Tuesday 22 January 2019 06:04 PM IST : By

മുഖം മിനുക്കിയ പ്രതാപം; വാസ്തു ശാസ്ത്രത്തിന്റെ ശ്രീകോവിലായ കാണിപ്പയ്യൂർ മനയ്ക്ക് പുതിയഭാവം

veedu

വാസ്തുശാസ്ത്രത്തിന്റെ പെരുമ പേറുന്ന കാണിപ്പയ്യൂർ മനയുടെ പ്രൗഢി ഈയിടെയായി കൂടിയിട്ടുണ്ട്. മനയുടെ രൂപമാറ്റമാണ് ഇതിനു പിന്നിൽ. മനയുടെ മുൻഭാഗം അഥവാ പടിഞ്ഞാറ്റിനിയാണ് മാറ്റത്തിനു വിധേയമായത്. പിൻഭാഗം അതേപടി നിലനിർത്തി. പടിഞ്ഞാറ് ഉയർന്നും കിഴക്ക് താഴ്ന്നുമുള്ള പ്ലോട്ടിന് അനുസൃതമായാണ് നിർമാണം നടത്തിയത്.

ക്ഷേത്ര മാതൃകയിൽ

അമ്പലങ്ങളുടെ അളവുകളും പ്ലാനും കണക്കാക്കുന്നതിൽ അവസാനവാക്കാണ് കാണിപ്പയ്യൂർ നമ്പൂതിരിമാരുടേത്. ഇവിടെ വരുന്ന സന്ദർശകരിൽ അധികവും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്ഷേത്രമാതൃകയിൽ പുതിയഭാഗം ഒരുക്കിയതെന്ന് മകൻ ക‍ൃഷ്ണൻ നമ്പൂതിരിപ്പാട് വിശദമാക്കുന്നു. ഇതിൽ വൈദഗ്ധ്യം നേടിയ മലപ്പുറത്ത് തിരുനാവായയിലുള്ള പണിക്കാരാണ് നിർമാണം നടത്തിയത്.

പഴയ പടിഞ്ഞാറ്റിനി പൊളിച്ച് പുരാതന രീതിയിൽ പുതിയ പടിഞ്ഞാറ്റിനി പണിതു. ഉപയോഗത്തിൽ മാത്രം മാറ്റം വരുത്തിയില്ല. ഓഫിസ് ആവശ്യങ്ങൾക്കാണ് പടിഞ്ഞാറ്റിനി അന്നും ഇന്നും ഉപയോഗിക്കുന്നത്. മൂന്നുവശത്തും ചായ്പോടും പൂമുഖത്തോടും കൂടി ക്ഷേത്രമാതൃകയിൽ വെട്ടുകല്ല് ഉപയോഗിച്ചാണ് നിർമാണം. പടിഞ്ഞാറെ ചായ്പ് സന്ദർശകരുടെ കാത്തിരിപ്പു മുറിയാണ്. തെക്കേ ചായ്പ് ഓഫിസ്. വടക്കേ ചായ്പിൽ മുകളിലെ നില അഥവാ ആരൂഢഗൃഹത്തിലേക്കുള്ള ഗോവണി നൽകി. മുകളിലെ നിലയില്‍ ഒരു മുറിയാണുള്ളത്. ഓഫിസ് അംഗങ്ങൾക്കും വാസ്തുശാസ്ത്രം പഠിക്കാനെത്തുന്നവർക്കും വേണ്ടിയുള്ളതാണ് അത്.

v1

തൃശൂർ വടക്കാഞ്ചേരിക്കടുത്തുനിന്ന് ലഭിക്കുന്ന ദൃഢമായ വെട്ടുകല്ലാണ് പണിയാനുപയോഗിച്ചത്. പുറംഭാഗം തേച്ചിട്ടില്ല; ഉൾഭാഗം തേച്ച് പെയിന്റ് ചെയ്തു. ക്ഷേത്രമാതൃകയിൽ പഞ്ചവർഗത്തറയും പ്രധാനവാതിലിന്റെ ഇരുവശത്തും ദ്വാരപാലകരുമുണ്ട്. ക്ഷേത്രഭിത്തി അലങ്കാരങ്ങളായ പഞ്ജരം, ഭിത്തിക്കാലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

തേക്കുകൊണ്ടാണ് പ്രധാനവാതിൽ. അടിപ്പടി ശിലയിൽ നിർമിച്ചു. എട്ടുകള്ളികളോടും സൂത്രപ്പട്ടികയിൽ അലങ്കാരമായ താമരമൊട്ടുകളോടും മുകളിൽ മംഗളപലകയോടും കൂടി ശാസ്ത്രയുക്തമായാണ് വാതിൽ പണിതിരിക്കുന്നത്.

വേങ്ങത്തടിയിലുള്ള കഴുക്കോലിലും പട്ടികയിലും ഓടു മേഞ്ഞതാണ് താഴത്തെ നിലയുടെ മേൽക്കൂര. മുകളിലെ ആരൂഢത്തിന് ഇരുമ്പിലാണ് ഓടു പാകിയത്. തറയിൽ ഗ്രാനൈറ്റ് വിരിച്ചു.

v3

മണ്ണിന്റെ മേന്മ

പുതിയഭാഗവും പഴയ ഭാഗവും തമ്മിൽ നിരപ്പ് വ‍്യത്യാസമുണ്ട്. സിറ്റ്ഔട്ട് വഴിയാണ് ഇവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. പഴയ വീടിന്റെ കിടപ്പുമുറികൾ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. രണ്ടുനിലകളിലായി, 72 സെമീ വീതിയിൽ മണ്ണുകൊണ്ട് ഭിത്തിപണിതിട്ടുള്ള രണ്ടു കിടപ്പുമുറികളാണുള്ളത്. ഈ മുറികൾക്കുള്ളിൽ മണ്ണിന്റെ തണുപ്പ് അനുഭവിച്ചറിയാം. അകത്തെ മൺഭിത്തികൾ തേച്ചിട്ടുണ്ട്; പുറംഭാഗത്തിന് മണ്ണിന്റെ തനിമ തന്നെ ഭംഗി!

10 വർഷം മുൻപ് പുതുക്കിപ്പണിതതാണ് ഈ ഭാഗം. പില്ലർ ബീം നൽകി അതിനു മുകളിലാണ് മണ്ണുകൊണ്ടുള്ള ഭാഗം. പില്ലറിനു താഴെ കാർ പോർച്ചിനു സ്ഥലം ലഭിച്ചു.

v2

ഫൈബർ ബോർഡിൽ പുതിയ നില

പഴയ വീടിനു മുകളിൽ ഒരു നില കൂടി ഇപ്പോൾ കൂട്ടിയെടുത്തു. ട്രീറ്റഡ് സെല്ലുലോയ്ഡ് ഫൈബർ സിമന്റ് ബോർഡ് കൊണ്ടാണ് പുതിയ നില പണിതത്. ഈർപ്പം, തീ എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് ഈ ബോർഡ്. സീലിങ്ങിലും ബോർഡ് നൽകി. മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു.

സ്റ്റീലിൽ ഫൈബർ ബോർഡ് ഉറപ്പിച്ചു നിർമിച്ചഗോവണിയും ഇവിടെ നൽകിയിട്ടുണ്ട്. യുപിവിസി കൊണ്ടുള്ള ജനാലകളും വാതിലുകളുമാണ് ഇവിടെ. തടിയുടെ ഫിനിഷിലുള്ള ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. മുക്കത്തുള്ള ആന്റോ എന്ന എൻജിനീയറാണ് ബോർഡുകൊണ്ടുള്ള ഈ നിലയുടെ സൂത്രധാരൻ.

v4

രണ്ടുനിലയുള്ള തെക്കിനിയും രണ്ടുനിലയുള്ള പടിഞ്ഞാറ്റിനിയും ഉൾപ്പെടുന്നതാണ് കാണിപ്പയ്യൂർ മന. അതിനാൽ ദ്വിശാല രൂപകൽപനയെന്നു പറയാം. രണ്ടു ദിശയിലും ഗൃഹമധ്യസൂത്രം നൽകി.

വാസ്തുശാസ്ത്രത്തിലെ മഹാരഥനായ കാണിപ്പയ്യൂർ അച്ഛൻ നമ്പൂതിരിപ്പാടും അതേപാത പിന്തുടർന്ന് പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന മകൻ നമ്പൂതിരിപ്പാടും ഇവിടെ തിരക്കിലാണ്. മലയാളികൾക്ക് വാസ്തുവിന്റെ മറ്റൊരു പേരാണല്ലോ കാണിപ്പയ്യൂർ! ■

v5
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടും