Friday 28 June 2019 12:32 PM IST : By സ്വന്തം ലേഖകൻ

ആഴ്ചകൾ കൊണ്ട് പൊളപ്പനൊരു ആഡംബര വീട്; അമ്പരപ്പിച്ച് നിർമ്മാണ രീതി; വൈറൽ വിഡിയോ

australia-home

‘വെറും ആഴ്ചകൾ വീടോ?’ മൂക്കത്ത് വിരൽ വച്ച് കൊണ്ട് മലയാളി ആ ചോദ്യം ചോദിക്കുകയാണ്. ആ വാർത്ത കേട്ട് അന്തം വിടുന്ന മലയാളിയെ അങ്ങനെയങ്ങ് കുറ്റം പറയാൻ ഒക്കത്തില്ല. ഒന്നിനു പകരം പത്ത് പ്ലാനും വരച്ച്... ഐഡിയയായ ഐഡിയയെല്ലാം പരീക്ഷിച്ച് മാസങ്ങൾക്കിപ്പിറം വീട് പാല് കാച്ചാനിറങ്ങുന്ന മലയാളിക്ക് പന്ത്രണ്ട് ആഴ്ചയിലെ വീട് സങ്കൽപ്പത്തിലെന്നല്ല സ്വപ്നങ്ങളിൽ പോലുമില്ല. സാമ്പത്തിക പരാധീനതൾക്കൊപ്പിച്ച് വീടു പണിക്ക് വർഷങ്ങളുടെ വാലിഡിറ്റി നൽകുന്നവരും മേൽപ്പറഞ്ഞ സംഗതി കേട്ട് അന്തം വിടും, ഉറപ്പ്.

ചുരുങ്ങിയ കാലദൈർഘ്യത്തിനുള്ളിൽ കൃത്യമായി പറഞ്ഞാൽ 12 ആഴ്ച കൊണ്ട് ഒരു വീട് പടുത്തുയർത്തിയ കഥയാണ് സോഷ്യൽ മീഡിയക്ക് അത്ഭുതവും വിസ്മയവും സമ്മാനിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നാണ് ആ സ്വപ്ന വീടിന്റെ കഥ പുറത്തു വരുന്നത്. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തീര്‍ത്തുവെന്നതു മാത്രമല്ല ചുരുങ്ങിയ ജോലിക്കാരും വ്യത്യസ്തമാര്‍ന്ന കെട്ടിട നിര്‍മാണരീതിയുമൊക്കെയാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. വ്‌ളോഗറായ ബിന്നിച്ചന്‍ തോമസ് ആണ് ഓസ്‌ട്രേലിയയിലെ പന്ത്രണ്ട് ആഴ്ച്ച കൊണ്ടു നിര്‍മിച്ച വീടിന്റെ വിശേഷങ്ങള്‍ യൂട്യൂബ് വഴി സോഷ്യൽ മീഡിയക്കു മുമ്പാകെ പങ്കുവച്ചിരിക്കുന്നത്.

800 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീട് നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളും വിഡിയോയിൽ വിശദമാക്കുന്നുണ്ട്. തെര്‍മോകോള്‍ ആണ് അടിത്തറയില്‍ ഉപേയാഗിക്കുന്ന പ്രധാന വസ്തുക്കളിലൊന്ന്. തെര്‍മോകോള്‍ അടുക്കിവച്ച് അതിനു മുകളില്‍ കമ്പികള്‍ നിരത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് അടിത്തറ പാകിയിരിക്കുന്നത്.

തടികൊണ്ടുള്ള ഫ്രെയിമുകളാണ് അടിത്തറയ്ക്കു മുകളിലേക്കെത്തുന്നത്. ഫ്രെയിമുകള്‍ വെക്കുന്നതിനൊപ്പം തന്നെ ജനലുകളും ഫിറ്റ് ചെയ്തിരിക്കുന്നതു കാണാം. തടികൊണ്ടുണ്ടാക്കി വെറും മൂന്നുമാസം കൊണ്ടാണ് വീട് പണിയുന്നതെന്നാണ് ഏറ്റവും വലിയ കാര്യം.

അടുത്തതായി മേല്‍ക്കൂരയ്ക്കു മുകളില്‍ ഓടു പാകും. ഓടുകൊണ്ടും മെറ്റലും കൊണ്ടും പാകുന്ന വിധത്തിലുള്ള വീടുകളാണ് ഓസ്‌ട്രേലിയയില്‍ ഏറെയുമെന്ന് വീഡിയോയില്‍ പറയുന്നു. ജിപ്‌സം ബോര്‍ഡുകളും കട്ടകളും കൊണ്ട് ചുവരുകളുടെ പണി പൂര്‍ത്തിയാക്കും. കാര്‍ പോര്‍ച്ച്, ലിവിങ് റൂം, നാല് ബെഡ്‌റൂമുകല്‍, ടോയ്‌ലറ്റ്, കിച്ചണ്‍, പാന്‍ട്രി, എന്നിവയാണ് വീട്ടിലുള്ളത്.