Wednesday 10 March 2021 03:23 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്താനായി ഡിസൈനറുടെ സൂത്രവിദ്യ, പ്ലോട്ടിനനുസരിച്ച് ഡിസൈൻ ചെയ്ത 2400 സ്‌ക്വയർഫീറ്റ് വീട്

mejo 1

വീട് ഡിസൈൻ ചെയ്യുമ്പോൾ പ്ലോട്ടിന്റെ കിടപ്പും വീട്ടുകാരുടെ ആവശ്യങ്ങളും അനുസരിച്ച് ചില സൂത്രവിദ്യകൾ ചെയ്യണം. അതാണ് ഡിസൈനറായ മെജോ കുര്യൻ തൃപ്പൂണിത്തുറ എരൂരിലുള്ള മഹിപാൽ സാമ്പന്റെ വീടിനുവേണ്ടി ചെയ്തത്. 2400 ചതുരശ്രയടിയാണ് ഇൗ വീടിന്റെ വിസ്തീർണം. വേറിട്ടു നിൽക്കുന്ന ഡിസൈൻ വേണമെന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ജംക്‌ഷനോടു ചേർന്ന് റോഡിന്റെ വശത്തുള്ള ഒൻപത് സെന്റിലാണ് വീട്. വീടിനു നല്ല കാഴ്ച കിട്ടത്തക്കവിധത്തിൽ പിറകോട്ട് ഇറക്കിയാണ് വീടിന് സ്ഥാനം കൊടുത്തത്.

mejo3

വീട്ടുകാരെ ഒട്ടും നിരാശപ്പെടുത്താതെയാണ് മെജോ വീടിന് വ്യത്യസ്തത കൊണ്ടുവന്നത്. ഒാട്ടോമേറ്റഡ് ഗെയ്റ്റ് ആണിവിടെ. മുറ്റത്തെ മരം നിലനിർത്തിക്കൊണ്ടാണ് വീട് ‍ഡിസൈൻ. അവിടെ ഗ്ലാസ്സിലുള്ള മീൻകുളവും ബെഞ്ചും ആണ് സവിശേഷത. വൈകുന്നേരങ്ങളിൽ മരച്ചുവട്ടിലെ തണൽ ആസ്വദിക്കാൻ പറ്റിയ ക്രമീകരണം. കാർപോർച്ചിന് വീട്ടിൽ നിന്നു മാറിയാണ് സ്ഥാനം. സിമന്റ് ബോർഡ് സ്ക്രൂ ചെയ്ത് റെഡിമെയ്ഡ് ആയൊരു കാർപോർച്ച്. മൂന്ന് ചരിഞ്ഞ റൂഫുകളും മധ്യഭാഗത്തെ ചരിഞ്ഞ ക്ലാ‍ഡിങ് ഭിത്തിയുമാണ് എക്സ്റ്റീരിയറിലെ നോട്ടപ്പുള്ളികൾ.

mejo2

സിറ്റ്ഒൗട്ടിൽ നിന്നു കയറിയാൽ ലിവിങ് ആണ്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒരേ നിരയിലാണെങ്കിലും പെട്ടെന്ന് അങ്ങനെ തോന്നില്ല. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയ്ക്കുള്ള പാർട്ടീഷൻ ഭിത്തിയാണ് അതിനു കാരണം. സിഎൻസി കട്ടിങ് ചെയ്ത പാർട്ടീഷൻ ഭിത്തിയിലാണ് ടിവിയുടെ സ്ഥാനം. അതിനോടു ചേർന്ന് ഉൗണുമുറിയിൽ ഒരു കോർട്‌യാർഡ് ഏരിയ. അതിനു മുകളിലെ സീലിങ്ങിൽ പർഗോള ബീമുകൾ കൊടുത്തതിനാൽ വെളിച്ചം ഉൗണുമുറിയിലെത്തും.

mejo4

കിച്ചനും ഉൗണുമുറിക്കും ഇടയിലെ ഭിത്തിയിൽ വലിയൊരു ഒാപനിങ് ഉണ്ട്. അതോടു ചേർന്നാണ് ബ്രേക്ഫാസ്റ്റ് ടേബിൾ.വലിയ സ്ലാബ് വലുപ്പത്തിലാണ് ഫ്ലോറിങ്. 2x4 അടിയുള്ള രണ്ട് വിട്രിഫൈഡ് ടൈലുകളുടെ ഒരു ഭാഗം ചേർത്തുവച്ച് മറുഭാഗത്ത് എപ്പോക്സി ചെയ്താണ് വലിയ സ്ലാബ് എന്ന തോന്നൽ ഉണ്ടാക്കിയത്.

mejo5

നാല് കിടപ്പുമുറികളാണ് ഇവിടെ. മുകളിലെ മാസ്റ്റർ ബെഡ്റൂമിൽ കോർണർ വിൻഡോ കൊടുത്തതിനു പിന്നിലുമുണ്ട് ഒരു ഡിസൈനർ ബുദ്ധി. ഇവയ്ക്ക് മുഴുനീള ഗ്ലാസ് ആണ് കൊടുത്തത്. അതുകൊണ്ട് പുറത്ത് ജംക്‌ഷൻ വരെ നോട്ടം കിട്ടും. പോരാത്തതിന് ബാൽക്കണിയുമുണ്ട്. ഇവിടെ നിന്നാൽ മാമ്പഴം കയ്യെത്തി പറിക്കാം. ഹോംതിയറ്ററിന്റെ ജനലുകൾക്ക് കട്ടിയുള്ള കർട്ടനാണ് കൊടുത്തത്. അതുകൊണ്ട് സിനിമ കാണാത്ത സമയങ്ങളിൽ കർട്ടൻ നീക്കി മുറിയിൽ വെളിച്ചം ലഭിക്കും. 

mejo6

ഡിസൈന്‍ : മെജോ കുര്യൻ

വോയേജ് ഡിസൈൻസ്,

voyagedesigns@gmail.com

Tags:
  • Vanitha Veedu