Saturday 27 March 2021 03:50 PM IST : By സ്വന്തം ലേഖകൻ

ഹുരുഡീസ് ചുമര്, തേക്കാത്ത സീലിങ്, സിമന്റ് തറ, കാണുന്നവരുടെ ഹൃദയത്തിലേറി ‘ലില്ലി’, ആർക്കിടെക്ട് നിഷാന്റെ വീട്

lilly 1

നാല് സെന്റിന്റെ നല്ലൊരു പങ്കും ഒഴിച്ചിട്ട് ഒതുങ്ങി നിൽക്കുന്നൊരു വീട്. പക്ഷേ, അതിന്റെ നിഷ്കളങ്കത മനസ്സിലെ ഗർവിന്റെ പൂട്ടുകളെല്ലാം തകർത്തു കളയുന്നതാണ് ആർക്കിടെക്ട് നിഷാന്റെ വീട്. വിടർന്നു നിൽക്കുന്ന ചെറിയൊരു ആമ്പൽപ്പൂ... ‘ലില്ലി’ എന്നാണ് വീടിന്റെ പേര്. കോഴിക്കോടിനടുത്ത് അരീക്കാട്, പന്ത്രണ്ട് വീടുകളുള്ള റസിഡൻഷ്യൽ ഏരിയയിലെ അവസാനത്തേതിനു തൊട്ടു മുന്നിലെ പ്ലോട്ടിലാണ് വീട്. വിശാലമായ പാടമാണ് പിന്നിൽ. കൃഷി ചെയ്യാത്തതിനാൽ ആമ്പൽ പടർന്നു പന്തലിച്ചിരിക്കുകയാണിവിടെ.

lilly 5

‌ചെമ്മൺ പാതയിലൂടെ വേണം വീട്ടുമുറ്റത്തെത്താൻ. മണ്ണിന്റെ നിറമണിഞ്ഞതാണ് ചുമരുകളും മേൽക്കൂരയും. മതിലുകൊണ്ട് വീടിനു മറ തീർത്തിട്ടില്ല. മുറ്റവും വഴിയും കൂട്ടുകൂടിയതോടെ കുട്ടികൾക്ക് കളിക്കാനും സൈക്കിൾ ചവിട്ടാനുമൊക്കെ ഇഷ്ടത്തിനു സ്ഥലമായി. മുറ്റത്ത് രണ്ട് കാർ പാർക്ക് ചെയ്യാനുമാകും. ‘ബിൽഡിങ് ലെസ്’ അഥവാ ‘അത്യാവശ്യമുള്ളതു മാത്രം നിർമിക്കുക’ എന്ന നയത്തിൽ വേരൂന്നി രൂപപ്പെട്ടതാണ് വീടിന്റെ ഡിസൈൻ. മറയ്ക്കപ്പെടുന്ന ഭൂമിയുടെ അളവ് കുറയ്ക്കാനായി മൂന്ന് നിലകളിലായി കെട്ടിടം ചിട്ടപ്പെടുത്തി. ഇരുവശത്തുമുള്ള പാടത്തിന്റെ കാഴ്ചകൾ കാണാനും അവിടെ നിന്നുള്ള തണുത്ത കാറ്റിനെ നെഞ്ചേറ്റി വാങ്ങാനും പാകത്തിനാണ് മുറികളുടെ സ്ഥാനം.

lilly 2

ചരിഞ്ഞ മേൽക്കൂര, തദ്ദേശീയ നിർമാണവസ്തുക്കൾ, ഇരുളും വെളിച്ചവും ഇടകലരുന്ന അന്തരീക്ഷം എന്നിങ്ങനെ പരമ്പരാഗതശൈലിയുടെ നന്മകളിൽ ചുവടുറപ്പിച്ചു നിന്നു തന്നെ നവഭാവുകത്വത്തിന്റെ സാധ്യതകളെ പുണരുന്നു എന്നതാണ് ഇവിടത്തെ ഏറ്റവും മനോഹര കാഴ്ച. മുറികളുടെ വിന്യാസത്തിലുള്ള പതിവു ക്രമങ്ങളും ശീലങ്ങളും ഇവിടെ പാലിച്ചിട്ടില്ല. ചിട്ടവട്ടങ്ങൾ നിശ്ചയിക്കുന്ന മതിൽക്കെട്ട് എന്നതിനപ്പുറം അനുഭവങ്ങൾക്കും അനുഭൂതികൾക്കും പശ്ചാത്തലമാകുകയാണ് ഇവിടെ വാസ്തുകല. മുറ്റത്തെ ബദാം മരം സമ്മാനിക്കുന്ന തണലിലൂടെയാണ് വീടിനുള്ളിലേക്കുള്ള വഴി. പൂവ് വിരിയുന്നപോലെയാണ് ഇനിയുള്ള കാഴ്ചകൾ. ഓരോ അടരിലും ഒളിഞ്ഞിരിപ്പുണ്ട് ഓരോരോ വിസ്മയങ്ങൾ.

lilly 6

മുറ്റത്തിനും വീടിനുമിടയിൽ മണ്ണുകൊണ്ടുള്ള ഹുരുഡീസ് ബ്ലോക്ക് അടുക്കി നിർമിച്ച ‘സ്ക്രീൻ വോൾ’ കടന്നെത്തുന്നത് ചെറിയ ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന അലങ്കാരക്കുളത്തിനു മുന്നിലേക്ക്. അതിനു മുകളിലൂടെയുള്ള തടിപ്പാലത്തിലൂടെ വേണം വീടിനുള്ളിലെത്താൻ.ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടുന്ന ലിവിങ്, ഡൈനിങ്, ഓപൻ കിച്ചൻ ത്രയമാണ് ഒന്നാംനിലയുടെ ഹൈലൈറ്റ്. ചുമരുകളുടെ വേർതിരിവില്ലാത്ത ഇവിടമാണ് മൂന്നു പേരുള്ള കുടുംബത്തിന്റെ സംഗമകേന്ദ്രം.

lilly 3

ഉളളിലുള്ളത് അതുപോലെ കാട്ടുന്ന രീതിയിലാണ് ഇന്റീരിയർ. തേച്ചുമിനുസപ്പെടുത്താത്ത സീലിങ്, പുട്ടിയും പെയിന്റും അടിച്ച് മുഖം മിനുക്കാത്ത ചുമര്, പളപളാ തിളങ്ങാത്ത സിമന്റ് തറ... പ്രകൃതം പരുക്കനാണെങ്കിലും അതിന്റെ സത്യസന്ധത നമ്മുടെ ഇഷ്ടം നേടും. ഇൻബിൽറ്റ് രീതിയിലാണ് ഫർണിച്ചർ മിക്കതും. പഴയ തടി പുനരുപയോഗിച്ച് തയാറാക്കിയതാണ് ബാക്കിയുള്ളവയും വാഡ്രോബുമൊക്കെ.

lilly 8

കിടപ്പുമുറി രണ്ടെണ്ണമേ ഉള്ളൂ. ഒന്നാം നിലയിലാണ് ഗെസ്റ്റ് ബെഡ്റൂം. വീട്ടുകാരുടെ കിടപ്പുമുറിയും ടെറസ് ഗാർഡനും മാത്രമാണ് രണ്ടാംനിലയിൽ. മൂന്നാംനിലയിലും ടെറസ് ഗാർഡനുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമുള്ള സ്റ്റുഡിയോ സ്പേസിനോട് ചേർന്ന്. മുറികളുടെ അത്രതന്നെ വലുപ്പത്തിലാണ് രണ്ടിടത്തെയും ടെറസ് ഗാർഡൻ. വീടിനുള്ളിൽ ഇരിക്കുമ്പോൾ കാറ്റും വെളിച്ചവും നിലാവും കൂട്ടിനുണ്ടാകും.

lilly 4

പ്രീഫാബ് രീതിയിൽ തെങ്ങിൻ തടി ഉപയോഗിച്ചു തയാറാക്കിയതാണ് സ്റ്റുഡിയോ സ്പേസിന്റെ ചുമരുകൾ. മേൽക്കൂര കോൺക്രീറ്റ് ചെയ്തിട്ടില്ല. സ്റ്റീൽ ട്രസ്സിൽ ഓട് മേഞ്ഞിരിക്കുകയാണ്.വെള്ളം കയറുന്ന സ്ഥലമായതിനാൽ ഫ്രെയിംഡ് സ്ട്രക്ചർ മാതൃകയിലാണ് കെട്ടിടം നിർമിച്ചത്. ഒന്നാംനിലയുടെ തറ സ്ലാബ് വാർത്ത് നിർമിച്ചതിനാൽ വലിയ വെള്ളപ്പൊക്കവും കെട്ടിടത്തിന് കേടുവരുത്തില്ല. ഭാരം കുറഞ്ഞ ഹുരുഡീസ് ബ്ലോക്ക് ഉപയോഗിച്ചാണ് ഒന്നും രണ്ടും നിലയുടെ ചുമരുകൾ.

lilly 7

ചിത്രങ്ങൾ: ബിജു ഇബ്രാഹിം

Tags:
  • Vanitha Veedu