്ങൂ. ദിവസം ഒരെണ്ണം വീതം അഞ്ച് മഴക്കുഴിയെങ്കിലും എടുക്കൂ. ശരീരത്തിലെ ദുർമേദസ്സ് മാറും. മാത്രമല്ല, കിണറ്റിൽ വെള്ളം നിറയുകയും ചെയ്യും.അതെങ്ങനെ എന്നല്ലേ... ഏറ്റവും ചെലവ് കുറഞ്ഞ ജലസംരക്ഷണ മാർമാണ് മഴക്കുഴി അഥവാ നീർക്കുഴി തയാറാക്കൽ. നീരൊഴുക്കിന്റെ വേഗതയും തീവ്രതയും കുറയ്ക്കാനും വെള്ളം സാവധാനം ഭൂമിയിൽ താഴ്ന്നിറക്കാനും ഇതിനപ്പുറം വേറൊരു വഴിയില്ല. മഴവെള്ളം വീഴുന്നിടത്ത് താഴാൻ അനുവദിക്കുക എന്നതാണ് മഴക്കുഴിയുടെ അടിസ്ഥാന തത്വം. ഒാടുന്ന വെള്ളത്തെ നടത്തിയും നടക്കുന്നവയെ നിർത്തിയും നിൽക്കുന്നവയെ ഇരുത്തിയും ഇരിക്കുന്നവയെ കിടത്തിയും കിടക്കുന്നവയെ പരമാവധി സമയം ഭൂമിയിൽ ഉറങ്ങാൻ അനുവദിക്കുകയുമാണ് മഴക്കുഴികൾ ചെയ്യുന്നത്.

Mzha-1

ഓടയിലേക്ക് ഒഴുകിപ്പോകുന്ന മഴവെള്ളം മഴക്കുഴിയിൽ നിറയുന്നതു കൊണ്ട് രണ്ടാണ് നേട്ടം. മണ്ണിന്റെ ഈർപ്പവും വളക്കൂറും കൂടുമെന്നതാണ് ഒന്ന്. പടിപടിയായി ഭൂഗർഭജലനിരപ്പ് ഉയരുകയും കിണറ്റിൽ വെള്ളം കൂടുകയും ചെയ്യുമെന്നത് രണ്ടാമത്തെ നേട്ടം.മഴക്കുഴി തയാറാക്കൽ അത്ര പ്രയാസമുള്ള കാര്യമല്ല. വീട്ടുകാർക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ. ഒരു സെന്റിൽ രണ്ട് മഴക്കുഴി എന്നു കണക്കാക്കിയാൽ അഞ്ച് സെന്റ് പറമ്പിൽ 10 മഴക്കുഴി മതിയാകും. ദിവസം ഒരെണ്ണം എന്ന കണക്കിൽ ലോക്ഡൗണിലെ 10 ദിവസം കൊണ്ട് 10 മഴക്കുഴി തയാറാക്കാം.അതിന്റെ കണക്കും കാര്യങ്ങളും ഇതാ... ഒരു മീറ്റർ ആഴവും അത്ര തന്നെ നീളവും വീതിയുമാണ് മഴക്കുഴിക്ക് വേണ്ടത്. കുഴിച്ചെടുക്കുന്ന മണ്ണ് കുഴിയുടെ താഴ്ഭാഗത്ത്, അതായത് വെള്ളം ഒലിച്ചു വരുന്ന ദിശയ്ക്ക് എതിർവശത്തു തന്നെ ഇടാം. പിന്നീട് ഇവിടെ രാമച്ചമോ മറ്റോ പിടിപ്പിക്കുന്നത് നന്നായിരിക്കും. വേണമെങ്കിൽ കുഴിയുടെ അടിഭാഗത്ത് കുറച്ച് മണൽ, തൊണ്ട് എന്നിവ നിറയ്ക്കാം. വീടിനോട് ചേർന്ന സ്ഥലത്താണ് കുഴി എങ്കിൽ കുട്ടികളുടെയും മറ്റും സുരക്ഷയ്ക്കായി മുകളിൽ ഗ്രിൽ പിടിപ്പിക്കുന്നത് നല്ലതാണ്.

പത്ത് ശതമാനത്തിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴി ഒഴിവാക്കാം. മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അതുപോലെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളും അത്ര നന്നല്ല. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ സാധ്യതയുണ്ട്.വേനൽ മഴ കഴിഞ്ഞ് മണ്ണ് നനഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ കുഴിയെടുക്കാൻ പറ്റിയ സമയമാണ്. ധൈര്യമായി പറമ്പിലേക്കിറങ്ങിക്കോളൂ... അടുത്ത മഴക്കാലത്തെ മണ്ണിനുള്ളിൽ കരുതിവയ്ക്കാം. വരാനിരിക്കുന്ന വേനലുകളിൽ കുടിവെള്ളം മുട്ടാതിരിക്കാനായി.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. വി. സുഭാഷ് ചന്ദ്രബോസ്
മുൻ ഡയറക്ടർ, സിസിഡിയു, ജലവിഭവ വകുപ്പ്