Friday 27 July 2018 11:27 AM IST : By സ്വന്തം ലേഖകൻ

വീട് പണിയുമ്പോൾ കന്നിമൂല നോക്കണോ?

traditional-house-calicut.jpg.image.784.410

ചതുർശ്ശാലാ (നാലുകെട്ട്) രൂപകൽപ്പനകളിൽ ദിക്ഗൃഹങ്ങളായ വടക്കിനിയും കിഴക്കിനിയും യഥാക്രമം അന്നാലയവും സുഖാലയവും ആയി പറയപ്പെടുന്നു. അതുപോലെത്തന്നെ തെക്കിനിയും പടിഞ്ഞാറ്റിനിയും യഥാക്രമം ധനാലയവും ധാന്യാലയവുമായി പറയപ്പെടുന്നു. അവശേഷിക്കുന്ന നാല് കോൺഗൃഹങ്ങൾ (മൂലകളിൽ വരുന്ന മുറികൾ) ശയന, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് ശാസ്ത്രം പറയുന്നു. അതായത്, നാലുകെട്ടിന്റെ നാല് മൂലകളിൽ വരുന്ന മുറികൾ കിടപ്പുമുറികളായോ പഠനമുറികളായോ ഉപയോഗിക്കാവുന്നതാണ്.

നാലുകെട്ടുകൾക്ക് നാലു മൂലകളിലായി മുറികൾ കണക്കാക്കുമ്പോൾ നടുമുറ്റമില്ലാത്ത ഏകശാലകൾക്ക് രണ്ട് കോൺഗൃഹങ്ങൾ മാത്രമേ പ്രധാനമായി കണക്കാക്കേണ്ടതുള്ളൂ. ഏകശാല എന്നു പറയുമ്പോൾ കിഴക്ക് മുഖമായാലും പടിഞ്ഞാറ് മുഖമായാലും പടിഞ്ഞാറ്റിനി എന്ന ഏകശാലയായി രൂപകൽപന ചെയ്യേണ്ടതാണ്. അതുപോലെത്തന്നെ തെക്ക് മുഖമായാലും വടക്ക് മുഖമായാലും തെക്കിനി എന്ന ഏകശാലയായി രൂപകൽപന ചെയ്യേണ്ടതാണ്.

രണ്ടു പ്രധാന കോണുകൾ
nalukettu

ഇപ്രകാരം രൂപകൽപന ചെയ്യുന്ന പടിഞ്ഞാറ്റിനി ഗൃഹങ്ങൾക്ക് രണ്ടു പ്രധാനപ്പെട്ട കോണുകൾ ആണുള്ളത്. ഒന്ന്, തെക്കുപടിഞ്ഞാറേ കന്നിമൂലയും രണ്ട് വടക്കുപടിഞ്ഞാറേ വായുമൂലയും. അതുകൊണ്ടുതന്നെ പടിഞ്ഞാറ്റിനി പ്രാധാന്യമായ ഏകശാലകളിൽ കിടപ്പുമുറികൾ ഈ രണ്ട് കോണുകളിലാണ് (കന്നിമൂലയിലും വായുമൂലയിലും) ഉത്തമമായി കണക്കാക്കേണ്ടത്. രണ്ടാംനിലയിൽ മുറികൾ രൂപകൽപന ചെയ്യുമ്പോഴും പടിഞ്ഞാറ്റിനി ഗൃഹങ്ങളിൽ കിടപ്പുമുറികൾ ഈ രണ്ടുമൂലകളിൽ തന്നെ വരുന്നതാണ് ഉത്തമം.

തെക്കിനി പ്രാധാന്യമായ ഏകശാലകളാവുമ്പോൾ രണ്ടു പ്രധാനപ്പെട്ട കിടപ്പുമുറികൾ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും വരേണ്ടത് തെക്കുപടിഞ്ഞാറേ കന്നിമൂലയിലും തെക്കുകിഴക്കേ അഗ്നികോണിലുമായി വരുന്നതാണ് ഉത്തമം. അതുകൊണ്ടുതന്നെ ഈ രണ്ടുവിധത്തിലുള്ള ഏകശാലാ രൂപകൽപനകളിലും തെക്കുപടിഞ്ഞാറേ കന്നിമൂല പൊതുവായ ഒരു മൂലയായി കണക്കാക്കുന്നതുകൊണ്ട് കിടപ്പുമുറിയോ ഒരു പ്രധാന മുറിയോ വരുന്നത് ഉത്തമമായി കണക്കാക്കാം.

ഗൃഹരൂപകൽപനയിൽ കന്നിരാശി അഥവാ കന്നിമൂല എന്നു പറയുമ്പോൾ മേൽപ്പറഞ്ഞ ഒരു പ്രാധാന്യത്തിലുപരി പ്രത്യേകതകളൊന്നും ഇല്ല എന്നും മനസ്സിലാക്കേണ്ടതാണ്. തെക്കുപടിഞ്ഞാറേ മൂലയിൽ ഗൃഹത്തിന്റെയോ വാസ്തുവിന്റെയോ കർണ്ണാകാരമായ രേഖയ്ക്ക് (45 ഡിഗ്രി angled diagonal)  വേധം വരാത്ത വിധത്തിൽ എല്ലാ മുറികൾക്കും സ്ഥാനം നിശ്ചയിക്കാവുന്നതാണ്.

ലേഖകൻ

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

വാസ്തുശാസ്ത്രവിദഗ്ധൻ

email: kanipayoor@gmail.com