Saturday 09 January 2021 04:14 PM IST

ഏസിയും ഫാനും വേണ്ടാത്ത വീട്, കാണുന്നവർ പറയുന്നു ഇതു പൊലൊരു വീട് മതി! 2100 ചതുരശ്രയടിയിൽ നാല് കിടപ്പമുറിയും മറ്റു സൗകര്യങ്ങളും

Ali Koottayi

Subeditor, Vanitha veedu

മലപ്പുറം വളാഞ്ചേരിയിലെ റഷീദിന്റെ വീടിന്റെ അകത്തേക്ക് കയറിയാൽ സുഖമുള്ള അന്തരീക്ഷമാണ്, ലവലേശം ചൂടില്ല, പകൽ പോലും ഫാനിന്റെ ആവശ്യമില്ല. ഡിസൈനറായ ഉനൈസ് അഹമദിന്റെ മിടുക്ക് തന്നെയാണ് അകത്തളം ഇങ്ങനെ തണുത്തിരിക്കാന്‍ കാരണം. ഉനൈസിന്റെ സ്വന്തം വീ‍ട് (മൺവീട്) സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു. ഇത് കണ്ടാണ് സ്വന്തം വീട് പൂർത്തിയാക്കി നൽകാൻ റഷീദ് ഉനൈസിനെ സമീപിക്കുന്നത്. റഷീ‍ദ് മറ്റൊരു പ്ലാനിൽ നേരത്തെ തറ പൂർത്തിയാക്കിയിരുന്നു.  ചെറിയ ചില മാറ്റങ്ങൾ വരുത്തി വീട്ടുകാർ മനസ്സില്‍ കണ്ടതുപൊലെ ഉനൈസ് ഇരുനില വീട് ഡിസൈൻ ചെയ്തു നൽകി.

കാറ്റ് കടന്ന് പോകാൻ പാകത്തിൽ ഓപൻ നയത്തിൽ ക്രമീകരിച്ച അകത്തളം, ഡബിൾ ഹൈറ്റിൽ മേൽക്കൂര, ചൂട്‍‌ വായു പുറത്തേക്ക് കളയാൻ വെന്റിലേഷൻ, ഭിത്തി നിറയുന്ന ജനലുകൾ, ഫില്ലർ സ്ലാബ് രീതിയിൽ ഓട് വച്ച് വാർത്ത മേൽക്കൂര തുടങ്ങിയവയാണ് വീടിനകത്ത് സുഖകരമായ അന്തരിക്ഷം സൃഷ്ടിക്കുന്നത്.എട്ട് സെന്റാണ് പ്ലോട്ട്, അത്യാവശ്യം മുറ്റം വേണമെന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. മുറ്റത്തിന് സ്ഥലം വിട്ട് വീട് പിന്നിലേക്ക് ഇറക്കി പണിതു. സിമന്റ് പ്ലാസ്റ്ററിങ്ങിന് മുകളിൽ മണ്ണിന്റെ നിറമുള്ള പെയിന്റ് അടിച്ചതുകൊണ്ടു തന്നെ ഒറ്റ നോട്ടത്തിൽ മൺ ഭിത്തിയാണെന്നേ തോന്നൂ. മേൽക്കൂര ഫില്ലർ സ്ലാബ് രീതിയിൽ ഓട് വച്ച് വാർത്തു. ചെരിഞ്ഞ മേൽക്കൂരയുള്ളിടത്ത് ജിഐ ട്രസ് വർക്ക് ചെയ്ത് ഓട് വിരിച്ചു.

സിറ്റ്ഔട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, നാല് കിടപ്പുമുറി. ഡൈനിങ്. കിച്ചൻ, വർക്ക് ഏരിയ, ബാൽക്കണി എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഒരുക്കിയത്. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ ഡബിള്‍ ഹൈറ്റിലാണ് മേൽക്കൂര. ലിവിങ്ങിന് മുകളിൽ സ്റ്റഡി ഏരിയ ക്രമീകരിച്ചു. ഇവടേക്ക് കയറാൻ പ്രധാന സറ്റെയർ കൂടാതെ മറ്റൊരു സറ്റെയർ ക്രമീകരിച്ചു. ജിഐ ഫ്രെയിമില്‍ തടി സ്ക്രൂ ചെയ്താണ് രണ്ട് സറ്റെയറുകളും ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി.

ഡൈനിങ് ഏരിയക്ക് അടുത്തായി ഫമിലി ലിവിങ് നൽകി. ഭിത്തി നിറയുന്ന ജനലുകളാണ് ഇവിടുത്തെ പ്രത്യേകത. വിട്രിഫൈഡ് ടൈലാണ് നിലത്ത് വിരിച്ചത്. നാല് കിടപ്പുമുറികൾ വലിയ അലങ്കാരമില്ലാതെ ലളിതമായി ഒരുക്കി. അറ്റാച്ച്ഡ് ബാത് റൂമും വാഡ്രോബും നൽകി. അടുക്കളയും വർക്ക് ഏരിയയും പാർടീഷനില്ലാതെയാണ് ക്രമീകരിച്ചത്. ഫെറോസിമന്റിൽ മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.

ഡിസൈനർ ഉനൈസ് 2019 ൽ പൂർത്തീകരിച്ച സ്വന്തം വീടിന്റെ ഡിസൈനും വിശദാംശങ്ങളും അടങ്ങിയ വീഡിയോ ചുവടെ

ഡിസൈൻ: ഉനൈസ് അഹമദ്

ഫ്ലോറെറ്റ് ബിൽഡേഴസ്, തിരൂർ, മലപ്പുറം

9847668944

Tags:
  • Vanitha Veedu