Saturday 19 December 2020 05:06 PM IST

കുത്തനെ ചെരിഞ്ഞ പ്ലോട്ട്, നിരപ്പാക്കാതെ തന്നെ വീടൊരുക്കി, ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഡിസൈൻ

Ali Koottayi

Subeditor, Vanitha veedu

faisal 4

മലപ്പുറം മഞ്ചേരിയിലെ ഹക്കീമിന്റെയും ഷഹലയുടെയും വീടാണിത്. ഡിസൈൻ ചെയ്തത് ഡിസൈനറായ ഫൈസൽ നിർമാൺ. ‌ വീട് ഇങ്ങനെ വേണം എന്നുള്ള വാശിയൊന്നും ഹക്കീമിനുണ്ടായിരുന്നില്ല. വീട് വയ്ക്കാനായുള്ളസ്ഥലം ഉയർന്നതായിരുന്നു. ആകെ 14 സെന്റ്. ഭൂമിയുടെ ലെവലിൽ ഒട്ടും മാറ്റം വരുത്താതെ വീട് പണിതു. പ്രധാന റോഡിൽ നിന്ന് മാറി നിറയെ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ വീടിന്റെ ഡിസൈൻ തീരുമാനിച്ചതും ചുറ്റുപാടിനെകൂടി കണക്കിലെടുത്താണ്. ട്രോപ്പിക്കൽ ശൈലിയിൽ ചരിഞ്ഞ മേൽക്കൂരയും വൈറ്റും ഗ്രേയും ചേർന്ന കളർ കോംബിനേഷനും വന്നത് അങ്ങനെയാണ്. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തിൽ വെളുത്ത വീട് ആകർഷകമാണ്. റാംപ് വഴിയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ഇരുഭാഗത്തും കരിങ്കൽ ഭിത്തി കെട്ടി ഉറപ്പിച്ചു. മേൽക്കൂരയിൽ ഓട് പാകി. പുറംഭിത്തിയിൽ ചൂട് വായുവിനെ പുറംതള്ളാനായി ക്രോസ് ആകൃതിയിൽ എയർവെന്റുകൾ നൽകി. ഇത് ഒരേ സമയം പുറംകാഴ്ചക്ക് ഭംഗിയോടൊപ്പം, രാത്രി ലൈറ്റിട്ടാൽ പുറത്തേക്ക് പ്രകാശം ലഭിക്കാനും സഹായിക്കുന്നു. 1600 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം.

faisal new 1

സിറ്റ്ഔട്ട്, രണ്ട് കിടപ്പുമുറി, അടുക്കള, വർക്ഏരിയ എന്നിവ താഴെയും അപ്പർലിവിങ്ങും ഒരു കിടപ്പുമുറിയും മുകളിലുമാണുള്ളത്. ആവശ്യമെങ്കിൽ ഭാവിയിൽ മുറികൾ വിപുലപ്പെടുത്താൻ പാകത്തിൽ ഓപൻ ടെറസ്സും ഒരുക്കി.തുറസ്സായ നയത്തിലാണ് അകത്തളം ഒരുക്കിയത്. ഓരോ ഇടവും പരസ്പരം സംവദിച്ചു നിലകൊള്ളണമെന്നത് അംഗങ്ങളുടെ പൊതു അഭിപ്രായമായിരുന്നു. അതുകൊണ്ടാണ് ഹാളില്‍ ലിവിങ്, ഡൈനിങ് എന്നിവ ഭിത്തികൊണ്ട് വേർതിരിക്കാതെ നൽകിയത്.

faisal new2

വെള്ള നിറവും അകത്തളത്തെ കൂടുതൽ വിശാലമായി തോന്നിക്കുന്നു. ഫ്ലോറിൽ‌ വെളുത്ത വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. ജനലിന്റെയും വാതിലിന്റെയും നിറം വെള്ളതന്നെ. ഹൈലൈറ്റ് ചെയ്യേണ്ട ഭാഗങ്ങൾ മാത്രം ജിപ്സം ഫോൾസ് സീലിങ് നൽകി. റോളർ ബ്ലൈൻഡുകളും റോമൻ കർട്ടനുകളും അകളത്തിന്റെ ചന്തം വർധിപ്പിക്കുന്നതിലെ പ്രധാനികളാണ്. വ്യത്യസ്ത കളര്‍ തീമിലാണ് മുറികള്‍ ഒരുക്കിയത്. ആവശ്യമായ ഫർണിച്ചറിന്റെ അളവും മോഡലും പറഞ്ഞുകൊടുത്തു വാങ്ങിപ്പിച്ചു. ബജറ്റ് നിയന്ത്രിക്കുന്നതിന് ഇത് ഏറെ സഹായിച്ചു.

faisal new1

‘യു’ ഷേപ്പ് മോഡുലാർ കിച്ചനൊപ്പം വർക്ഏരിയയിൽ പുകയടുപ്പും ഒരുക്കി. കോംപസിറ്റ് പാനൽ കൊണ്ടാണ് കിച്ചൻ കബോർഡുകൾ നൽകിയത്. കിച്ചന് കുറച്ച് വലുപ്പം വേണമെന്നതും സ്റ്റോർ റൂമും വീട്ടുകാരി ഷഹലയുടെ ആവശ്യങ്ങളിൽ പ്രധാനമായിരുന്നു. വീടിന്റെ പൊതുവായ വൈറ്റ് തീം ഇവിടെയും കൊണ്ടുവരാൻ ശ്രമിച്ചു.

faisal3

വീട്ടുകാരുടെ ഇഷ്ടങ്ങള്‍ വളരെ ലളിതമായിരുന്നു. അതുകൊണ്ടുതന്നെ ക്രമീകരണങ്ങളും അങ്ങനെ മതിയെന്നായിരുന്നു അവർക്ക്. കണ്ണിൽ തറക്കുന്ന നിറങ്ങളോ അലങ്കാരത്തിനായുള്ള ഗിമ്മിക്കുകളോ നൽകിയിട്ടില്ല. അകത്തളത്തിന്റെ സ്വാഭാവികതയ്ക്ക് വിലങ്ങു തടിയാവുന്ന ഫർണിച്ചർ നൽകാതിരിക്കാനും ശ്രദ്ധിച്ചു. ചെറിയ ഡൈനിങ് ടേബിളും ലിവിങ്ങിനോ‍ട് ചേർന്ന സോഫയും നല്‍കി. കട്ടിലും വാഡ്രോബും മാത്രമാണ് കിടപ്പുമുറിയിൽ ഉള്ളത്. മുറികളിൽ കാറ്റിനും വെളിച്ചത്തിനുമാണ് പ്രാധാന്യം നൽകിയത്.

faisal5

ഫൈസൽ നിർമാൺ

നിർമാൺ ഡിസൈൻസ്, മഞ്ചേരി

enq@nirmandesign.com

Tags:
  • Vanitha Veedu