Friday 21 August 2020 12:46 PM IST : By സ്വന്തം ലേഖകൻ

പണം മുടക്കി നട്ടംതിരിയേണ്ട, പടം നോക്കി കൊതിക്കുകയും വേണ്ട; ഇന്റീരിയര്‍ നിങ്ങള്‍ക്ക് തന്നെ ഒരുക്കാം പെണ്ണുങ്ങളേ... 10 ടിപ്‌സ്

INTERIOR

ഭംഗിയുള്ള വീട്ടകങ്ങള്‍ ആരെയാണ് കൊതിപ്പിക്കാത്തത്? അല്‍പം ക്ഷമയുണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമായി ഇന്റീരിയര്‍ ഭംഗിയാക്കാവുന്നതേയുള്ളൂ. ഇന്റീരിയര്‍ സ്വയം ചെയ്യാനിതാ പത്ത് ടിപ്‌സ്.

1. മുറിയുടെ കാഴ്ചയില്‍ വ്യത്യാസം വരുത്താമെങ്കിലു ആകൃതിയിലോ ഘടനയിലോ വ്യത്യാസം വരുത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഫര്‍ണിഷിങ്, ക്യൂരിയോ, ഇന്റീരിയര്‍ പ്ലാന്റ് ഇവ ഉപയോഗിച്ചായിരിക്കും പുതിയ ക്രമീകരണങ്ങള്‍. 

2. ഇന്റീരിയര്‍ ചെയ്യാനുള്ള മുറിയിലെ എല്ലാം  പുറത്ത് എടുത്ത് വൃത്തിയാക്കിയശേഷം തുടങ്ങാം. 

3. നിലം, കബോര്‍ഡുകള്‍, ഭിത്തി ഈയിടങ്ങളാണ് സാധനങ്ങള്‍ വയ്ക്കാന്‍ ഉപയോഗിക്കാവുന്നത്. ആനുപാതികമായി വേണം ഈ മൂന്നിടത്തും സാധനങ്ങള്‍ ക്രമീകരിക്കാന്‍. 

4. സ്‌പേസിനെ പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ രണ്ട് ആക്കാം. സാധനങ്ങള്‍ വയ്ക്കുന്ന ഇടം പോസിറ്റീവും അല്ലാത്ത ഇടം നെഗറ്റീവും. ഏതാണ് കൂടുതല്‍ വേണ്ടതെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. 

5. പ്രകൃതി ദത്ത് വെളിച്ചം പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ വേണം ഫര്‍ണിച്ചറും ക്യൂരിയോകളും ക്രമീകരിക്കാന്‍. ഓരോ സാധനത്തിന്റെയും ഏറ്റവും തിളക്കമുള്ള കാഴ്ച സൂര്യപ്രകാശത്തിലാണ്. 

6. മുറിയുടെ നിറം പ്രധാനമാണ്. മുറി പെയിന്റ് ചെയ്‌തോ കഴുകി ഭിത്തി ഉള്‍പ്പെടെ വൃത്തിയാക്കിയോ വേണം തുടങ്ങാന്‍.

7. ഒരു പൊതു തീം നല്‍കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. ഉദാഹരണത്തിന് പേസ്റ്റല്‍, എര്‍ത്തേണ്‍ എന്നിങ്ങനെ നിറത്തില്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടെങ്കില്‍ ഫര്‍ണിഷിങ് അതിന്റെ ചുവടുപിടിച്ച് ആകാം. 

8. മുറിയുടെ സ്വഭാവമനുസരിച്ചു വേണം ലൈറ്റിങ്. സ്വീകരണമുറി, കിടപ്പുമുറി എന്നിവിടങ്ങളില്‍ തീവ്രപ്രകാശം ആവശ്യമില്ല. ഈ മുറികളില്‍ സൂര്യപ്രകാശം പോലും ആവശ്യത്തിന് മാത്രമാക്കി നിയന്ത്രിക്കണം. എന്നാല്‍ അടുക്കളയിലും പഠനമുറിയിലുമെല്ലാം നല്ല പ്രകാശം വേണം താനും. 

9. മുറിയിലെ സാധനങ്ങളുടെ ടെക്‌സ്ചറിനും പ്രാധാന്യമുണ്ട്. വിഷ്വല്‍ ടെക്‌സ്ചര്‍, ആക്ച്വല്‍ ടെക്‌സ്ചര്‍ എന്നിങ്ങനെ രണ്ടാക്കാം. കാഴ്ച പറയുന്നതാണ് വിഷ്വല്‍ ടെക്‌സ്ചര്‍. സ്പര്‍ശം കൊണ്ട് അറിയുന്നതാണ് ആക്ച്വല്‍ ടെക്‌സ്ചര്‍. ഇവയുടെ സമന്വയമാക്കിയാല്‍ ഭംഗിയും ഉപയോഗക്ഷമതയും കൈകോര്‍ക്കാം.

10. ഏത് അകത്തളവും ഭംഗിയാക്കാന്‍ ചെടികള്‍ക്ക് കഴിയും. മുറിയുടെ മറ്റു ഘടകങ്ങളോടു ചേരുന്ന ടെക്‌സ്ചറും നിറവും ആവണം ഇലകള്‍ക്ക്.