Wednesday 13 February 2019 05:09 PM IST : By

തൊള്ളായിരം ചതുരശ്രയടിയിൽ ഒരൊന്നൊന്നര വീട്; എട്ട് ലക്ഷം രൂപയിൽ സ്വപ്ന വീടൊരുങ്ങിയത് ഇങ്ങനെ

1-cent-home

വീടെന്ന സ്വപ്നത്തിന് സ്ഥലപരിമിതി ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് ചെറിയ സ്ഥലത്ത് പണിയുന്ന ഓരോ വീടും. സൗകര്യങ്ങളുടെയും ഭംഗിയുടെയും കാര്യത്തില്‍ ഈ വീടുകൾ വിട്ടുവീഴ്ച ചെയ്യാറില്ലെന്നത് മറ്റൊരു കാര്യം. പഴയ വീടുകളുടെ വസ്തുക്കള്‍ പുനരുപയോഗിച്ച് എട്ട് ലക്ഷം രൂപ കൊണ്ടാണ് എൻജിനീയറായ ആശിഷ് ജോൺ മാത്യു സ്വന്തം വീട് പണിതിരിക്കുന്നത്. തറവാടിനോടു ചേർന്ന് ഒരു സെന്റിൽ നിർമിച്ച ഈ വീട് ആശിഷ് ഓഫിസായും ഉപയോഗിക്കുന്നു. 900 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഫാമിലി ലിവിങ്, കിച്ചൻ, ഡൈനിങ്, ഒരു ബെ‍ഡ്റൂം, കോമൺ ബാത്റൂം എന്നിവയാണുള്ളത്.

h9

പഴമയിൽ വിരിഞ്ഞ പുതു‌മ

വിവിധ ഇടങ്ങളിൽ ദശാബ്ദങ്ങളായി മഴയും വെ യിലും കൊണ്ടങ്ങനെ കിടന്ന വീടുകള്‍ കാലത്തിന്റെ കുത്തൊഴുക്കിൽ പുതിയ സ്വപ്നങ്ങൾക്കായി പൊളിച്ചു മാറ്റപ്പെടുന്നു. ഇങ്ങനെയുള്ള നാലു വീടുകളുടെ പുനരുപയോഗ സാധ്യതയുളള വസ്തുക്കളിൽ നിന്നാണ് ഈ പുതിയ വീട് ജനിക്കുന്നത്. ഓട്, ഇഷ്ടിക, വാതിൽ, ജനൽ, ഗോവണി, മറ്റ് തടി ഉരുപ്പടികൾ എന്നിവയെല്ലാം പഴയ വീടിന്റെ വസ്തുക്കൾ തന്നെ. രണ്ട് നിലകളിലായി വളരെ കുറച്ച് കോൺക്രീറ്റ് ഉപയോഗിച്ചാണ് വീട് പണിതിരിക്കുന്നത്.

കരിങ്കല്ലിൽ‌ തീർത്ത അടിത്തറ പ്ലോട്ടിന്റെ ഘടനയ്ക്കനുസരിച്ചാണ് പണിതത്. പല തട്ടായുള്ള ഭൂമി നികത്തി ലെവലാക്കിയില്ല. ഭൂമിയുടെ ഈ കയറ്റിറക്കങ്ങൾ വീടിനകത്തെ പ്രധാന ഡിസൈൻ ഘടകമായി പ്രയോജനപ്പെടുത്തി. നേരെ പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. നാലു പേർക്ക് ഇ രിക്കാവുന്ന സോഫാ സെറ്റ് നല്‍കിയിരിക്കുന്നതിനാൽ ഇരിപ്പിട സൗകര്യത്തിൽ കുറവില്ല.

h6

പ്ലോട്ടിന്റെ കി‍ടപ്പനുസരിച്ച് പണിതതു കൊണ്ടുതന്നെ ലിവിങ് ഏരിയയിൽ നിന്ന് താഴേക്ക് ഇറങ്ങിയാണ് കിച്ചൻ. പടികൾ ഇറങ്ങിയാൽ ഇടതു ഭാഗത്തായി വാഷ്ഏരിയ, തൊട്ട‍ടുത്തായി കരിങ്കല്ല് അടുക്കിവച്ചു പണിത കോമണ്‍ ബാത്റൂമും. ‘ L’ ആകൃതിയിലാണ് മോഡേൺ കിച്ചന്‍. ഇതിന്റെ വലതു വശത്താണ് ഡൈനിങ് ഏരിയ. ‌

ലിവിങ് ഏരിയയിൽനിന്നു കുഞ്ഞ് ഗോവണി ക യറി ചെന്നാൽ ഫാമിലി ലിവിങ്ങാണ്. തടി വിരിച്ച നിലവും, ഹോളോബ്രിക്സ് കൊണ്ടു പണിത ഭിത്തിയും ഈ ഭാഗം ഏറെ വ്യത്യസ്തമാക്കുന്നു. ഇവിടെ നിന്ന്, ദൂരെ ഒഴുകുന്ന പുഴയുടെ കാഴ്ചകൾക്കായി കാത്തിരിക്കുന്ന ബാൽക്കണിയിലേക്കിറങ്ങാം. വീടിന്റെ പലയിടങ്ങളിൽ ഇഷ്്ടിക കൊണ്ടുള്ള ഭിത്തികൾ തേക്കാതെ നിർത്തിയത് റസ്റ്റിക് ഫീൽ നൽകുന്നു.

h6

തടിയോട് പ്രിയമേറെ

ഭൂമിയിലെ തങ്ങളുടെ ഉത്തരവാ‍‍ദിത്തം കഴിഞ്ഞിട്ടില്ലെന്നു വിളിച്ചു പറയുന്ന പഴയ തറവാടുകളുടെ വാതിലുകളും ജനലുകളുമാണ് ഈ വീടിന്റെ ഭാഗമായി മാറിയത്. ബജറ്റിന്റെ പകുതിയും ചെലവായത് തടി ഉരുപ്പടികൾക്കാണ്. നാലു ലക്ഷം രൂപയുടെ പഴയ തടി വാങ്ങി ഉപയോഗിച്ചു. പഴയ വീടിന്റെ മച്ച് ഉപയോഗിച്ചാണ് തട്ട് പണിതത്. അകത്തേക്കു പ്രവേശിക്കുന്നതും, മുകളിലെ നിലയിൽ ബാൽക്കണിയിലേക്കു തുറക്കുന്നതുമായ രണ്ട് വാതിലുകളാണ് വീട്ടിലുള്ളത്. പക്ഷേ, കാറ്റിനെയും വെളിച്ചത്തെയും സ്വീകരിച്ചിരുത്താൻ ജനലുകൾ കൊണ്ടു സമ്പന്നമാണ് ഇൗ വീട്. ലിവിങ് ഏരിയകളിലെ ഫർണിച്ചറും തടിയിൽ തീർത്തതു തന്നെ.

h7

സീലിങ് – വിസ്മയം, വ്യത്യസ്തം

വീടിന്റെ ഓരോ ഇടങ്ങൾക്കും വ്യത്യസ്തത വേണമെന്ന് ആശിഷിന് നിർബന്ധമുണ്ടായിരുന്നു. ഓ രോ ഭാഗത്തും വ്യത്യസ്ത തരം സീലിങ്ങാണ് പരീക്ഷിച്ചത്. ലിവിങ് ഏരിയയിൽ തടിയുടെ തട്ടിനു താ ഴെ ജിപ്സം സീലിങ് നൽകി. തട്ടായി നൽകിയിരിക്കുന്ന മച്ച് ചതുരാക‍‍ൃതിയിൽ കാണുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അ‍ടുക്കളയിൽ ബാംബൂപ്ലൈയിൽ തീർത്ത സീലിങ്, ഭംഗി വർധിപ്പിക്കുന്നുണ്ട്. മുകളിലെ നിലയിൽ ജിഐ ട്രസ്സ് റൂഫിട്ട് ഓട് പതിച്ച മേൽക്കൂരയ്ക്കു താഴെ കാൽസ്യം സിലിക്കേറ്റ് ബോർഡുകൾ സീലിങ്ങിന് ഉപയോഗിച്ചു. ചോർച്ചയുണ്ടായാലും വെള്ളം അകത്ത് വീഴില്ലെന്നതാണ് ഇതിന്റെ പ്രയോജനം. ഇവയ്ക്കു താഴെ സപോർട്ടിങ് ഘടകമായി നൽകിയ ജിഐ പൈപ്പുകളും ഡിസൈനിന്റെ ഭാഗമായി തോന്നിപ്പിക്കുന്നു. ഫ്ലോറിങ്ങിലും ഈ വ്യത്യസ്തത പ്രകടമാണ്. ലിവിങ് ഏരിയയിലും അടുക്കളയിലും ടൈൽ നൽകിയപ്പോൾ ഫാമിലി ലിവിങ്ങിൽ തടി ഫ്ലോറിങ്ങാണ്. ബെഡ്റൂമിലാകട്ടെ വിനൈൽ ഫ്‍ലോറിങ്ങും.

h2

ഫാമിലി ലിവിങ്ങിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് കാന്റിലിവർ ചെയ്ത ബാൽക്കണിയിലേക്കാണ്. ഇൗ ഭാഗവും താഴത്തെ കോമൺ ബാത്റൂമിലും മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്.

ബാംബൂ – അതിശയം, ആകർഷകം

ഭാവനകൾക്ക് അനുസരിച്ച് വ്യത്യസ്ത രൂപങ്ങളായി മാറിയ മുളയാണ് അതിശയ ഘടകം. വയറിങ് കൺസീൽ ചെയ്യാൻ മുള പകുതി മുറിച്ച് ഉപയോഗിച്ചു. ഫോട്ടോകൾക്ക് െഫ്രയിം ഡിസൈൻ ആയും ഇവ വർത്തിക്കുന്നു. സ്വിച്ച് ബോർഡുകള്‍, ഫാമിലി ലിവിങ്ങിലെ ഇരിപ്പിടം, ബാംബൂ കർട്ടൻ, സ്റ്റെയർറെയ്ൽ തുടങ്ങി മുളയുടെ വ്യത്യസ്ത രൂപഭാവങ്ങൾ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്. വീടു പണിയാൻ ആഗ്രഹിക്കുന്നവർക്ക് കണ്ടു മനസ്സിലാക്കാന്‍ കഴിയുന്നു എന്നതാണ് ഇത്തരമൊരു നിർമാണത്തിന് ഈ യുവ എൻജിനീയറെ പ്രേരിപ്പിച്ചത്. .

h8

വെയിൽ മാഞ്ഞിരിക്കുന്നു. വെളിച്ചം വിതറി അ വൻ അതിശയിപ്പിക്കാനൊരുങ്ങുകയാണ്. കാഴ്ചക്കാരന് കണ്ണെടുക്കാൻ തോന്നാത്ത ഗരിമയിൽ തലയുയർത്തി നിൽക്കുകയാണ് ഒരു സെന്റിലെ ഈ ഒന്നൊന്നര വീട്. ■

h-1
ആശിഷും കുടുംബവും.

Project Facts

Area: 900 sqft

Engineer:
ആശിഷ് ജോൺ മാത്യു

info@asquare.in

Location:
വടശേരിക്കര, പത്തനംതിട്ട

Year of completion:
സെപ്റ്റംബർ, 2018