Thursday 04 June 2020 09:25 PM IST : By സ്വന്തം ലേഖകൻ

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ... ഇത് ഇരുനിലയാ; 3500 ചതുരശ്രയടി വീടൊരുങ്ങിയത് 130 ദിവസം കൊണ്ട്

irunila

ഒറ്റനിലയുടെ വശ്യഭംഗിയാണ് ശാസ്താംകോട്ടയിലെ 'വിജയമന്ദിരം' വീടിന്. കാഴ്ചയിൽ ഒറ്റനില എന്നു തോന്നുമെങ്കിലും സത്യത്തിൽ രണ്ടുനില വീടാണിത്. ട്രസ്സ് റൂഫിന് പിന്നിൽ, വീടിന് പിറകുഭാഗത്തായാണ് മുകൾനില എന്നുമാത്രം. മുന്നിൽ നിന്നു നോക്കുമ്പോൾ ഇതു മനസ്സില്ലാകില്ല. ലക്ഷണമൊത്ത ഒറ്റനില വീടാണെന്നേ തോന്നൂ.

irunila-1

കൂടുതൽ സൗകര്യങ്ങളോടെ എന്നാൽ, പഴയ തറവാടിന്റെ മാതൃകയിൽ തന്നെ പുതിയ വീട് വേണം എന്ന വീട്ടുകാരുടെ ആവശ്യമാണ് വേറിട്ട ഡിസൈനിന്റെ പിറവിക്കു കാരണം. ആദിത്യ അസോഷ്യേറ്റ്സിലെ എൻജിനീയർ ആർ. പ്രദീപ് ആണ് വീടു രൂപകൽപന ചെയ്തത്.

irunila-4

പഴയ വീട് ഇരുന്ന അതേ സ്ഥലത്താണ് പുതിയ വീട് പണിതത്. 130 ദിവസമേ വേണ്ടിവന്നുള്ളു വീട് പണിയാൻ. വീട്ടുകാരന്റെ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുൻപ് വീടുപണി തീർക്കണമായിരുന്നു. ഇതിനായി കൃത്യമായ ആസൂത്രണം നടത്തി. നിർമാണ വസ്തുക്കളെല്ലാം സംഭരിച്ചു. ഓണത്തിന് മൂന്ന് ദിവസമല്ലാതെ ഒരിക്കൽ പോലും തൊഴിലാളികൾ പണിക്ക് എത്താതിരുന്നില്ല. പ്രീ ഫാബ് ജോലികളെല്ലാം മറ്റൊരിടത്ത് സമാന്തരമായി ചെയ്തു വച്ചതും ഉപകരിച്ചു.

irunila-3
irunila-5

വീടിനു സമീപത്തു നിന്നു ലഭിച്ച വയർകട്ട് ഇഷ്ടിക കൊണ്ടാണ് ചുമരു കെട്ടിയത്. ഫ്ളോറിങ്ങിന് വിട്രിഫൈഡ് ടൈൽ ഉപയോഗിച്ചു. വിശാലമായ മുറ്റം, ഇരു വശത്തും വരാന്ത,നടുമുറ്റം, ഓടുമേഞ്ഞ ചെരിഞ്ഞ മേൽക്കൂര എന്നിവയെല്ലാം വീടിന്റെ നാടൻ ചേലിന് മാറ്റുകൂട്ടുന്നു. പ്രധാന വാതിൽ തുറക്കുമ്പോൾ പൂജാമുറിയാണ് കണ്ണിൽപ്പെടുക. ഇതുകൂടാതെ സ്വീകരണമുറി, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ട് അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. കിടപ്പുമുറി, ഹോം തിയേറ്റർ, ബാൽക്കണി എന്നിവ രണ്ടാം നിലയിൽ വരുന്നു. 3500 ചതുരശ്രയടിയാണ് വിസ്തീർണം. ഡബിൾ ഹൈറ്റിലുള്ള നടുമുറ്റത്തിനു മുകളിൽ ഗ്രിൽ പിടിപ്പിച്ച് ഗ്ലാസ് ഓട് മേഞ്ഞതിനാൽ വെളിച്ചത്തിനു കുറവില്ല. കോൺക്രീറ്റ് സീലിങ്ങിനു മുകളിൽ ട്രസ്സ് റൂഫിന്റെ പരിരക്ഷ കൂടി ഉള്ളതിനാൽ ചൂടിന്റെ ശല്യവുമില്ല.

irunila-6

ഡിസൈൻ: ആർ.പ്രദീപ് ആദിത്യ അസോഷ്യേറ്റ്സ്, ചാരുംമൂട്, മാവേലിക്കര