Saturday 13 March 2021 05:01 PM IST : By സ്വന്തം ലേഖകൻ

മൂന്ന് കിടപ്പമുറി, നടുമുറ്റം ഉൾപ്പെടെ വീട്ടുകാർ ആഗ്രഹിച്ചതെല്ലാം ഉൾപ്പെടുത്തിയത് അഞ്ച് സെന്റിൽ, 1850 ചതുരശ്രയടിയിൽ ക്രമീകരിച്ചത് ഇങ്ങനെ

kollam sinu 1

ഒറ്റനിലയോടായിരുന്നു വീട്ടുകാരായ സുനീറിനും ജാസ്മിനും ഇഷ്ടം. സുനീറിന്റെ സഹോദരൻ ആർക്കിടെക്ട് സുജീറിനെത്തന്നെയാണ് വീടുപണി ഏൽപ്പിച്ചത്. മാതാപിതാക്കൾ ഒപ്പമുണ്ടെന്നതും സഹോദരങ്ങൾക്കെല്ലാം ഒത്തുകൂടാൻ വേണ്ട സൗകര്യങ്ങൾ വേണമെന്നതുമാണ് രണ്ട് നില എന്ന തീരുമാനത്തിലെത്താൻ കാരണം. അഞ്ച് സെന്റാണ് ഉണ്ടായിരുന്നത്. സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി ഒറ്റനില വീടു പണിതാൽ ഒട്ടും സ്ഥലം മിച്ചമുണ്ടാകില്ല. 

kollam sinu6

കിഴക്ക് ദർശനമായാണ് വീടിന്റെ (ഗസല്‍) നിൽപ്. മുൻഭാഗത്ത് ആവശ്യത്തിനു സ്ഥലം ഒഴിച്ചിട്ട്, കഴിയുന്നത്ര പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. ആവശ്യത്തിനു സൂര്യപ്രകാശം വീടിനുള്ളിലെത്താനും സാമാന്യം വലുപ്പമുള്ള മുറ്റവും രണ്ടോ മൂന്നോ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം ലഭിക്കാനും ഈ തീരുമാനം സഹായകമായി.

kollam sinu 2

പ്രത്യേക ഡിസൈനിലാണ് കാർപോർച്ച്. ജിഐ സ്ക്വയർ പൈപ്പുകൊണ്ടുള്ള സ്ട്രക്ചറിനു മുകളിൽ പോളികാർബണേറ്റ് ഷീറ്റ് പിടിപ്പിച്ച പോർച്ച് ഒട്ടും സ്ഥലം അപഹരിക്കുന്നില്ല. കാഴ്ച മറയ്ക്കാത്തതിനാൽ വിശാലത തോന്നിപ്പിക്കുകയും ചെയ്യും.ഇരുനില ആണെങ്കിലും ഒറ്റനിലയുടെ പ്രകൃതമാണ് ഗസലിന്. ഒറ്റപ്പെട്ട തുരുത്തായി ഒരിടവുമില്ല. ഒൗചിത്യപൂർവം ചേർത്തുവച്ച രീതിയിലാണ് മുറികളെല്ലാം. വാതിൽ തുറന്ന് ആദ്യം നടുമുറ്റത്തേക്ക് എത്തുന്ന രീതിയിലാണ് വീടിന്റെ ഘടന.

kollam sinu5

ഡബിൾ ഹൈറ്റിൽ, ഗ്ലാസ് മേലാപ്പുള്ള നടുമുറ്റത്തിന് വലതുവശത്തായാണ് സ്വീകരണമുറി. ഇടതുവശത്ത് ഡൈനിങ് സ്പേസും അടുക്കളയും. കിടപ്പുമുറികളടക്കം എല്ലായിടത്തേക്കും നടുമുറ്റത്തിന്റെ കാഴ്ചയെത്തും. ഇവിടെ നിന്നുള്ള വെളിച്ചവും.താഴത്തെ നിലയിൽ രണ്ടും മുകളിൽ ഒന്നുമായി മൂന്ന് കിടപ്പുമുറികളാണുള്ളത്. വേണമെങ്കിൽ കിടപ്പുമുറിയായി കൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ള സ്റ്റഡി സ്പേസും മുകളിലുണ്ട്. ടൈലിന്റെ തണുപ്പ് അസുഖമുണ്ടാക്കും എന്നതിനാൽ തേക്കിൻ തടി കൊണ്ടാണ് മാതാപിതാക്കളുടെ മുറിയുടെ തറയൊരുക്കിയത്.

kollam sinu 4

വാതിൽ, ചെറിയ ജനാലകൾ, സ്റ്റെയറിന്റെ പടികൾ എന്നിവയ്ക്കും തടി ഉപയോഗിച്ചു. ഒരു മീറ്ററിലധികം വലുപ്പമുള്ള ഓപനിങ്ങുകൾക്ക് സ്റ്റീൽ, യുപിവിസി ഫ്രെയിം ആണ് ഉപയോഗിച്ചത്. മൂത്ത തടി അല്ലെങ്കിൽ പുളച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ് കാരണം.മണ്ണും മുളയും ഉപയോഗിക്കണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയക്കുറവ് കാരണം നടന്നില്ല.

kollam sinu 3

മണ്ണിന്റെ നിറവും െവളളയും ഇടകല ർന്ന നിറക്കൂട്ടിലാണ് ഇന്റീരിയർ. ചുമര് പ്ലാസ്റ്റർ ചെയ്ത ശേഷം സ്പോഞ്ച് ഉപയോഗിച്ച് ‘റഫ് ഫിനിഷ്’ വരുത്തി പെയിന്റ് ചെയ്യുകയായിരുന്നു. പുട്ടി ഇട്ടില്ല.സ്ഥലവും പണവും പഴാക്കാതെ ഇഷ്ടസ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഗസലിലെ താമസക്കാർ.

kollam sinu 7

ഡിസൈന്‍: ആര്‍ക്കിടെക്ട് കെ.എസ്. സുജീർ

ആകൃതി ഡിസൈൻ സ്റ്റുഡിയോ, തിരുവനന്തപുരം

aakrti.designs@gmail.com

Tags:
  • Vanitha Veedu