Tuesday 31 July 2018 10:56 AM IST : By സ്വന്തം ലേഖകൻ

കട്ടിലിന്റെ തലഭാഗം, അടുപ്പിന്റെ സ്ഥാനം; വാസ്തു പറയുന്നു...

vasthu.JPG.image.784.410

കെട്ടിടം രൂപകൽപ്പന ചെയ്യുവാൻ ആധാരമാക്കേണ്ടത് വാസ്തുശാസ്ത്രമോ ആധുനിക എൻജിനീയറിങ് കാഴ്ചപ്പാടോ എന്ന തർക്കം നമുക്ക് ചർച്ചയ്ക്കായി ബാക്കിവയ്ക്കാം. എന്നാൽ രണ്ടും ആധാരമാക്കുന്ന പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വേണ്ടത്ര ഉള്ളിലേക്ക് കടത്തിവിടുന്ന രൂപകല്പനാതന്ത്രം ഏതു വീടിനും അത്യാവശ്യം തന്നെയാണ്.

കിഴക്കു നിന്നും വെളിച്ചവും കാറ്റും എത്തുന്ന അടുക്കളയും പടിഞ്ഞാറൻ വെയിൽ ഒഴിവാക്കി കാറ്റിനെ ഉള്ളിലേക്കാനയിക്കുന്ന വരാന്തകളും, നഗരത്തിൽ ഒന്നോടൊന്ന് ഒട്ടിനിൽക്കുന്ന വീടുകളിലെ പ്രകാശ കുറവ് ഒഴിവാക്കുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന നടുമുറ്റങ്ങളും എല്ലാ വാസ്തുശൈലിക്കും ഉത്തമമാണ്.

കൃത്യമായ വായുസഞ്ചാരവും വെളിച്ചവും നീർവാർച്ചയുമാണ് ഒരു വീടിനെ പോസിറ്റീവ് എനർജി ഉള്ളതാക്കുക. അതുകൊണ്ടുതന്നെ വീടിന്റെ ഡിസൈൻ സമയത്ത് ഊർജലാഭത്തിനായുള്ള വായു വെളിച്ച സംവിധാനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്.
വാസ്തു

സോളർപാനലുകളും സോളാർ വാട്ടർഹീറ്ററുകളുമൊക്കെ വേണ്ട ദിശയിലേക്ക് ചരിച്ചുവയ്ക്കാനാകുന്ന തരം മേൽക്കൂരയാകണം വീടിന്. വാട്ടർ ടാങ്കിന് സോളാർ ഹീറ്ററിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള ഉയരമെങ്കിലും വേണം. ഈ പാനലുകളിലേക്ക് നിഴൽ വീഴാതെയുള്ള രൂപകൽപ്പന മേൽപ്പുരയ്ക്ക് നൽകണം.

വാസ്തുവിലെ ഒഴിവുകളും സൂത്രദ്വാരങ്ങളുമൊക്കെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. പലപ്പോഴും ഫാനുകളും മറ്റ് ഉപകരണങ്ങളും ചൂടുകാറ്റിനെ പുറന്തള്ളാൻ സഹായിക്കാറില്ല. ചൂടുവായു നിർഗമിക്കാനുള്ള എയർ ഹോളുകളും ചിമ്മിനി സദൃശ്യപരമായ വായു ദ്വാരങ്ങളും കൃത്രിമ ഉപകരണങ്ങളുടെ ഉപഭോഗവും കൊണ്ട് ചെലവ് കുറയ്ക്കാം.

vasthu-tree.jpg.image.784.410

വീട് പ്ലാൻ ചെയ്യുമ്പോൾ ആദ്യം ചെയ്യേണ്ടത് നമുക്ക് ആവശ്യമുള്ള ഉപകരണങ്ങൾ എവിടെ വയ്ക്കും എന്ന് തീരുമാനിക്കുകയും അതിനു അനുസൃതമായി വാതിൽ ജനൽ സ്ഥാനങ്ങൾ തീരുമാനിക്കുകയുമാണ്. ഉപകരണങ്ങളുടെ ദിശ തീരുമാനിക്കുമ്പോൾ വാസ്തുവിലെ വിശ്വാസം കണക്കിലെടുക്കാം. ഉദാഹരണമായി കട്ടിലിന്റെ തലഭാഗം കിഴക്കോ തെക്കോ വരണമെന്നും അടുപ്പ് കിഴക്കേ വശത്ത് വടക്കുഭാഗത്തോടു വരണമെന്നും ഒക്കെ. ജനാലയിൽ നിന്നും നേരിട്ട് വെളിച്ചം വരുന്ന ഭാഗം വായനയ്ക്കും തുന്നലിനും ഒക്കെ നീക്കിവച്ചാൽ പകൽ ലൈറ്റിടാതെ കഴിക്കാം.

അതിഥി മുറിക്ക് വേണ്ടത്ര കാറ്റും വെളിച്ചവും വേണമെന്നുണ്ടെങ്കിൽ അവയുടെ സ്ഥാനം തിരഞ്ഞെടുക്കുമ്പോൾ ആ പ്രദേശത്ത് കാറ്റും വെളിച്ചവും കൂടുതൽ കിട്ടുന്ന സ്ഥാനം ഏതാണെന്ന് കണ്ടെത്തണം.



vasthu.jpg.image