Tuesday 31 July 2018 10:45 AM IST : By സ്വന്തം ലേഖകൻ

വാസ്തു ശരിയല്ലെങ്കിൽ അപ്രതീക്ഷിത രോഗങ്ങൾ; സത്യം ഇതാണ്!

vastu-purushan.jpg.image.470.246

സൂര്യനാണ് ഈ ഭൂമിയുടെ നിലനില്പിന് ആധാരം. ഭൂമിയും സൂര്യനുമായുളള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇവിടെക്കാണുന്ന പ്രകൃതിയത്രയും. ഈ പ്രകൃതിയുടെ ഭാഗമാണ് നമ്മൾ മനുഷ്യര്‍. നമ്മുടെ സൗഖ്യാവസ്ഥ എന്നത് അയനങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.  അതുകൊണ്ടുതന്നെ സൗരോർജം, സൂര്യന്റെയും ഭൂമിയുടെയും ഗതിവിഗതികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വാസ്തുശാസ്ത്രത്തിന്റെ തത്വങ്ങളും പ്രമാണങ്ങളും രൂപപ്പെട്ടിരിക്കുന്നത്.

house-renovation.jpg.image.784.410

ഇവിടെ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അയനങ്ങൾ ആണ് കാലാവസ്ഥയെ സൃഷ്ടിക്കുന്നത്. കാലാവസ്ഥയാണ് ഒാരോ പ്രദേശത്തെയും സസ്യജന്തു വൈവിധ്യങ്ങൾക്ക് അടിസ്ഥാനം. ഭൂമിയുടെ ഒരോ കോണിലെയും ഭൂപ്രകൃതിയും സസ്യജന്തുജാലങ്ങളും മനുഷ്യരും വേറിട്ടതാകാനുളള കാരണവുമിതാണ്. ഒാരോ ഭൂവിഭാഗത്തിന്റെയും പ്രത്യേകതകൾ, ചരിവുകള്‍, നിമ്നോന്നതങ്ങൾ, ഊർജവ്യതിയാനങ്ങൾ എന്നിവയൊക്കെ മനുഷ്യന്റെ പ്രകൃതത്തെ സ്വാധീനിക്കും. ഇത് പൂർണമായും ഉൾക്കൊണ്ട് സൂര്യന്റെ വിവിധ ഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തുമണ്ഡലത്തിലെ ദേവതാവിന്യാസം രൂപപ്പെടുത്തിയിരിക്കുന്നത്. (വാസ്തുവിധിപ്രകാരമുളള ഗൃഹകല്‍പനയുടെ അടിസ്ഥാനമാണ് വാസ്തുമണ്ഡലം).

Vastu-and-avoid-the-things.jpg.image.784.410

സൂര്യന്റെ പ്രകാശം സ്വീകരിച്ച് സസ്യങ്ങളുണ്ടാവുകയും ആ സസ്യങ്ങളെ ആഹരിച്ച് ജീവജാലങ്ങളുണ്ടാവുകയും അവയെ ആശ്രയിച്ച് മനുഷ്യൻ നിലകൊളളുകയും ചെയ്യുന്ന സംവിധാനമാണ് ഈ ഭൂമിയിലുളളത്. സ്വാഭാവികമായും മനുഷ്യൻ താമസിക്കുന്ന വാസസ്ഥലം ഒരുക്കുന്നതും സൂര്യനെയും അതിന്റെ ഊർജത്തെയും ഫലപ്രദമായി സ്വീകരിക്കാൻ പ്രാപ്തിയുളള രീതിയിലായിരിക്കണം. അപ്പോഴാണ് സൗഖ്യം ലഭിക്കുക. വാസ്തുശാസ്ത്ര കാഴ്ചപ്പാടിൽ സൗഖ്യമെന്നത് കേവലം ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികമായ സൗഖ്യാവസ്ഥയും ഏറെ പ്രധാനമാണ്. പ്രകൃതിയുമായുളള സമരസപ്പെടലിലൂടെയാണ് ഇത് സാധ്യമാകുന്നത്. പ്രകൃതിയിൽ നിന്ന് മാറ്റിനിർത്തിയല്ല, പ്രകൃതിയുടെ ഭാഗമായിത്തന്നെ ആവാസവ്യവവസ്ഥ ഒരുക്കുന്ന സമീപനമാണ് വാസ്തുവിദ്യ വിഭാവനം ചെയ്യുന്നത്.

ലക്ഷ്യം പരമമായ ആനന്ദം

sun-rise.jpg.image.784.410



ഭാരതീയ ചിന്താധാരപ്രകാരം നമ്മുടെ പ്രവർത്തികൾക്ക് ആധാരം കർമ്മേന്ദ്രിയങ്ങളാണ്. കർമ്മേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാകട്ടെ ജ്‍ഞാനേന്ദ്രിയങ്ങളും. ജ്ഞാനേന്ദ്രിയങ്ങൾക്ക് കരുത്ത് പകരുന്നത് പ്രാണനാണ്. പ്രാണന്റെ തുടർച്ചയാണ് മനസ്സ്, ചിന്തകൾ മനസ്സിൽനിന്ന് പുറപ്പെടുന്നതാണ് ഭാരതീയ സങ്കൽപം. ബുദ്ധിയുപയോഗിച്ചാണ് മനസ്സിനെ യഥാവിഥി ചലിപ്പിക്കേണ്ടത്. അതിന് മനസ്സിനു മുകളിലെ ചിത്തം ശുദ്ധമാകണം. അതിലെ വിരോധങ്ങൾ ഇല്ലാതാകുമ്പോഴാണ് യോഗം സാധ്യമാകുക. പ്രകൃതിയുമായി ലീനമായ അവസ്ഥയാണ് യോഗം. ഏറ്റവും ശാന്തമായ അവസ്ഥ.

astro-vasthu07.jpg.image.784.410


ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യം ശാന്തിയാണ്. ശാന്തിയിലേക്ക് മനസ്സിനെ എത്തിക്കുന്ന പരമപ്രധാനമായ ഉപാധിയാണ് അവന്റെ വാസസ്ഥലം. വാസ്തു അടക്കം എല്ലാ ഭാരതീയശാസ്ത്രശാഖകളും വാഴികാട്ടുന്നത് ഈ പരമമായ ശാന്തിയിലേക്കാണ്. ശാന്തിയിലൂടെ ആനന്ദം അറിയുക. ആനന്ദം അനുഭൂതി തലത്തിൽ അനുഭവിക്കുക. പൂർണത ആസ്വദിക്കുക. ഇതൊക്കെയാണ് വാസ്തുവിന്റെ പരമമായ ലക്ഷ്യം. സന്തോഷം എന്ന വാക്കല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. താൻ മാത്രമല്ല, തനിക്കു ചുറ്റുമുളള എല്ലാവരും സംതൃപ്തരായിരിക്കണം. അപ്പോഴേ ശാന്തി അനുഭവവേദ്യമാകൂ. അത്ര ഉത്കൃഷ്ടമായ കാഴ്ചപ്പാടാണ് വാസ്തു വിഭാവനം ചെയ്യുന്നത്. അടിസ്ഥാനപരമായി ഇതാണ് വാസ്തുവിന്റെ നന്മയും.

cooking.jpg.image.784.410

ഇതിനു വിപരീതമായി മനുഷ്യന്റെ രോഗാവസ്ഥയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉളളത്. ഭക്ഷണം, വാസസ്ഥലം, പൂർവികാര്‍ജിത പ്രാരാബ്ധം എന്നിങ്ങനെ, ഇതിൽ വാസസ്ഥലത്തിന്റെ പരാധീനതകൊണ്ടുളള രോഗാവസ്ഥ ഒഴിവാക്കാന്‍ ഗൃഹനിർമിതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്നത്.

മനോജ് എസ്.നായർ

വാസ്തുശാസ്ത്ര ഗവേഷകൻ

വാസ്തുവിദ്യ, ക്ഷേത്രവിധാനം, മയമതം (പരിഭാഷ) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ്. വാസ്തുവിദ്യയുടെ പ്രചരണത്തിനായുളള കല്പതരു ഫൗണ്ടേഷന്റെ ഡയറക്ടർ.