Thursday 17 October 2019 04:33 PM IST : By ശ്രീദേവി

‘ഈ ബുദ്ധിയെന്താ മലയാളിക്ക് ഇപ്പോൾ തോന്നാത്തത്!’ തേക്കിനു പകരം മയിലെള്ള്, സിമന്റിനു പകരം വെട്ടുകല്ലും മണ്ണും

g

മണ്ണിന്റെ നിറവും മണവുമുള്ള വീടുകളാണ് ഡോ. ഗിരീഷ് കുമാറിനെയും ഡോ. സിനിയെയും തൃശൂർ ജില്ലയിലെ മാളയിൽ വീട് പണിയുന്നതിന് പ്രചോദിപ്പിച്ചത്. 2225 ചതുരശ്രയടിയുള്ള ഇരുനില വീടാണ് ഡോക്ടറുടേത്.

വെട്ടുകല്ലാണ് ഭിത്തി നിർമിക്കാൻ ഉപയോഗിച്ചത്. കണ്ണൂർ ഇരിട്ടിയിൽ നിന്നുള്ള ചിലർ ഗിരീഷിന്റെ സുഹൃദ്‌വലയത്തിൽ ഉണ്ടായിരുന്നു. അവരുടെ സഹായത്താൽ ഏറ്റവും നല്ല വെട്ടുകല്ലുകൾ കിട്ടുന്ന മടകൾ കണ്ടെത്തി. 3000 കല്ല് വേണ്ടിവന്നു വീടിന്. ലോഡ് കയറ്റിപ്പോകുന്ന ടോറസ് വണ്ടികൾ തിരിച്ചുവരുമ്പോൾ കല്ല് കയറ്റിവന്നതുകൊണ്ട് ചെലവ് കുറഞ്ഞു. പ്ലോട്ടിൽനിന്നു തന്നെയുള്ള മണ്ണാണ് കല്ല് പടുക്കാൻ ഉപയോഗിച്ചത്. കളിമണ്ണിന്റെ അംശം കൂടുതലുള്ളതിനാൽ കുറച്ച് സിമന്റ് ചേർക്കേണ്ടിവന്നു. എന്നാൽ ഭിത്തിയിൽ തേക്കാനുള്ള മണ്ണ് പുറത്തുനിന്ന് വാങ്ങി.

g7

തടികൊണ്ടുള്ള മച്ച് വേണമെന്നതായിരുന്നു മറ്റൊരാഗ്രഹം. പഴയ തടിയാകും ലാഭം എന്നു കണക്കുകൂട്ടി അന്വേഷണം തുടങ്ങി. പഴയ തടിക്ക് ക്യുബിക് അടിക്ക് 1500 രൂപയിൽ കൂടുതലാണ് പലയിടത്തും വില. അടുത്തുള്ള മില്ലിൽ അന്വേഷിച്ചപ്പോഴാണ് ആര്യവേപ്പ് ക്യുബിക് അടിക്ക് 850 രൂപയ്ക്കു ലഭിക്കും എന്നു മനസ്സിലായത്. ചിതലോ കുത്തലോ ബാധിക്കില്ല എന്നതാണ് വേപ്പിന്റെ പ്രത്യേകത. തടി നേരത്തേ അറുത്തിട്ടതിനാൽ കുറച്ചു മഴ നനഞ്ഞു. എന്നിട്ടുപോലും ചിതൽ ശല്യമുണ്ടായില്ല. കട്ടിങ് വേസ്റ്റ് കൂടുതലാണ് വേപ്പിന്. പക്ഷേ, അതെല്ലാം മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിച്ചു. ജനൽചട്ടത്തിനുപയോഗിച്ച മഹാഗണി വീട്ടിൽ നിന്നു വെട്ടിയതാണ്. മയിലെള്ള് എന്ന തടിയും മച്ചിന്റെ തുലാന് ഉപയോഗിച്ചിട്ടുണ്ട്. വേസ്റ്റ് കുറവാണെന്നതാണ് മയിലെള്ളിന്റെ ഗുണം. ഗോവണിയും തടികൊണ്ടുതന്നെ നിർമിച്ചു. മച്ചിനു മുകളിൽ നേരിട്ടു ചവിട്ടുന്ന രീതിയിലാണ് മുകളിലെ നിലം ക്രമീകരിച്ചത്. ഊണുമേശയും കസേരകളുമെല്ലാം വേപ്പിന്റെ കട്ടിങ് വേസ്റ്റ് കൊണ്ടു നിർമിച്ചതാണ്. ഇൻബിൽറ്റ് ഇരിപ്പിടങ്ങളും തൂണുമെല്ലാം ക്ലാഡിങ് ചെയ്യാനും ബാൽക്കണിയുടെ അഴികൾക്കുമെല്ലാം ഇതു തികഞ്ഞു.

g3
g2

ആത്തംകുടി ടൈൽ ഉപയോഗിച്ച് നിലമൊരുക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതിൽ സിമന്റിന്റെ അംശം കൂടുതലാണെന്നു കണ്ട് ടൈലിലേക്കു മാറി. വിട്രിഫൈഡ് ടൈലും തടിയുടെ ബാക്കിയുമുപയോഗിച്ചാണ് നിലം ഒരുക്കിയത്.

g4
g1
Tags:
  • Budget Homes