Wednesday 22 January 2020 12:56 PM IST : By സ്വന്തം ലേഖകൻ

വീട് പണിക്ക് എത്ര തടി വേണം, മരത്തിൽ നിന്ന് എത്ര ക്യുബിക് ഫീറ്റ് തടി കിട്ടും?; ഈ സൂത്രവാക്യം അറിഞ്ഞാൽ ഉത്തരം കിട്ടും

wood

മുറിച്ചിട്ടിരിക്കുന്ന മരത്തിൽ നിന്ന് ഉരുപ്പടികൾക്കാവശ്യമായ എത്രമാത്രം തടി ലഭിക്കുമെന്ന് എങ്ങനെ അറിയും? പലരെയും കുഴയ്ക്കുന്ന ചോദ്യമാണിത്. വീടുപണിയിലെ തടിയാവശ്യങ്ങൾക്കു മരം വാങ്ങി അറപ്പിച്ചെടുക്കുന്നതാണ് ലാഭകരമെന്ന് മിക്കവർക്കും അറിയാം. മരം മുറിക്കുന്നതിന്റെയും മില്ലിലെത്തിച്ച് അറപ്പിക്കുന്നതിന്റെയുമൊക്കെ കഷ്ടപ്പാട് ഓർക്കുമ്പോഴാണ് പലരും വേറെ വഴി നോക്കുന്നത്. മരത്തിൽ നിന്ന് എത്ര തടി കിട്ടുമെന്നതിനെപ്പറ്റിയുള്ള ധാരണയില്ലായ്മയാണ് മറ്റൊരു കാരണം.

w2

കയ്യിലൊരു ടേപ്പും ഈ സൂത്രവാക്യവുമുണ്ടെങ്കിൽ ആർക്കും മരം അളക്കാം. ഉരുപ്പടികൾക്കാവശ്യമായ എത്ര ക്യുബിക് അടി തടി കിട്ടുമെന്ന് കണ്ടുപിടിക്കുകയും ചെയ്യാം. ഏതാണാ സൂത്രവാക്യം എന്നല്ലേ. ((G/4)2/144)h എന്നതാണ് സൂത്രവാക്യം. G എന്നത് Girth അഥവാ തടിയുടെ നടുവിലെ ചുറ്റളവാണ്. ഇഞ്ച് അളവിലാണ് ഇത് കാണേണ്ടത്. L എന്നത് Length അഥവാ തടിയുടെ നീളമാണ്. ഇത് അടി കണക്കിലാണ് രേഖപ്പെടുത്തേണ്ടത്.

ഉദാഹരണത്തിന് 48 ഇഞ്ച് ചുറ്റളവും 10 അടി നീളവുമുള്ള തടിക്കഷണത്തിൽ നിന്ന് എത്ര ക്യുബിക് അടി തടി കിട്ടും എന്നറിയാൻ ((48/4)2/144)10 എന്ന രീതിയിൽ കണക്ക് കൂട്ടിയാൽ മതി. ഇതിൽ നിന്നും 10 ക്യുബിക് അടി തടി കിട്ടും. 60 ഇഞ്ച് ചുറ്റളവും 10 അടി നീളവുമുള്ള തടിയാണെങ്കിൽ 15.625 ക്യുബിക് അടി തടി ലഭിക്കും.

w3

മിക്കപ്പോഴും മരം അളക്കുമ്പോൾ ചുവട്ടിലെയോ കൈപ്പൊക്കത്തിലെയോ ചുറ്റളവ് എടുക്കുകയാണ് പതിവ്. ഇത് ശരിയല്ല. മരത്തിന്റെ നടുവിലെ ചുറ്റളവാണ് എടുക്കേണ്ടത്. ചുവട്ടിലെയും നടുവിലെയും അളവ് തമ്മിൽ വളരെ വ്യത്യാസം ഉണ്ടായിരിക്കും. ചുവട്ടിലെ ചുറ്റളവ് ഉപയോഗിച്ചു കണക്കു കൂട്ടുന്ന അത്രയും തടി ഉരുപ്പടിയായി ലഭിക്കുകയുമില്ല. മരത്തിന്റെ തൊലി കളയാതെയാണ് അളക്കുന്നത് എങ്കിൽ കിട്ടുന്ന അളവിൽ നിന്ന് മൂന്ന് ഇഞ്ച് കുറച്ചു വേണം ചുറ്റളവ് കണക്കാക്കാൻ.