Tuesday 16 October 2018 12:13 PM IST : By ശ്രീദേവി

‘പാഷനല്ല, ശ്വാസം തന്നെ ചെടികളാണ്’; അഞ്ച് സെന്റില്‍ രാജീവും ഗീതയുമൊരുക്കുന്നു പൂക്കാലം–ചിത്രങ്ങൾ

garden-cover ഫോട്ടോ: ഹരികൃഷ്ണൻ

അവസരമില്ല എന്നു വിലപിക്കുന്നവർക്കൊരു മറുപടിയാണ് തോപ്പുംപടി സ്വദേശി രാജീവും ഭാര്യ ഗീതയും. തിരക്കുള്ള ബിസിനസ്സിനിടയിലും അതിമനോഹരമായൊരു പൂന്തോട്ടം നിർമിച്ച് പരിപാലിക്കുന്നു ഈ ദമ്പതികൾ. എന്നാൽ, സ്ഥലവും സൗകര്യവും ആവശ്യത്തിലേറെ ഉണ്ടായിട്ടാണ് ഇതെന്നു കരുതിയാൽ അതു ശരിയല്ല. വെറും അഞ്ച് സെന്റിലെ വീടിന്റെ ടെറസിലും മുറ്റത്തുമാണ് പൂന്തോട്ടം. കേരളത്തിൽ പുതുതായി എത്തുന്ന എല്ലായിനം ചെടികളും ഇവിടെയുണ്ടെന്നതാണ് ഈ പൂന്തോട്ടത്തെ വേറിട്ടുനിർത്തുന്നത്. ‘‘ഇന്ത്യയിലെത്തുന്ന പുതിയ ഇനങ്ങൾ മിക്കവാറും തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ബെംഗളൂരുവിലും പുണെയിലുമാണ് ഇവ എത്തുന്നത്. ഇടയ്ക്കിടെ ഇവിടെയെല്ലാം പോയി പുതിയ ചെടികൾ വാങ്ങും. എറണാകുളത്തെ ചില നഴ്സറിക്കാരുമായുള്ള അടുപ്പം മൂലം പുതിയ ചെടികൾ വരുന്നത് അവർ അറിയിക്കാറുമുണ്ട്.’’ പുതിയ ചെടികൾ ലഭിക്കുന്ന മാർഗത്തെക്കുറിച്ച് രാജീവ് പറയുന്നു.

garden-2

പരിചരണം പ്രധാനം

കൂടുതൽ പരിചരണം ആവശ്യമില്ലാത്ത ചെടികളാണ് രാജീവും ഗീതയും തോട്ടത്തിലേക്കു തിരഞ്ഞെടുക്കുന്നത്. ഇലച്ചെടികൾ (foliages), കള്ളിച്ചെടികൾ (cactus), പന്നൽചെടികൾ (ferns), സക്കുലന്റ്സ് എന്നിവയെല്ലാം ഇവിടെയുണ്ട്.

വെയിലാണ് ചെടികളുടെ സ്ഥാനം നിർണയിക്കുന്ന ഘടകം. കാർപോർച്ചിനുള്ളിൽ മൂന്നുവശത്തും ഇലച്ചെടികളാണ്. വെയിൽ കിട്ടുന്നതനുസരിച്ച് നിറം മാറുന്ന ചെടികൾ പ്രകാശം തട്ടുന്ന ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നു. ചെടികൾ കൂട്ടമായി നടുന്നതാണ് പൂന്തോട്ടത്തിന് ഭംഗി എന്നാണ് ഇവരുടെ അഭിപ്രായം. വീടിന്റെ അടിത്തറയോടു ചേർന്നും ലിന്റലിൽ തൂക്കിയിട്ടുമെല്ലാം ചെടികൾ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ആവശ്യത്തിനു വെയിൽ കിട്ടും എന്നതുതന്നെ കാരണം.

garden-5

ഈയിടെ വീട് പുതുക്കിപ്പണിതപ്പോഴാണ് പുതിയ കാർപോർച്ച് പണിതത്. അപ്പോൾ പഴയ കാർപോർച്ച് അഗ്ലോണിമയുടെ വിവിധയിനങ്ങൾ കയ്യേറി. ലോഹസ്റ്റാൻഡുകളിൽ അടുക്കിയ അഗ്ലോണിമക്കൂട്ടം കാഴ്ചക്കാരുടെ മനം നിറയ്ക്കും.

വീടിന്റെ വശങ്ങളിലുള്ള മുറ്റത്തും ചട്ടികളിൽ തൂക്കിയിട്ടു വളർത്തുന്ന വിവിധയിനം സക്കുലന്റ്സ് ഉണ്ട്. നടവഴിയൊഴികെ ബാക്കിയിടമെല്ലാം ചെടികൾക്കുള്ളതാണ്.

garden-4

ടെറസിൽ പൂക്കാലം

വീടിന്റെ പുറകിലെ വെർട്ടിക്കൽ ഗാർഡൻ കടന്ന് ടെറസിലെത്തിയാൽ പൂക്കളുടെ വർണപ്രപഞ്ചമാണവിടെ. ചെമ്പരത്തികളുടെ വ്യത്യസ്തയിനങ്ങളും ഓർക്കി‍ഡുകളും ബൊഗെയ്ൻവില്ലയുമെല്ലാം പൂത്തുമലർന്നിരിക്കുന്നു. എങ്കിലും വ്യത്യസ്ത ആകൃതിയുള്ള കള്ളിച്ചെടികളാണ് ഇവിടത്തെ സ്റ്റാർ. ആകർഷകമായ നിറങ്ങളിലുള്ള പൂക്കൾ കള്ളിച്ചെടികളെ കൂടുതൽ സുന്ദരമാക്കുന്നു.

garden-6

മാംസാഹാരിയായ പിക്ചർ പ്ലാന്റ്, മുത്തുകോർത്തതുപോലുള്ള ബീഡ്സ് ഇൻ എ സ്ട്രിങ്, കലാത്തിയ, ലൈക്കോപോഡിയം, ആഷിനാന്തസ്, എപ്പികാത്തിയ, മൊക്കാറ, ഡെൻഡ്രോബിയം ഇവയുടെയെല്ലാം ഏറ്റവും പുതിയയിനങ്ങൾ ഇവിടെ കാണാം.

garden-7

പക്ഷികളെ ആകർഷിക്കുന്ന തബേബിയയും ഉഷ്ണമേഖലയിൽ പൂക്കുന്ന സിംബീഡിയം ഓർക്കിഡുമെല്ലാം ബോട്ടണി വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുന്നു. അതിരാവിലെ ചെടികളുടെ പരിപാലനം കഴിഞ്ഞ് ജോലിക്കുപോകുന്ന രാജീവ് പകൽ വിരിയുന്ന പൂക്കളൊന്നും കാണാറേയില്ലെന്ന് ഗീത. എങ്കിലും പൂന്തോട്ടത്തിന്റെ ഓരോ മിടിപ്പും രാജീവിനറിയാം. കൊച്ചിൻ പുഷ്പമേളയിൽ തുടർച്ചയായി 11 വർഷം കിരീടം ചൂടിയ ഇവരെക്കുറിച്ച് ഇതിനപ്പുറം എന്തു പറയാൻ! ■

garden-3

പൂന്തോട്ടത്തിലേക്ക് രാജീവ്–ഗീത ടിപ്സ്

1. വെയിലിന്റെ ആവശ്യം അനുസരിച്ചാകണം ചെടികൾ ക്രമീകരിക്കേണ്ടത്. അഗ്ലോണിമ പോലുള്ള ചെടികൾക്ക് കൂടുതൽ വെയിൽ ആവശ്യമില്ല. കാർപോർച്ച് പോലെ തണലുള്ള ഭാഗങ്ങളിൽ അവ നട്ടുവളർത്താം.

2. കാണാൻ ഭംഗിയുള്ള ചട്ടികൾ വിപണിയിൽ വരുന്നുണ്ട്. ചട്ടിയുടെ ഭംഗി പൂന്തോട്ടത്തെ കൂടുതൽ സുന്ദരമാക്കും. ചെടി പരിപാലിക്കുന്നതുപോലെ ചട്ടിയും ദിവസവും തുടച്ച് ഭംഗിയാക്കി വയ്ക്കണം.

3. ചെടികളുടെ ഇലകൾ വേപ്പെണ്ണ കൊണ്ട് തുടയ്ക്കുന്നത് രണ്ടു തരത്തിൽ ഗുണം ചെയ്യും. ഇലകളുടെ ഉപരിതലത്തിന് എപ്പോഴും ഒരു തിളക്കം അനുഭവപ്പെടും. രോഗകീടങ്ങളിൽനിന്നു വേപ്പെണ്ണ സംരക്ഷിക്കുകയും ചെയ്യും.

4. വെള്ളം കുറവുള്ളവർ കള്ളിച്ചെടികൾ കൂടുതൽ തിരഞ്ഞെടുക്കുക. സക്കുലന്റസിന് ധാരാളം വെള്ളം വേണം. എല്ലാ ദിവസവും വൈകിട്ട് മിസ്റ്റ് ഇറിഗേഷൻ ചെയ്യുന്നത് ചെടികളുടെ വളർച്ചത്വരിതപ്പെടുത്തും.

5. പുതിയ ചെടികൾ എത്തുമ്പോൾ വളരെ സാധാരണവും വ്യാപകവുമായി കാണുന്ന ചെടികൾ നീക്കം ചെയ്ത് പകരം പുതിയവ വയ്ക്കുക.

garden-1
garden-8