Friday 26 March 2021 12:00 PM IST

‘പീക്ബോക്സ്’ എന്ന് പേരിട്ട മിനിമലിസ്റ്റിക് വീട്: നാല് സെന്റിലെ 1700 സ്ക്വയർഫീറ്റ് വീട് ഒളിപ്പിച്ച രഹസ്യം

Sunitha Nair

Sr. Subeditor, Vanitha veedu

kakanad 8

സ്വന്തമായി ചെയ്ത ആദ്യത്തെ റസിഡൻഷ്യൽ പ്രോജക്ടിൽ തന്നെ ലിബിന്റെയും കൃപയുടെയും ആ സ്വപ്നം പൂവണിയിക്കാനായി എന്നതാണ് ആർക്കിടെക്ട് രാഹുൽ നായരുടെ നേട്ടം. കൊച്ചി കാക്കനാട് ഇൻഫോപാർക്കിനടുത്ത് ‘പീക്എബോക്സ്’ എന്ന് ആർക്കിടെക്ട് പേരിട്ടിരിക്കുന്ന മിനിമലിസ്റ്റിക് വീട് 45 ലക്ഷത്തിനാണ് പൂർത്തിയാക്കിയത്. നാല് സെന്റിൽ 1700 ചതുരശ്രയടിയുള്ള ഈ വീടിന്റെ വിശേഷങ്ങൾ അറിയാം.

kaknad 2

അകത്തേക്കു കയറുമ്പോൾ പുറമേക്കുള്ള ബോക്സ് സ്ട്രക്ചറിൽ നിന്ന് നേർരേഖകളിലേക്കുള്ള സുന്ദരമായ പരിണാമം കാണാം. പൊതുവായ ഇടങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിങ്ങനെ സ്പേസിനെ സോണിങ് വഴി കൃത്യമായി നിർവചിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ഇടങ്ങളും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടു താനും. ഏതു മുറിയിലിരുന്നാലും ആകാശവും പുറത്തെ മനോഹരമായ പ്രകൃതിയും ദൃശ്യമാകും. അങ്ങനെ അകവും പുറവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ചു.

kakanad 4

ലിവിങ് ഡൈനിങ് ഏരിയയുടെ ഇരുവശത്തും മുഴുനീളൻ ഗ്ലാസ് ജനാലകൾ നൽകിയത് പുറത്തെ കാഴ്ചകൾ വീടിനുള്ളിലേക്ക് ആനയിക്കുന്നു. ഭംഗി ഡിസൈനിൽ അന്തർലീനമായിരിക്കുന്ന ഘടകമാണ്. ഉപയോഗത്തിനാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്.

kakanad 3

രണ്ട് കാർപോർച്ച്, ലിവിങ്, ഡൈനിങ്, അടുക്കള, നാല് കിടപ്പുമുറികൾ എന്നിവ ചേരുന്നതാണ് വീട്. കുട്ടിക്കും പ്രായമായ അമ്മയ്ക്കും വേണ്ടി താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ വേണമെന്നത് വീട്ടുകാരുടെ ആവശ്യങ്ങളിൽ പ്രധാനമായിരുന്നു. നാല് സെന്റ് ആയതിനാൽ താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ ഉൾപ്പെടുത്തുക എന്നത് വെല്ലുവിളിയായിരുന്നു.

kakanad 7

ചുറ്റുമതിലും ലാൻഡ്സ്കേപ്പും എല്ലാമുൾപ്പെടെ 45 ലക്ഷത്തിനാണ് വീട് പൂർത്തിയാക്കിയത്. കൃത്യമായ പ്ലാനിങ് ആണ് ഇതിന് സഹായിച്ചതെന്ന് രാഹുൽ പറയുന്നു. സ്പേസിന്റെ യുക്തിപൂർവമായ വിനിയോഗവും ഇതിലേക്കു നയിച്ചു.

kakanad 2

ഭാരവാഹക ശേഷിയുള്ള ചുമരുകളും കോളങ്ങളും ഒന്നിനു മുകളിൽ ഒന്നായി ക്രമീകരിച്ചാണ് സ്ട്രക്ചർ നിർമിച്ചത്. ഇത് കോൺക്രീറ്റിന്റെയും സ്റ്റീലിന്റെയും ഉപയോഗം കുറയ്ക്കാൻ സഹായിച്ചു. പുറംഭിത്തിയിലെ ചുമരുകളിലെ ഗ്രൂവുകളും ടെക്സ്ചറുകളും പ്ലാസ്റ്ററിങ്ങിലൂടെ നേടിയതാണ്. അതിനായി വേറൊന്നും ചെയ്തിട്ടില്ല.

kakanad 5

സീലിങ് വരെ എത്തുന്ന വാഡ്രോബുകളാണ് കിടപ്പുമുറികളിൽ. കട്ടിലുകൾക്ക് സ്റ്റോറേജ് നൽകി.ചുമരുകളിൽ ഫൂട് ലാംപ് നൽകിയിട്ടുണ്ട്. സാധാരണക്കാർക്ക് ഉതകുന്ന വീടുകൾ ചെയ്യാൻ ആർക്കിടെക്ടുമാരെ സമീപിക്കാൻ മടിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഈ വീടിലൂടെ രാഹുൽ നൽകാൻ ഉദ്ദേശിക്കുന്നത്.

kakanad 6

ഡിസൈൻ: ആർക്കിടെക്ട് രാഹുൽ നായർ

ആറ്റ്ലിയർ നോയിർ, കൊച്ചി

admin@ateliernoir.co.in