Saturday 05 December 2020 04:52 PM IST

കണ്ടു മടുത്താൽ രൂപം മാറ്റാവുന്ന വീട്, കട്ടയും സിമൻറും വേണ്ട! 1750 ചതുരശ്രയടിയിൽ മുപ്പത് ലക്ഷത്തിന് ഇരുനില വീട്

Ali Koottayi

Subeditor, Vanitha veedu

vajid 1

കോഴിക്കോട് മായനാട് പ്രസാദിന്റെയും മിനിയുടെയും വീടു കാണുന്നവര്‍ രണ്ടാമത് ഒന്നുകൂടി നോക്കുമെന്ന് തീർച്ചയാണ്. ആകർഷകമായ ഡിസൈനും ചെറിയ പ്ലോട്ടിലെ ക്രമീകരണവുമാണ് ഇതിന് കാരണം. എന്നാൽ കട്ടയോ കോൺക്രീറ്റോ ഇല്ലാത്ത വീടാണെന്ന് കേൾക്കുമ്പോഴാണ് വീട് കയറി കാണാനും എങ്ങനെ പണിതതാണെന്ന് അറിയാനും താൽപര്യം ഉണ്ടാവുക. ഇരുനില വീട് മുഴുവൻ സിമന്റ് ഫൈബർ ബോർഡിലാണ്. താഴെയും മുകളിലുമായി നാലു കിടപ്പുമുറികൾ; ഒപ്പം മറ്റു സൗകര്യങ്ങളും. ഡിസൈൻ ചെയ്തത് ഡിസൈനർ വാജിദ് റഹ്മാൻ

vajid5

വീടിനകത്തെ വിശാലത കണക്കിലെടുത്ത് താഴത്തെ നിലയിൽ ഒരു കിടപ്പുമുറി മാത്രമാണ് ക്രമീകരിച്ചത്. സിറ്റ്ഔട്ട്, ഡൈനിങ്, ലിവിങ്, കിച്ചൻ, മെയ്ഡ്സ് റൂം എന്നിവയാണ് മറ്റു ക്രമീകരണങ്ങൾ. മുകളിലെ നിലയിൽ മൂന്ന് കിടപ്പുമുറി, ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. വലിയ ജനലുകളും വുഡൻ ഫ്ലോറിങ്ങും വീട്ടുകാർക്ക് വീടിനെ കൂടുതൽ ആസ്വദിക്കാൻ സഹായിക്കുന്നു.

vajid 2

വുഡന്‍ പ്ലാങ്ക്സ് ആണ് ഫ്ലോറിൽ. മറ്റു സൈറ്റുകള്‍ കൂടി പരിഗണിച്ച് ഒരുമിച്ച് വാങ്ങിയതുകൊണ്ടു 90 രൂപയ്ക്ക് ലഭിച്ചു എന്ന് വാജിദ്. കോണാകൃതിയിലുള്ള സിറ്റ്ഔട്ട് കടന്നുചെല്ലുന്നത് വിശാലമായ ഹാളിലേക്ക്. ഇവിടെയാണ് ലിവിങ്, ഡൈനിങ്, വാഷ്ഏരിയ, സ്റ്റെയർ എന്നിവ ക്രമീകരിച്ചത്. ജിഐ പൈപ്പിലും റബ്‍വുഡിലുമാണ് സ്റ്റെയർ. മുകളിലെ നിലയിലെ കിടപ്പുമുറിയിൽ നിന്ന് കടന്നിരിക്കാവുന്ന ബാൽക്കണി. ഇത് വീടിന്റെ പുറംകാഴ്ചയുടെ ആകർഷണങ്ങളിൽ പ്രധാനിയാണ്.

vajid6

ഭിത്തി സിമന്റ് ഫൈബർ ബോർഡും മേൽക്കൂര ഓടും ആയതുകൊണ്ട് തറ അധികം ബലത്തിൽ പണിയേണ്ടതില്ല. ഭൂമിയുടെ നിരപ്പിൽ നിന്ന് ഉയർന്നാണ് തറ നിൽക്കുന്നത്. താഴെയുള്ള ഭാഗം ഉപയോഗപ്പെടുത്താം. ഇവിടെ കിണറിന്റെ പകുതിയും വരുന്നത് വീടിനടിയിലാണ്. വീപ്പയിൽ‍ കോൺക്രീറ്റ് നിറച്ച് മെറ്റൽ പില്ലറുകള്‍ നൽകുന്നു. ഇതിനു മുകളിൽ മെറ്റൽ സ്ട്രക്ചർ തീർത്ത് 15 എംഎം കനത്തിലുളള ഷീറ്റ് വിരിച്ച് തറ പൂർത്തിയാക്കുന്നു. അതിനു മുകളിൽ ഫ്ലോറിങ് മെറ്റീരിയൽ നൽകി.

vajid7

ഭിത്തിക്കായുള്ള മെറ്റൽ സ്ട്രക്ചർ കെട്ടിയതിനുശേഷം മേൽക്കൂര പണിയുന്നു. അതിനുശേഷമാണ് മറ്റു ജോലികളെല്ലാം തീർക്കുന്നത്. മേൽക്കൂര തീർത്തതു കൊണ്ടുതന്നെ ഇതിനു താഴെ വരുന്ന ജോലികൾ എളുപ്പത്തിൽ തീർക്കാനാവുന്നു. പിന്നെയാണ് ഭിത്തി പണിയുന്നത്. 2x2 ഇഞ്ച് കനത്തിൽ മെറ്റൽ പൈപ്പിന്റെ ഇരുവശങ്ങളിൽ എട്ട് എംഎം കനത്തിലുള്ള സിമന്റ് ഫൈബർ ബോർഡ് സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്നു. അതിനു മുൻപേ പ്ലമിങ്, വയറിങ് വർക്കുകൾ‌ പൂർത്തിയാക്കിയിട്ടുണ്ടാകും. ശേഷം പുട്ടിയിട്ട് പെയിന്റ് ചെയ്യുന്നു. വെള്ളത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് ബാത്റൂമിലെ ഭിത്തി വാട്ടർ പ്രൂഫ് ചെയ്തു.

vajid3

ആദ്യ നിലയുടെ മേൽക്കൂര, തറയ്ക്ക് നൽകിയതുപോലെ 15 എംഎം കനത്തിലുള്ള ഷീറ്റാണ്. ഇതിനു മുകളിൽ വുഡൻ പ്ലാങ്ക്സ് കൊണ്ടു രണ്ടാം നിലയുടെ ഫ്ലോറിങ്. താഴെ ജിഐ പൈപ്പിൽ സീലിങ്. അലുമിനിയം ഫാബ്രിേക്കഷനിൽ ഭിത്തി നിറയുന്ന ജനലുകൾ. അവയ്ക്കരികിൽ തടിയിൽ ഭിത്തിയോട് ചേർത്ത് ഇൻബിൽറ്റായി നൽകിയ ഇരിപ്പിടങ്ങൾ. ഓട് മേഞ്ഞ മേൽക്കൂരയും വുഡന്‍ ഫ്ലോറിങ്ങിന്റെ തണുപ്പും കാറ്റിനെ അകത്തെത്തിക്കുന്ന വലിയ ജനലുകളും ചൂടിനെ പുറത്തേക്കോടിക്കാന്‍ വെന്റിലേഷനും നൽകി. സിമന്റ് ഫൈബർ ബോർഡ് ആയതുകൊണ്ടു തന്നെ വീട്ടുകാർക്ക് ഇഷ്ടത്തിനനുസരിച്ച് അഴിച്ചെടുക്കാം. പുതിയവ കൂട്ടിച്ചേർക്കാം.

vajid4
Tags:
  • Vanitha Veedu