Wednesday 22 April 2020 12:58 PM IST

കുറച്ചുനാൾ മുമ്പു വരെ ആർക്കും വേണ്ടായിരുന്നു; ഇന്നിതൊരു സ്വപ്നവീടാണ്. പഴയ വീട് ചെലവു കുറച്ചു പുതുക്കിയതിങ്ങനെ...

Sunitha Nair

Sr. Subeditor, Vanitha veedu

1

പുതിയ വീട് പണിയുന്നതിനേക്കാൾ നല്ലത് പഴയ വീട് പുതുക്കിയെടുക്കുന്നതാണ്. ഓർമകൾ നിറഞ്ഞ വീട് കൈവിട്ടു കളയാതിരിക്കുന്നത് വ്യക്തിപരമായി മാത്രമല്ല പ്രകൃതിക്കും മുതൽക്കൂട്ടാണ്. നിർമാണ സാമഗ്രികൾ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാം എന്നതാണ് പുതുക്കലിന്റെ പ്രധാന ഗുണം. എന്നാൽ പുതുക്കിപ്പണിയുമ്പോൾ ചെലവു കൂടും എന്നതാണ് പലരെയും അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

2

ചെലവു കുറച്ചും വീട് പുതുക്കാം എന്നതിന് ഉദാഹരണമാണ് കൊച്ചി ചേരാനെല്ലൂരിലെ 100 വർഷത്തോളം പഴക്കമുള്ള ഈ വീട്. 14 ലക്ഷം രൂപയ്ക്കാണ് ഡിസൈനർ പി.എം. സാലിം വീട് പുതുക്കി നൽകിയത്. പൂർണമായും കേരളീയ ശൈലിയിൽ, കാറ്റും വെളിച്ചവും നിറയുന്ന അകത്തളവുമായാണ് വീട് നവീകരിച്ചത്. 1000 ചതുരശ്രയടിയാണ് വീടിന്.
പഴയ വീടിന് ഇടുങ്ങിയ മുറികളായിരുന്നു. ചെറിയ മുറികൾക്കിടയിലുള്ള ചുമരുകൾ ഒഴിവാക്കി ലിവിങ് - ഡൈനിങ് - കിച്ചൻ ഏരിയ ഓപൻ ആക്കിമാറ്റി.
പൊളിച്ചു കളയലുകൾ അധികം ഇല്ല. ഒരു അറ്റാച്ഡ് ടോയ്ലറ്റും വർക്കിങ് കിച്ചനും ഡൈനിങ്ങിനോടു ചേർന്ന് കോർട്‌യാർഡും പുതുതായി കൂട്ടിയെടുത്തു.

4


മേൽക്കൂരയിലാണ് പ്രധാനമാറ്റം. പഴകിയ കഴുക്കോലുകളും പട്ടികകളും മാറ്റി ജി.ഐ കൊണ്ട് ഫ്രെയിം നൽകി ഓടുമേഞ്ഞു. കേടുവന്ന ഓടുകൾ മാത്രം മാറ്റി പുതിയത് ഉപയോഗിച്ചു. മരം കൊണ്ടുള്ള മച്ചിന്റെ ചില ഭാഗങ്ങൾ പോളിഷ് ചെയ്തു നിലനിർത്തി. ദ്രവിച്ച തടിയുടെ സ്ഥാനത്ത് ജി.ഐ ഫ്രെയിം ഇടകലർത്തി നൽകി.
വരാന്തയിലും കിടപ്പുമുറികളിലും ടെറാക്കോട്ടയും പൊതു ഇടങ്ങളിൽ മാറ്റ് ഫിനിഷ് ടൈലുമാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

3


വരാന്തയിലെയും പൂമുഖത്തെയും തൂണുകൾ ട്രീറ്റ് ചെയ്ത തെങ്ങിൻ തടികൊണ്ടാണ്. വാഷ്ബേസിന്റെ സ്റ്റാൻഡും തെങ്ങിൻതടിയാണ്.
പഴയ തടിക്കഷണങ്ങളും മൈക്കയും ഇടകലർത്തിയാണ് ലിവിങ് റൂമിലെ വോൾ പാനലിങ്.
മുന്നോട്ടു തള്ളി നിൽക്കുന്ന പൂമുഖവും വരാന്തയും മുഖപ്പോടു കൂടിയ മേൽക്കൂരയും സോപാനം രീതിയിലുള്ള പടികളും ചുമരിലെ ചെങ്കൽ ക്ലാഡിങ്ങും വീടിന് കേരളീയ ഭംഗിയേകുന്നു.
പി.എം. സാലിം, എ.എസ് ഡിസൈൻ ഫോറം, മലപ്പുറം, ഫോൺ: 9947211689