Tuesday 12 January 2021 03:47 PM IST

‘അയൽക്കാരന്റെ വീടല്ല, പൂന്തോട്ടമാണ് കടം എടുക്കേണ്ടത്’ കാറ്റും സൂര്യനും വിരുന്നെത്തുന്ന ‘രാധിക വില്ല’

Sona Thampi

Senior Editorial Coordinator

master7

ഇന്ത്യ കണ്ട മികച്ച ആർക്കിടെക്ടുമാരിലൊരാളായ പ്രൊഫ. രാജീവ് കത്പാലിയയുടെ വീടിനെ പറ്റി ആർക്കിടെക്ട് ഡോ.മനോജ് കിനി വിവരിക്കുന്നു..‘‘ആർക്കിടെക്ട് ദമ്പതികളായ രാജീവ് കാത്പാലിയയും ഭാര്യ രാധികയും പ്രകൃതിസ്നേഹികളും നഗരത്തിന്റെ തിരക്കിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ‘രാധിക വില്ല’ എന്ന അവരുടെ ഭവനം പടിഞ്ഞാറൻ അഹമ്മദാബാദിലുള്ള ഒരു ഹൗസിങ് സൊസൈറ്റിയിലാണ് പണിതിരിക്കുന്നത്. ചുറ്റും മരങ്ങൾ നിറഞ്ഞ പച്ചപ്പിലാണ് പ്ലോട്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പ്ലോട്ടിൽ പരമ്പരാഗത രീതിയിലുള്ള 'ഓട്ല' യാണ് വീടിന്റെ ഹൃദയമായി തിരഞ്ഞെടുത്തത്.

വീടിനെക്കുറിച്ച് രാജീവ് കാത്പാലിയ പറയുന്നത് രസകരമാണ്. ‘‘അയൽക്കാരന്റെ വീട് ശല്യമാകാതെ അയാളുടെ പൂന്തോട്ടത്തെ മാത്രം കടമെടുക്കുക എന്നതാണ് വീട് ഡിസൈൻ ചെയ്യുമ്പോൾ ഓർക്കേണ്ടത്.’’ ജനലുകളും മേൽക്കൂരയും എങ്ങനെ വിന്യസിച്ചാലാണ് അതിരിനപ്പുറത്തേക്ക് സുന്ദരമായ കാഴ്ച ലഭിക്കുക എന്നതാണ്‌ ഇതുകൊണ്ട് അദ്ദേഹം അർഥമാക്കുന്നത്.

master6

സ്വന്തമായ വ്യക്തിത്വമുള്ള ഇൗ വീട് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളുടെ ആകെത്തുകയാണ്. പ്രകൃതിയാണ് ഒാരോ ഇടത്തിന്റെയും ‘തീം’. മരങ്ങളും സൂര്യപ്രകാശവും കാറ്റും വെളിച്ചവും ഒക്കെ ചേരുന്ന ചുറ്റുപാടിലേക്ക് നോക്കിയാണ് മിക്ക മുറികളുടെയും സ്ഥാനം. പുറത്തു നിന്ന് നോക്കുമ്പോൾ, കാന്റിലിവർ ബീം തരുന്ന, ധൈര്യശാലിയായ മിനിമലിസ്റ്റിക് രൂപമാണ് വീടിന്. നാഗരിക വീടിന്റെ മട്ടും ഭാവവുമുള്ള ഭവനത്തെ വ്യത്യസ്തമാക്കുന്നത് തെരുവിന്റെ അങ്ങേയറ്റത്ത് ഉപയോഗിക്കാതെകിടക്കുന്ന പൊതു പൂന്തോട്ടം മാത്രമാണ്‌. സുന്ദരമായ പൊതു ഇടങ്ങളും സൗകര്യങ്ങളുമുള്ള റസിഡൻഷ്യൽ കോളനിയായാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും കാത്പാലിയ തമാശയായി പറയുന്ന പോലെ,‘‘ഞങ്ങൾ എത്തുമ്പോഴേക്കും മറ്റുള്ളവർക്ക് ഇൗ സ്ഥലത്തോടുള്ള താൽപര്യം നഷ്ടപ്പെട്ടിരുന്നു.’’

പ്ലോട്ടിൽ വീടുപണി തുടങ്ങുമ്പോൾ നാഗരിക ചിന്തകളാണ് കാത്പാലിയയുടെ ഡിസൈനിൽ കൂടുതൽ മുഴച്ചു നിന്നത്. ‘‘ഇത് പൊതുവേ ഒരു സമ്പന്ന മേഖലയായിരുന്നെങ്കിലും നല്ലൊരു റോഡ് ഇല്ലായിരുന്നു. പൂന്തോട്ടമാണെങ്കിൽ വെറുമൊരു പാഴ്സ്ഥലവും,’’ കാത്പാലിയ ഓർക്കുന്നു. ഒറ്റയ്ക്കൊരു വീട് എന്നതിലുപരി സൊസൈറ്റിയുടെ ഒരു തുടർച്ച എന്നതായിരുന്നു ആർക്കിടെക്ടിന്റെ മനസ്സിൽ.സ്വകാര്യത എന്നാൽ കാത്പാലിയയ്ക്ക് ഏകാന്തതയല്ല എന്നതിനാൽ ഈ വീട് മുഴുവനും വായുവും വെളിച്ചവുമാണ്. വീടിന്റെ നടുവിലായുള്ള ഹാളിന് പരമ്പരാഗത ഇന്ത്യൻ വീടുകളിലുള്ള ‘ഓട്ല’യോടാണ് ചായ്‌വ്. പട്ടണ പ്രദേശങ്ങളിൽ അയൽക്കാരോടും വഴിയിൽ പോകുന്നവരോടും മിണ്ടിയും പറഞ്ഞുമിരിക്കാൻ വീടിനു പുറത്തായി പണിയുന്ന ഒരു നിര പടികളാണ് ഒാട്ല. സാമൂഹ്യ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒാട്ല സമ്പ്രദായം കാത്പാലിയയുടെ സൗഹൃദ കുടുംബത്തിന് കൂടുതൽ യോജിക്കുന്നത് അകത്തളത്തിൽതന്നെ. അദ്ദേഹം പറയുന്നതു പോലെ, ‘‘റസിഡൻഷ്യൽ കോളനിയിൽ ഇത്തരം മാതൃകയ്ക്ക് സ്ഥാനമില്ലല്ലോ. അതുകൊണ്ട് ഞങ്ങൾ വിചാരിച്ചു, ലിവിങ് റൂം ഒാട്ല രീതിയിൽ ആകട്ടെയെന്ന്.’’

master4

വലിയതും പ്രത്യേക ആകൃതിയില്ലാത്തതുമായ ജയ്സാൽമീർ സ്റ്റോണുകളാണ് പടവുകളുടെ ഭംഗി. ‘‘ഹൈവേയിലൂടെ പോകുമ്പോൾ വഴിയുടെ വശങ്ങളിൽ കച്ചവടക്കാർ ഇത്തരം കല്ലുകൾ കൂട്ടിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്,’’ കാത്പാലിയ പറയുന്നു. ‘‘അവ മുറിച്ച് ഉപയോഗിക്കുന്നത് നഷ്ടവും അഭംഗിയുമായിരിക്കും... അതുകൊണ്ട് ഞങ്ങൾ അത് അങ്ങനെ തന്നെ വിരിച്ചു. പല ഫിനിഷിലുള്ള പൊട്ടിയ കഷണങ്ങൾ ഇടയ്ക്കുള്ള ഭാഗത്ത് നിറച്ചു. പണിക്കാർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യാൻ സ്വാതന്ത്ര്യം കൊടുത്തതുകൊണ്ട് അവരുടെ സർഗശേഷിയാണ് ഇൗ ഫ്ളോറിന്റെ ഹൈലൈറ്റ്. ഒടുവിൽ എല്ലാം ഒറ്റ യൂണിറ്റായി പോളിഷ് ചെയ്തെടുത്തു.’’ കാത്പാലിയയുടെ വാക്കുകളിലുണ്ട് ഫ്‌ളോറിന്റെ വ്യത്യസ്തത.

master 1

ഫ്ളോറിന്റെ കാര്യത്തിലെന്ന പോലെ കോൺക്രീറ്റിങ്ങിലും അദ്ദേഹത്തിന്റെ തനതു നിലപാടുകൾ ചെലവിനെ സ്വാധീനിച്ചിട്ടുണ്ട്. ‘‘കോൺക്രീറ്റിങ്ങിന്റെ ഫ്രെയിംവർക്കിനുളള തടി തൂക്കത്തിനു പഴയ തടി വിൽക്കുന്ന സ്ഥലത്തു നിന്നു വാങ്ങി. അതിനെ മുറിച്ച് നല്ല കഷണങ്ങളാക്കി, ഒപ്പം പ്ലൈവുഡും ചേർത്ത് ഉപയോഗിച്ചു,’’ കാത്പാലിയയുടെ ചെലവു കുറയ്ക്കൽ ടെക്നിക്ക്.ഈ കോൺക്രീറ്റിലേക്ക് േചർന്നുനിൽക്കുന്ന, പാരമ്പര്യ മഹത്വം വിളിച്ചോതുന്ന തേക്കിന്റെ ജനലുകളും പാനലുകളും, മധ്യകാലഘട്ടത്തിലെ തെരുവിലൂടെ നടക്കുമ്പോൾ കാണുന്ന തടി വീടുകളാണ് തന്നെ ഓർമിപ്പിക്കുന്നതെന്ന് കാത്പാലിയ പറയുന്നു. കോൺക്രീറ്റിന്റെ ഇരട്ടഭിത്തികളും തനിയെ നിൽക്കുന്ന തൂണുകളും ഫ്ളോട്ടിങ് രീതിയിലുള്ള കോൺക്രീറ്റ് സ്ലാബുകളും കൊണ്ടാണ് അകത്തെ ഭിത്തികളുടെ സഹായമില്ലാതെ വീട് സംതുലിതമായി നിൽക്കുന്നത്.

master2

ഇന്റീരിയർ തുറക്കുന്നത് കൗതുകകരമായ ഗാലറി കാഴ്ചകളിലേക്കാണ്. സ്വതന്ത്രമായി നിൽക്കുന്ന സ്റ്റോറേജ് ഭിത്തികളാണ് മുറികളെ നിർവചിക്കുന്നത്. ഉയരം കൂടിയ ഭിത്തികളും അവയ്ക്കു മുകളിലെ വാതായനങ്ങളും സീലിങ് ലൈറ്റുകളും വീടിനകം ഒഴുകിക്കിടക്കുന്ന പോലെ അനുഭവപ്പെടുത്തുന്നു. മുകളിലെ മുറികൾക്കെല്ലാം വെളുത്ത സീലിങ്ങിനകത്ത് ഒരു സീലിങ് ലൈറ്റ് എങ്കിലും ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യാപിതാവും ഇന്ത്യൻ ആർക്കിടെക്ചറിലെ മഹാരഥനുമായ ബി. വി. ദോഷിയുടെ ഡിസൈനിൽ കാണുന്ന റൂഫ് ടെറസ് ഒരു മഹത്തായ പാരമ്പര്യത്തിന്റെ തുടർച്ചയായി അനുഭവപ്പെടും. 1995 മുതൽ കാത്പാലിയയും ഭാര്യ രാധികയും ദോഷിയോടോപ്പമാണ് ജോലി ചെയ്യുന്നത്.

കാത്പാലിയയുടേത് പക്ഷപാതപരമായ ഒരു ശൈലിയല്ല. എന്നാൽ ദോഷി ഗണ്യമായി സ്വാധീനിച്ച ഇന്ത്യൻ മോഡേണിസത്തിന്റെ തുടർച്ചയാണ്. വീടുകളിലും നിർമാണത്തിന്റെ സൂക്ഷ്മതയിലും ചെലവിന്റെ കാര്യത്തിലും പുതിയ ആർക്കിടെക്ചർ രീതികൾ കൊണ്ടു വന്നു. ദോഷി ആർക്കിടെക്ചറിലെ വളവുകൾ, വോൾട്ടുകൾ എന്നിവയ്ക്കു പകരമുള്ള ആംഗിളുകൾ ഉൾപ്പെടെ പുതുമകൾ പലതും ആ വർക്കുകളിൽ കാണാം. ചിന്തകളിൽ ഭാരതീയതയും അതിനോടൊപ്പം ആധുനികതയും ഒരുപോലെ കാത്തുസൂക്ഷിക്കുന്നു കാത്പാലിയ’’

Tags:
  • Vanitha Veedu