Tuesday 11 June 2019 07:07 PM IST : By

ഒന്നിനെ മറ്റൊന്നാക്കി മാറ്റുമ്പോഴാണ് ഇരട്ടിച്ചെലവ്; തനിമ നിലനിർത്തിയാൽ ചെലവ് താനേ കുറയും

cost

ഒന്നിനെ മറ്റൊന്നായി മാറ്റുന്ന ഇന്ദ്രജാലക്കാഴ്ചകളാണ് നമ്മുടെ വീടുകളുടെ ഇന്റീരിയറിൽ നിറയെ. കോൺക്രീറ്റ് തേക്കിൻ തടിയാകുന്നു, സിമന്റ് കരിങ്കല്ലാകുന്നു... ആകെ മറിമായം തന്നെ. ആര് ആരെയാണ് പറ്റിക്കുന്നത് എന്നതിനു മാത്രം ഉത്തരം കിട്ടുന്നില്ല. ഏതു നിർമാണവസ്തുവും അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നതാണ് ശരിയായ രീതി. അതാണ് സത്യസന്ധത. അതിന് അതിന്റേതായ ഭംഗിയുണ്ടാകും. അതല്ലെങ്കിൽ കൃത്രിമത്വമാകും മുഴച്ചു നിൽക്കുക. കോൺക്രീറ്റ് ബീമിനെ കോൺക്രീറ്റ് ബീമായി തന്നെ അവതരിപ്പിക്കുക. അതിൽ അഭംഗിയൊന്നും ഇല്ലെന്നു മനസ്സിലാക്കുക. ഒന്നിനെ മറ്റൊന്നാക്കുമ്പോഴുള്ള ഇരട്ടിച്ചെലവ് ഒഴിവാക്കാൻ ഈ മനോഭാവം സഹായിക്കും.

വീട് വയ്ക്കുന്ന സ്ഥലത്തിന്റെ തനിമ നിലനിർത്തുക. തട്ടുതട്ടായുള്ള സ്ഥലം അങ്ങനെതന്നെ നിലനിർത്തി വീടുപണിയാം. അതാണ് നീതി. മണ്ണ് മുഴുവൻ ഇടിച്ചുനിരത്തി നിരപ്പാക്കിയേ വീടുപണിയാവൂ എന്നു നിർബന്ധമൊന്നും ഇല്ല. പ്ലോട്ടിന്റെ സ്വാഭാവികപ്രകൃതിക്കിണങ്ങിയ രൂപകൽപനയിലാണ് വീട് മനോഹരമാകുക. സങ്കീർണമാകും തോറും ചെലവും കൂടും എന്നോർക്കണം.

ചെലവ് കുറച്ച് വീടുപണിയാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളും മണ്ണിട്ട് നികത്തിയ സ്ഥലവും ഒഴിവാക്കണം. ഇവിടങ്ങളിൽ വീടു പണിയുമ്പോൾ അടിത്തറയ്ക്ക് വളരെയധികം പണം ചെലവാകും. സ്ഥലം വാങ്ങുമ്പോൾ മറ്റു കാര്യങ്ങളോടൊപ്പം മണ്ണിന് ഉറപ്പുണ്ടോ എന്നതും പരിശോധിക്കുന്നതു നന്നായിരിക്കും.

പുനരുപയോഗം ചെലവ് കുറയ്ക്കാനുള്ള ഒന്നാംതരം മാർഗമാണ്. പഴയ തടി, ഓട് എന്നിവയൊക്കെ പ്രയോജനപ്പെടുത്താം. കേടുപാടില്ലാത്ത കട്ട പോലും പുനരുപയോഗിക്കാവുന്നതാണ്. പഴയ തടിയുടെയും മറ്റും വിപണി അനുദിനം സജീവമാകുകയാണ്. വാതിൽ, ജനൽ എന്നിവയുടെ കാര്യത്തിലൊക്കെ ഇത്തരം സങ്കേതങ്ങൾ പരമാവധി പ്രയോജനപ്പെടുത്താം. അധികം വരുന്ന നിർമാണവസ്തുക്കൾ മറ്റുള്ളവർക്ക് നൽകാനുള്ള നല്ല മനസ്സും വളർത്തിയെടുക്കാം. ഫർണിച്ചറിന്റെ കാര്യത്തിലും പുനരുപയോഗ നയം പിന്തുടരാവുന്നതാണ്.

മുള പോലെ സുലഭമായ നിർമാണവസ്തുക്കൾ പ്രയോജനപ്പെടുത്തുന്നത് ചെലവ് കുറയ്ക്കും. സ്റ്റീൽ പോലെ ഈടും ഉറപ്പുമുള്ളതാണ് മുള. വളരെ വേഗം വളർത്തിയെടുക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കോൺക്രീറ്റിൽ കമ്പിക്കു പകരം മുള ഉപയോഗിക്കാനാകും. പാർട്ടീഷൻ, അഴികൾ, ജാളി എന്നിവയ്ക്കും മുള പ്രയോജനപ്പെടുത്താം. ചെലവ് കുറയ്ക്കാൻ മാത്രമല്ല, പരിസ്ഥിതിയെ സംരക്ഷിക്കാനും നല്ലൊരു വഴിയാണിത്. ട്രീറ്റ് ചെയ്ത മുളയ്ക്ക് ഈട് കൂടും എന്ന കാര്യവും അറിയണം.

‘കംപ്രസ്ഡ് എർത് ബ്രിക്സ്’ എന്നറിയപ്പെടുന്ന മൺകട്ടയുടെ ഉപയോഗം ചെലവ് ഗണ്യമായി കുറയ്ക്കും. മാത്രമല്ല, ചൂട് കുറയ്ക്കാനും ഇതുപകരിക്കും. മൺകട്ട നിർമിക്കാനുള്ള പല മാർഗങ്ങൾ പ്രചാരത്തിലുണ്ട്. വീടു വയ്ക്കുന്ന സ്ഥലത്തെ തന്നെ മണ്ണ് പ്രയോജനപ്പെടുത്താം എന്നതാണ് ഒരു മെച്ചം. ചെറിയ പരിശീലനത്തിലൂടെ വീട്ടുകാർക്കു തന്നെ ഇതു പഠിച്ചെടുക്കാവുന്നതേയുള്ളൂ.

നമ്മൾ സ്ഥിരം കാണുന്ന രീതിയിലല്ലാതെ കാര്യങ്ങളെ സമീപിക്കാം. വിസ്മയം വിടരുന്നതിനൊപ്പം ചെലവ് കുറയ്ക്കാനുള്ള വഴിയും തെളിയും. ജനാലയുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. കട്ടിളയിൽ പിടിപ്പിച്ച സ്ഥിരം ജനാലയിൽ നിന്ന് വ്യത്യസ്തമായി അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ ഒറ്റപ്പലകകൊണ്ടു പോലും ജനാല (Pivoted Window) നിർമിക്കാം. മാതൃകകൾ പിന്തുടരുക മാത്രമേ ചെയ്യൂ എന്ന നിലപാട് ചെലവ് ചുരുക്കലിന് സഹായകമാകില്ല. പരീക്ഷണങ്ങൾക്കു തയാറാകണം. ■

വിവരങ്ങൾക്ക് കടപ്പാട്;

ആർ.എസ്. ലിസ

ആർക്കിടെക്ട്

അജിത് നടരാജൻ അസോഷ്യേറ്റ്സ്

തിരുവനന്തപുരം