Wednesday 03 March 2021 03:41 PM IST : By സ്വന്തം ലേഖകൻ

ഇത് പോലൊരു വീട് വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല, 12 ലക്ഷത്തിന് 950 ചതുരശ്രയടിയിൽ വളരുന്ന വീട്! സൗകര്യങ്ങൾക്കും കുറവില്ല

sinu new 1

മുൻവിധികൾ മാറ്റിവച്ചു വേണം ചാത്തന്നൂരിലെ ‘കൃഷ്ണകൃപ’ എന്ന വീട്ടിലെത്താൻ. കണ്ടുശീലിച്ചതിൽ നിന്നു തീർത്തും വ്യത്യസ്തമാണ് ഈ വീടിന്റെ രൂപഭാവങ്ങൾ. കാഴ്ചയിൽ മാത്രമല്ല, ഉയർത്തിക്കാട്ടുന്ന ആശയത്തിലുമുണ്ട് പുതുമയുടെ പ്രശോഭ.ലോട്ടറി വിൽപനക്കാരാണ് വീട്ടുകാരായ നവീൻ കുമാറും നിഷയും. മകൻ നിരഞ്ജൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മൂന്നു വശവും വഴിയുള്ള, ചെരിഞ്ഞ ഘടനയിലുള്ള അഞ്ചര സെന്റിൽ വീടു പണിയണം എന്ന ആവശ്യവുമായാണ് വീട്ടുകാർ ആർക്കിടെക്ട് ടീമിനെ സമീപിച്ചത്. ഒരു കിടപ്പുമുറിയും അത്യാവശ്യ സൗകര്യങ്ങളും ഉള്ള, ഭാവിയിൽ വലുതാക്കാവുന്ന വീട് എന്നതായിരുന്നു ആവശ്യം. വീട് എത്ര ചെറുതാണെങ്കിലും രണ്ട് കിടപ്പുമുറിയെങ്കിലും വേണം എന്ന് മിക്കവരും നിർബന്ധം പിടിക്കുമ്പോൾ ഇപ്പോൾ ഒരു കിടപ്പുമുറി മതി എന്ന വീട്ടുകാരുടെ തീരുമാനം ആർക്കിടെക്ട് ‍ടീമിന് കൗതുകമായി തോന്നി.

sinu new 2

12 ലക്ഷം രൂപയായിരുന്നു വീട്ടുകാരുടെ ബജറ്റ്. അതിനുള്ളിൽ തന്നെ വീടു പൂർത്തിയാക്കാൻ വേണ്ട ആസൂത്രണത്തോടെയാണ് പണി ആരംഭിച്ചത്.ജെസിബി കൊണ്ട് മണ്ണ് മാറ്റി പ്ലോട്ട് നിരപ്പാക്കിയ ശേഷം വീടു പണിയുന്ന മലയാളിയുടെ പതിവ് ശീലം ഇവിടെ പിന്തുടർന്നില്ല. ചെരിവുള്ള പ്ലോട്ട് അതേപോലെ നിലനിർത്തി വീടു പണിയാനായിരുന്നു ആർക്കിടെക്ട് ടീമിന്റെ പദ്ധതി. വീട്ടുകാർ അതിനു പൂർണ സമ്മതം അറിയിച്ചു.രണ്ട് നിലകൾ അല്ലാതെ, എന്നാൽ രണ്ട് തട്ടുകളായി വരുംവിധമാണ് വീടിന്റെ ഡിസൈൻ. ഡൈനിങ് സ്പേസ്, അടുക്കള എന്നിവ ഉയർന്ന തട്ടിലും ലിവിങ് സ്പേസ്, കിടപ്പുമുറി എന്നിവ താഴത്തെ തട്ടിലും വരുന്നു. സ്ഥലം പരമാവധി പ്രയോജനപ്പെടുത്താനാകുന്നു എന്നതാണ് ഇത്തരത്തിലുള്ള ക്രമീകരണം കൊണ്ടുള്ള മെച്ചം. പല മുറികളിൽ ആയിരുന്നാലും വീട്ടിലുള്ളവരെ കൂട്ടിയിണക്കാനും ഈ സ്പേസ് പ്ലാനിങ് സഹായിക്കുന്നു.

sinu new 6

പ്ലോട്ടിന്റെയും ചുറ്റുപാടിന്റെയും പ്രത്യേകതകൾ, വീട്ടുകാരുടെ ജീവതശൈലി എന്നീ കാര്യങ്ങൾ കണക്കിലെടുത്താണ് വീടിന്റെ അകവും പുറവും ഡിസൈൻ ചെയ്തത് എന്ന് ആർക്കിടെക്ട് ടീം പറയുന്നു. വീട്ടകം ‘ഹോം’ എന്ന രീതിയിലും പുറംഭാഗം അഥവാ വീടിന്റെ ചട്ടക്കൂടിനെ ‘ഹൗസ്’ എന്ന നിലയിലുമാണ് പരിഗണിച്ചത്. ഇതായിരുന്നു രൂപകൽപനയിെല ഏറ്റവും നിർണായക തീരുമാനം. ഓരോ ആവശ്യത്തിനും കൃത്യമായ സ്ഥലം എന്ന കടുംപിടിത്ത സമീപനമല്ല വീട്ടകത്തിന്റെ കാര്യത്തിൽ പിന്തുടർന്നത്.വീട്ടുകാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്ഥലം പരുവപ്പെടുത്തി എടുക്കാനുള്ള അവസരവും സ്വാതന്ത്ര്യവും ലഭിക്കും വിധമാണ് അകത്തള ക്രമീകരണങ്ങൾ. ‘ഫ്ലെക്സിബിലിറ്റി’ ആണ് അകത്തളത്തിന്റെ മുഖമുദ്ര. ഓരോ ഉപയോഗത്തിനും യോജിച്ച ഇടങ്ങൾ വീട്ടുകാർ തന്നെ കണ്ടെത്തുന്നതാണ് അതിന്റെ രീതി. കാലക്രമേണ പുതിയ ആവശ്യങ്ങൾ ഉയരുമ്പോൾ മറ്റൊന്നിനായി ഉപയോഗിച്ച ഇടം തന്നെ അതിനായി പരിഷ്കരിച്ചെടുക്കാം. ഒരു ഇടം ഒരേസമയം ബഹുവിധ ഉപയോഗങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.

sinu new7

വീടിന്റെ നീളം കൂടിയ ഭാഗത്ത് ഒരു വശത്തായി ഉൾക്കൊള്ളിച്ചിരിക്കുന്ന പടികളും മറുവശത്തെ കോർട്‌യാർഡുമാണ് വീട്ടകം ഫ്ലെക്സിബിൾ ആക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത്. ഊണുമുറിക്ക് അടുത്തായി അതിഥികൾക്ക് ഉറങ്ങാനുള്ള സ്ഥലം ഉൾപ്പെടുത്തിയതും ലിവിങ് സ്പേസിനോട് ചേർന്ന് വീട്ടമ്മയ്ക്ക് വസ്ത്രങ്ങൾ തുന്നാനുള്ള ‘സ്റ്റിച്ചിങ് സ്പേസ്’ ഉൾക്കൊള്ളിച്ചതുമെല്ലാം ഇരുവശത്തുമുള്ള ബഫർ സ്പേസിന്റെ സഹായത്താലാണ്. വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്ന ‘ടെംപറേച്ചർ ബഫർ സോൺ’ ആയും ഈ രണ്ടിടവും പ്രവർത്തിക്കുന്നു.

sinu new 4

നാല് അതിരിലുമുള്ള ഭൂമി, അവിടത്തെ സാഹചര്യങ്ങൾ, ഓരോ ഇടത്തും അനുഭവപ്പെടുന്ന വെയിലും കാറ്റും... തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾക്കൊണ്ട് രൂപപ്പെട്ടതാണ് വീടിന്റെ ചട്ടക്കൂട് അഥവാ ‘സ്കിൻ’. തൊട്ടടുത്തുള്ള പുരയിടത്തിനോട് ക്രിയാത്മകമായി പ്രതികരിക്കും വിധമാണ് ഓരോ ദിക്കിലെയും ‘സ്കിൻ ഡിസൈൻ’.കൃഷിസ്ഥലമാണ് തെക്കുഭാഗത്തുള്ളത്. ഇന്റർലോക്ക് ബ്രിക്ക് കൊണ്ടുള്ള ചുമരും അങ്ങിങ്ങായി പല വലുപ്പത്തിലുള്ള ഓപനിങ്ങും നൽകിയത് ഇവിടത്തെ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരം ലക്ഷ്യമിട്ടാണ്. പ്രധാന വാതിലും ഈ ഭാഗത്താണ്.

sinu new 3

ഒഴിഞ്ഞു കിടക്കുന്ന പുരയിടമാണ് വടക്കുഭാഗത്ത്. സമീപഭാവിയിൽ ഇവിടെ കെട്ടിടം വരാം. സ്വകാര്യത നഷ്ടപ്പെടാനും കെട്ടിടത്തിൽ നിന്നുള്ള ചൂട് പ്രതിഫലിക്കാനും ഉള്ള സാധ്യത മുൻകൂട്ടി കണ്ട് ഈ ഭാഗം ഉള്ള് പൊള്ളയായതും ചൂട് കുറയ്ക്കുന്നതുമായ പോറോത്തേം ( Porotherm) ടെറാക്കോട്ട ബ്രിക്ക് ഉപയോഗിച്ച് നിർമിച്ചു. വാഹനം പോകുന്ന വഴിയാണ് കിഴക്കുഭാഗത്ത്. പോറോത്തേം കട്ടകൊണ്ടുള്ള ജാളി വെന്റിലേഷൻ മാത്രമേ ഇവിടെ നൽകിയുള്ളു.പടിഞ്ഞാറു ഭാഗത്ത് വീടിനു പിന്നിലായി വലിയ മരവും പച്ചപ്പുമൊക്കെ ഉള്ളതിനാൽ വലിയ വരാന്തയും ഇരിപ്പിടവുമൊക്കെ ഇവിടെ നൽകി.നീളം കൂടിയ ഭാഗം വടക്ക്–തെക്ക് ദിക്കുകളെ അഭിമുഖീകരിക്കും വിധമാണ് വീടിന്റെ ഡിസൈൻ. ഈ ഭാഗത്താണ് പ്രധാന ഓപ്പനിങ്ങുകളെല്ലാം. കാറ്റിന്റെ ദിശയനുസരിച്ചാണ് വെന്റിലേഷന് സ്ഥാനം കണ്ടത്.

sinu nw 5

വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ ഇത് ചില്ലറയൊന്നുമല്ല സഹായിക്കുന്നത്. വീടിന് തൊട്ടടുത്തുള്ള കട്ട ഫാക്ടറിയിൽ നിന്ന് തലച്ചുമടായി കൊണ്ടുവന്ന കോൺക്രീറ്റ് ഇന്റർലോക്ക് കട്ടയും പോറോത്തേം കട്ടയും ഉപയോഗിച്ചാണ് ചുമരു കെട്ടിയത്.പഴയ തടിയുരുപ്പടികൾ വിൽക്കുന്ന സ്ഥലത്തു നിന്ന് വാങ്ങിയതാണ് വാതിലുകളെല്ലാം. മേൽക്കൂര മാത്രം കെട്ടിയാൽ മുകളിൽ രണ്ട് കിടപ്പുമുറികൾ കൂടി ലഭിക്കുമെന്നതാണ് ഡിസൈനിന്റെ പ്രധാന സവിശേഷത. നാല് അടി പൊക്കത്തിലുള്ള പാരപ്പെറ്റിൽ നിന്ന് ചെരിഞ്ഞ ട്രസ്സ് റൂഫ് പിടിപ്പിച്ചാൽ പിന്നെ ഉള്ളിൽ മുറികളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തികൾ കൂടി നിർമ്മിക്കേണ്ട ആവശ്യമേ വരുന്നുള്ളൂ. വീട് വളർന്നു വലുതാകുന്നതോടെ മുകളിൽ മറ്റൊരു 950 ചതുരശ്രയടി കൂടി വീട്ടുകാർക്കു ലഭിക്കും. അതും തുച്ഛമായ ചെലവിൽ.

sinu new8

ഈഗോ ഡിസൈൻ സ്റ്റുഡിയോ,

തിരുവനന്തപുരം

egodesignstudio@gmail.com

Tags:
  • Vanitha Veedu