Wednesday 17 June 2020 10:23 AM IST : By സ്വന്തം ലേഖകൻ

വീട്ടുകാർ പണിക്കാരായി, 10 ലക്ഷത്തിന് നാലുമാസം കൊണ്ടൊരുങ്ങി കലക്കനൊരു വീട്

1

മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് ആദൃശേരിയിലുള്ള 'പറമ്പിൽ' ഹൗസിന്റെ പിന്നണിയിയിൽ പ്രവർത്തിച്ചത് വീട്ടുകാർ തന്നെയാണ്. ഉപ്പ അബ്ദുൽ ഹക്കീം ഫൈസി ആദൃശേരിയാണ് വീടിനു സ്ഥാനം കണ്ടതും  പ്രാരംഭ പ്ലാൻ തയാറാക്കിയതും ഇന്റീരിയർ ഡിസൈൻ ചെയ്തതും. പ്ലമിങ്, വയറിങ്, പെയിന്റിങ് ജോലികൾ ചെയ്തതാകട്ടെ മകൻ സൽമാൻ ആദൃശേരിയും. അതുകൊണ്ടെന്താ, വെറും നാലു മാസം കൊണ്ട് വീട് പൂർത്തിയായി. 1300 ചതുരശ്രയടി വലുപ്പമുള്ള വീടിന് ചെലവായതാകട്ടെ 10,30,000 രൂപയും.

2

ചെലവ് കുറഞ്ഞു എന്നു കരുതി പറമ്പിൽ ഹൗസിൽ സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. എസി പിടിപ്പിച്ച രണ്ട് കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ, വലിയ ഹാൾ, അടുക്കള, വർക് ഏരിയ, സിറ്റ്ഔട്ട് എന്നിവയെല്ലാം വീട്ടിലുണ്ട്.

3

ബുദ്ധിപൂർവമെടുത്ത ചില തീരുമാനങ്ങളാണ് ചെലവ് കുറയാൻ കാരണം. അവ ഇങ്ങനെ:

1.വീടിന്റെ മുകൾ ഭാഗം  കോൺക്രീറ്റ് ചെയ്തില്ല. ട്രസ്സ് റൂഫ് നൽകി ഓടുമേഞ്ഞ ശേഷം എസിപി പാനൽ ഉപയോഗിച്ച് ഫോൾസ് സീലിങ്  ചെയ്തു.

2. പ്രധാന വാതിലിന്റെ കട്ടിള  മാത്രം മരം കൊണ്ടും ബാക്കി  വാതിലുകളുടെയും ജനലുകളുടെയും കട്ടിള  കോൺക്രീറ്റ് കൊണ്ടും നിർമിച്ചു.

3. പ്ലമിങ്, വയറിങ്, പെയിന്റിങ് എന്നിവ വീട്ടുകാരൻ തന്നെ ചെയ്തു. സഹായികളെ മാത്രം കൂടെക്കൂട്ടി.

4. വിലക്കുറവ് പരിഗണിച്ച് ഓൺലൈൻ വഴി കഴിയുന്നത്ര നിർമാണ വസ്തുക്കളും വീട്ടുസാധനങ്ങളും വാങ്ങി.

5.പടവ്, തേപ്പ്, ട്രസ്സ് വർക്ക്, മരപ്പണി തുടങ്ങിയവയ്ക്കായി  നാലോ അഞ്ചോ ആൾക്കാരെ സമീപിച്ചശേഷം ഏറ്റവും കുറഞ്ഞ തുക പറഞ്ഞ ആൾക്കു കരാർ നൽകി. 

6. ഇന്റീരിയറിൽ അമിതമായ അലങ്കാരങ്ങളും അനാവശ്യമായ എൽ ഇഡി ബൾബുകളും  ഒഴിവാക്കി.

7. വീടിന്റെ  മുൻഭാഗം മാത്രമേ സിമന്റ് പ്ലാസ്റ്റർ ചെയ്തുള്ളൂ.  ബാക്കി മൂന്ന് ഭാഗവും തേക്കാതെ നേരിട്ടു ചെയ്തു.

4

സംസ്ഥാനത്തെ വാഫി വഫിയ്യ സംവിധാനത്തിന്റെ കോർഡിനേറ്റർ ആണ് അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി. ഖത്തറിൽ അക്കൗണ്ടൻറ് ആണ് സൽമാൻ.

കഴിയുന്നത്ര വീട്ടുസാധനങ്ങൾ ഓൺലൈൻ വഴി വാങ്ങുകയായിരുന്നു. ഫർണിച്ചറും മുഴുവൻ വീട്ടുപകരണങ്ങളുമടക്കം 17 ലക്ഷം രൂപ മാത്രമേ വീടിനു ചെലവായുള്ളൂ. കോട്ടക്കൽ ഡി ആൻഡ് ഇ ആർക്കിടെക്ട്സ് ആണ് നിർമാണ മേൽനോട്ടം നിർവഹിച്ചത്.