Saturday 26 December 2020 12:59 PM IST

സ്വന്തം വീടിൽ നിന്ന് വരുമാനവും, നാല് സെന്റിൽ 1200 സ്ക്വയർഫീറ്റിൽ റിസോർട്ട് മാതൃകയിൽ ഒരുക്കിയ സർവീസ് വില്ല

Sunitha Nair

Sr. Subeditor, Vanitha veedu

sunitha2

സർവീസ് വില്ലയാണ്. അതുകൊണ്ടു തന്നെ റിസോർട്ട് മാതൃകയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ചെറുതുരുത്തിയിൽ കേരള കലാമണ്ഡലവും ആയുർവേദ മെഡിക്കൽ കോളജും കേന്ദ്രസർക്കാരിന്റെ പഞ്ചകർമ റിസർച്ച് സെന്ററുമെല്ലാം ഉള്ളതിനാൽ വാടക വീടുകൾക്ക് ആവശ്യക്കാരേറെയാണ്. ഇത് മുന്നിൽക്കണ്ടാണ് ഈ സർവീസ് വില്ല പണിതത്. വീടിന്റെ അലങ്കാരങ്ങളും ക്രമീകരണങ്ങളും ഈ ഉദ്ദേശ്യത്തിനനുസരിച്ചാണ് ചെയ്തിരിക്കുന്നത്. മെയിന്റനൻസ് എളുപ്പമാക്കുന്നതാണ് വീടിന്റെ ഡിസൈൻ എന്നു പറഞ്ഞാൽ അതിശയോക്തിയല്ല.

sunitha 1

സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, താഴെയും മുകളിലും ഓരോ അറ്റാച്‍ഡ് ബെഡ്റൂം, ലോബിയോടു കൂടിയ അപ്പർ ലിവിങ് എന്നിവ ഉൾപ്പെടുന്നതാണ് നാല് സെന്റിൽ 1200 ചതുരശ്രയടിയിൽ സ്വന്തം ആവശ്യത്തിനായി ഡിസൈൻ ചെയ്ത ഈ വീട്.മുറികളെല്ലാം പ്രകൃതിദത്ത വെളിച്ചം കടന്നു വരുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്രമീകരിച്ചത്. അകത്തളങ്ങൾക്ക് ആകർഷണീയതയും വിശാലതയും സമ്മാനിക്കാൻ ഓപൻ പ്ലാൻ സഹായിക്കുന്നു. അനാവശ്യ ചുമരുകൾ ഒഴിവാക്കിയത് പരമാവധി സ്ഥലം പ്രയോജനപ്പെടുത്താൻ സഹായകമായി.

sunitha3

ബോക്സ് ഡിസൈൻ ആണ് കന്റെംപ്രറി ശൈലിയിലുള്ള എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്. ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലം ഉപയോഗിക്കാനാണ് ചരിച്ചു വാർക്കാതെ ഫ്ലാറ്റ് റൂഫിൽ ബോക്സ് ആകൃതി നൽകിയത്. മുകൾനിലയിൽ കാണുന്ന പ്രൊജക്‌ഷൻ ഏരിയ ഗ്ലാസ് ഇട്ട് മനോഹരമാക്കി. രണ്ട് ലെവൽ ആയി തോന്നുന്നതിന് ഏഴ് അടിയിലാണ് ഇവിടം വാർത്തിരിക്കുന്നത്. പ്ലോട്ടിൽ മൂന്ന് മരങ്ങളുണ്ടായിരുന്നു. അവ സംരക്ഷിക്കുന്ന തരത്തിലാണ് വീട് രൂപകൽപന ചെയ്തത്. പറമ്പിൽ കിണറും കുഴിച്ചിട്ടുണ്ട്.

sunitha7

ജിെഎ പൈപ്പും ഷീറ്റും ഉപയോഗിച്ചാണ് ഗെയ്റ്റ് പണിതത്. ചെലവ് കുറച്ച് ഭംഗി നേടാൻ മതിലിൽ സിമന്റ് കൊണ്ട് ഡിസൈൻ ചെയ്ത് ഗ്ലോസി പെയിന്റ് അടിച്ചു. പ്രളയസമയത്ത് കരിങ്കല്ല് കിട്ടാൻ പ്രയാസമായതിനാൽ പില്ലർ കെട്ടിയാണ് അടിത്തറ പണിതത്. സിമന്റ് ഇഷ്ടിക കൊണ്ടാണ് ചുമര് കെട്ടിയത്.ഓരോ ഇഞ്ചും പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. സിറ്റ്ഔട്ടിലെ ഷൂറാക്കിനൊപ്പം തന്നെ ഇരിപ്പിടവും നൽകി. ലിവിങ് റൂമിൽ ജൂട്ടിൽ തീർത്ത സോഫയും ടീപോയും ആണ് ആകെയുള്ള അലങ്കാരം. ജിെഎ പൈപ്പും നാനോ വൈറ്റ് സ്ലാബും കൊണ്ടാണ് നാല് പേർക്കിരിക്കാവുന്ന ഡൈനിങ് ടേബിൾ നിർമിച്ചത്.കിടപ്പുമുറിയിൽ അഞ്ചടിയുള്ള കട്ടിലുകളും സൈഡ് ടേബിളും നിർമിച്ചത് ജൂട്ട് മെറ്റീരിയലും പ്ലൈവുഡും കൊണ്ടാണ്. വാഡ്രോബുകളുടെയും കിച്ചൻ കാബിനറ്റുകളുടെയും അകത്തെ തട്ടുകൾ ഫെറോസിമന്റ് കൊണ്ടും ഷട്ടറുകൾ അലുമിനിയം കോംപസിറ്റ് പാനൽ കൊണ്ടുമാണ് നിർമിച്ചത്.

sunitha5

സ്റ്റെയർകെയ്സിന്റെ ഡിസൈനും ശ്രദ്ധേയമാണ്. മാറ്റ് ഫിനിഷിലുള്ള ജിെഎ പൈപ്പ് കൊണ്ടാണ് ഗോവണിയുടെ ഹാൻഡ്‌റെയിലുകൾ പണിതത്. മഹാഗണി തടി കൊണ്ടാണ് പടികൾ. സ്റ്റെയർകെയ്സിന്റെ ലാൻഡിങ് നീട്ടിയെടുത്ത് സ്റ്റഡി ഏരിയ ക്രമീകരിച്ചു.വീടിനു മുഴുവൻ പ്രകാശം പകരുന്നത് എൽഇഡി വാം ലൈറ്റുകളാണ്. ഓ ഫ്‌വൈറ്റ് നിറമാണ് വീടു മുഴുവൻ.WPC മെറ്റീരിയൽ കൊണ്ടാണ് വാതിലുകളും കട്ടിളയും. 25 വർഷം വരെ ഗ്യാരണ്ടി ഉണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. ചെറിയ ജനാലകളാണ് അടുക്കളയിൽ. കാബിനറ്റുകൾക്ക് സ്ഥലം ലഭിക്കുന്നതിന് വേണ്ടിയും പാറ്റേൺ പിന്തുടരുന്നതിനു വേണ്ടിയുമാണ് ചെറിയ ജനാലകൾ നൽകിയത്. ബ്ലൈൻഡ്സ് ആണ് അടുക്കളയി ൽ ഉപയോഗിച്ചിട്ടുള്ളത്. മറ്റിടങ്ങളിൽ കർട്ടൻ നൽകി.

sunitha6

വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. ജനാലകൾക്ക് തിരശ്ചീനമായ അഴികൾ മാത്രം നൽകിയത് ഭംഗിക്കും മെയിന്റനൻസിനും സഹായകമാണ്. ജിെഎ പൈപ്പ് കൊണ്ടുള്ള ജനലഴികളിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തിരിക്കുകയാണ്. കഴിവതും ചെലവ് കുറച്ചാണ് നിർമാണം. തടിയുടെ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ട്. ജനലിനും വാതിലിനും വാഡ്രോബുകൾക്കും കാബിനറ്റിനുമൊന്നും തടി ഉപയോഗിച്ചിട്ടില്ല.ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടു നൽകി. ഇലക്ട്രിക്, പ്ലമിങ് സാമഗ്രികളെല്ലാം കോയമ്പത്തൂരിൽ നിന്ന് നേരിട്ട് കുറഞ്ഞ വിലയ്ക്ക് വാങ്ങി. കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതും ചെലവ് നിയന്ത്രിക്കാൻ സഹായകമായി എന്നതിൽ തർക്കമില്ല.

sunitha4

ബീപീസ് ഡിസൈൻസ്

ചെറുതുരുത്തി, തൃശൂർ

bpsaleem1@gmail.com

9847155166, 8086667667

Tags:
  • Vanitha Veedu