Wednesday 18 November 2020 05:33 PM IST

രണ്ട് സെന്റില്‍ മൂന്ന് കിടപ്പുമുറി വീട്, പ്ലോട്ട് ചെറുതാണെങ്കിലും സൗകര്യങ്ങളിൽ കുറവില്ല; പോർച്ച്, ലൈബ്രറി, മീൻകുളം, പാർടി ഏരിയ എല്ലാം രണ്ട് സെന്റിൽ ഭദ്രം

Ali Koottayi

Subeditor, Vanitha veedu

rohit1

രണ്ട് സെന്റിൽ തന്നെ വീട് മതിയെന്ന നിശ്ചയദാർഢ്യത്തോടെ ഇറങ്ങുകയും അത് സാധ്യമാക്കുകയും ചെയ്തു കോഴിക്കോട്ടെ ‍ഡോക്ടർ ബാബുരാജും ഭാര്യ അനിതകുമാരിയും. ഡിസൈൻ ചെയ്തത് ആർക്കിടെക്ട് രോഹിത് പാലയ്ക്കൽ.1500 ചതുരശ്രയടിയിൽ മൂന്ന് നില വീട്.

rohit5

. ‘‘താഴെ ക്ലിനിക്കും മുകളിൽ വീടും വേണമെന്ന ആവശ്യവുമായാണ് ഡോക്ടറും ഭാര്യയും എത്തിയത്. ക്ലിനിക്കും രണ്ട് കിടപ്പുമുറി വീടും ത്രീഡി ചെയ്തു കാണിച്ചു. പിന്നീടുള്ള കൂടിക്കാഴ്ചയിൽ ക്ലിനിക്ക് വേണ്ടെന്ന് വച്ചു. മൂന്ന് കിടപ്പുമുറിയുള്ള വീട് എന്ന ആശയവുമായി മുന്നോട്ടു പോയി. ക്ലിനിക്കായി പ്ലാന്‍ ചെയ്ത ആദ്യ ഫ്ലോർ ലിവിങ്, കിച്ചൻ, ഡൈനിങ് എന്നിവയ്ക്ക് വഴിമാറി. മിനിമലിസം ഇഷ്ടപ്പെടുന്ന കുടുംബം ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തണം എന്ന പക്ഷക്കാരാണ്. രണ്ട് സെന്റ് ആയതു കൊണ്ടുതന്നെ മുകളിലേക്കായിരുന്നു വീടിന് സാധ്യത. ബേസ്മെന്റ് ഫ്ലോറില്‍ പോർച്ചും അതിന് മുകളിലേക്ക് വീടും എന്ന രീതിയിൽ ക്രമീകരിച്ചു.പ്ലോട്ട് ചെറുതാണെങ്കിലും ക്ലയന്റിന്റെ ആവശ്യങ്ങൾക്ക് അതിരുണ്ടാവില്ല. അതെല്ലാം ഉൾക്കൊണ്ടാവണം ഡിസൈന്‍ ചെയ്യേണ്ടത്. അകത്തളം ഞെരുങ്ങാനും പാടില്ല. മുകളിലേക്ക് ഉയർത്തി നിർമിക്കുന്ന വീടുകൾക്ക് അടുത്ത വീട്ടുകാരുടെ എൻഒസി വാങ്ങണം. ഇതിനെല്ലാം പുറമേ പണിയുന്ന ഘട്ടത്തിലാണ് ഏറ്റവും ബുദ്ധിമുട്ട്. നിർമാണ വസ്തുക്കൾ ഇറക്കി വയ്ക്കാനുള്ള സ്ഥലം ഇല്ലാത്തതും ഒരേസമയം വ്യത്യസ്ത ജോലിക്കാർക്ക് ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടും പ്രശ്നമാണ്. ഇത് ഉദ്ദേശിച്ച സമയത്തും ബജറ്റിലും പണി തീർ‌ക്കുന്നതിന് വിലങ്ങാവുകയും ചെയ്യും.’’ രോഹിത് പറയുന്നു.

rohit7

ചരിഞ്ഞ പ്ലോട്ടാണ്. ഉയർന്ന ഭാഗത്തെ മണ്ണ് മാറ്റിയാണ് പോർച്ച് പണിതത്. ഇതിന് മുകളിലാണ് വീട്. പോര്‍ച്ചിന് അരികിലൂടെ പടി കയറി ചെറിയ സിറ്റ്ഔട്ടിലേക്കു പ്രവേശിക്കാം. പടികൾക്കരികിൽ പൂച്ചെടികളും മീൻകുളവും ഒരുക്കി ആദ്യത്തെ നിലയില്‍ കിച്ചനോട് ചേർന്ന് ചെറിയ അടുക്കളത്തോട്ടത്തിനും സ്ഥലം കണ്ടെത്തി. 380 ചതുരശ്രയടിയാണ് ഒരു നിലയുടെ വിസ്തീർണ്ണം. കോളം ബീമിൽ നാല് ഇഞ്ച് കോൺക്രീറ്റ് കട്ട കൊണ്ടാണ് ഭിത്തി കെട്ടിയത്. ഇത് അകത്തളത്തിൽ സ്ഥല ലഭ്യത കൂട്ടി.

rohit2

താഴത്തെ നിലയില്‍ നിന്ന് ഏതാനും പടികൾ കയറിയാല്‍ ആദ്യ കിടപ്പുമുറിയിലെത്താം. വീണ്ടും പടികൾ കയറി അടുത്ത മുറിയിലേക്കും. രണ്ടാം നിലയിൽ മാസ്റ്റർ ബെഡ്റൂം വിശാലമായി ക്രമീകരിച്ചു. ടെറസ്സിൽ‌ മിനി ബാർ, പാർട്ടി ഏരിയ, യൂട്ടിലിറ്റി ഏരിയ, കോമൺ ബാത്റൂം എന്നിവ ഒരുക്കി.

rohit6

ചെറിയ സ്ഥലത്തെ വീടായതു കൊണ്ടുതന്നെ കിടപ്പുമുറികൾ ഞെരുക്കമുള്ളതാകും എന്ന് വിചാരിച്ചെങ്കിൽ തെറ്റി. സ്റ്റെയർ ലാൻഡിങ്ങിലെ മുറി മാറ്റി നിർത്തിയാൽ മറ്റു രണ്ട് കിടപ്പുമുറികൾ വലുതും സൗകര്യമുള്ളതുമാണ്. ബാത് അറ്റാച്ച്ഡ് ആയ കിടപ്പുമുറികളിൽ വാഡ്രോബിനു പുറമേ സ്റ്റോറേജ് സൗകര്യവും ഉണ്ട്. ലാൻഡിങ്ങിലെ കിടപ്പുമുറിയിലാണ് ലൈബ്രറി ക്രമീകരിച്ചത്. റീഡിങ് സ്പേസും ഇവിടെ ക്രമീകരിച്ചു.

rohit3

തറവാട് പൊളിച്ചപ്പേൾ കിട്ടിയ ഫർണിച്ചർ പുതുക്കിയെടുത്താണ് വീട്ടിൽ മുഴുവൻ ഉപയോഗിച്ചത്. കട്ടിൽ, ഡൈനിങ് ടേബിൾ‌, സോഫ, മറ്റ് ഇരിപ്പിടങ്ങൾ എല്ലാം പഴയതു തന്നെ.കൂടുതൽ സമയം ചെലവഴിക്കുന്ന ഇടങ്ങൾ വിശാലമായി നൽകി.

rohit8

ചെറിയ പാഷ്യോയിലേക്ക് ക്ഷണിക്കുന്ന ലിവിങ്ങിലെ അഴികളില്ലാത്ത ജനൽ, അകത്തളത്തിലെ ഭിത്തിയിൽ വെന്റിലേഷന്‍, മുറികളിൽ വലിയ ജനലുകൾ, സ്റ്റെയറിനടുത്ത ഭിത്തിയിൽ വെർട്ടിക്കലായി ഇടവിട്ട് നൽകിയ ഹോളോ ബ്രിക്ക് തുടങ്ങിയവ അകത്തളത്തിൽ യഥേഷ്ടം കാറ്റെത്താൻ സഹായിക്കുന്നു.

കടപ്പാട്: Rohit palakkal

Nestcrft architecture, calicut

nestcraftcalicut@gmail.com

Tags:
  • Vanitha Veedu