Thursday 12 December 2019 06:52 PM IST : By സ്വന്തം ലേഖകൻ

വാരി വലിച്ചിട്ടിരിക്കുന്ന മുറിയിൽ പൊസിറ്റീവ് എനർജി നിറച്ചാലോ?; കോൻമാരിയെന്ന മാജിക്

conmari

കോൻമാരി എന്നു കേട്ടിട്ടില്ലെങ്കിലും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. റെഡിമെയ്ഡ് ഷർട്ട് വാങ്ങിയിട്ടുണ്ടോ? അതിന്റെ മടക്ക് ശ്രദ്ധിച്ചിട്ടുണ്ടോ? അത് കോൻമാരി തത്വം അനുസരിച്ച് മടക്കിയതാണ്. വീട്ടിലെ അല്ലെങ്കിൽ ഓഫിസിലെ എല്ലാ മുറികളും വൃത്തിയുള്ളതും പൊസിറ്റീവ് എനർജി തരുന്നതുമായ ഇടങ്ങളാക്കി മാറ്റാനുള്ള സംവിധാനമാണ് കോൻമാരി.

മാരി കോൻഡോ എന്ന ജാപ്പനീസ് യുവതിയാണ് കോൻമാരിയുടെ സ്രഷ്ടാവ്. സാധനങ്ങൾ ഏറ്റവും നന്നായി ക്രമീകരിക്കുകയും ആവശ്യമില്ലാത്തവ ഒഴിവാക്കുകയും ചെയ്യുന്ന ഡീക്ലട്ടറിങ് (Decluttering) നെക്കുറിച്ച് ലോകത്ത് ഏറ്റവുമധികം വില്ക്കുന്ന പുസ്തകമായ ‘ The Life Changing Magic of Tidying Up’ എന്ന പുസ്തകത്തിന്റെ രചയിതാവാണ് മാരി കോൻഡോ.

മുറികൾ കേന്ദ്രീകരിച്ചാണ് കോൻമാരി ശൈലി പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക മുറിയെടുത്ത് കബോർഡുകളിലും മേശപ്പുറത്തും ഭിത്തിയിലുമെല്ലാം വച്ചിരിക്കുന്ന എല്ലാ സാധനങ്ങളും ഒരുമിച്ചാക്കുക. നിലത്ത് പേപ്പർ വിരിച്ച് അവിടേക്ക് എല്ലാ സാധനങ്ങളും എടുത്തുവയ്ക്കാനാണ് പുസ്തകം പറയുന്നത്. മുറിയിലെ എല്ലാ സാധനവും നിലത്തെത്തണം.

നിലത്തെ പേപ്പറിൽ ഇരിക്കുന്ന ഓരോ സാധനവും കയ്യിലെടുത്ത്, അതിനെക്കുറിച്ച് അല്പമൊന്ന് ചിന്തിക്കണം. ആ സാധനം എത്ര നാൾ മുമ്പാണ് ഉപയോഗിച്ചത്? അതുകൊണ്ട് എന്തെല്ലാം ഉപകാരങ്ങളുണ്ട്? അത് കളയുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ‘ഇത് വേണം’ എന്ന് മനസ്സ് ശക്തമായി വാദിക്കുന്നുണ്ടെങ്കിൽ മാത്രമേ ആ സാധനം സൂക്ഷിച്ചുവയ്ക്കാവൂ എന്നാണ് മാരി കോൻഡോ പറയുന്നത്.

c1

സന്തോഷം സ്ഫുരിപ്പിക്കുന്നുവോ?

പക്ഷേ, എല്ലായ്പ്പോഴും പ്രയോജനം മാത്രമായിരിക്കില്ല ഒരു സാധനം സൂക്ഷിച്ചു വയ്ക്കുന്നതിന്റെ മാനദണ്ഡം. ആ വസ്തു നിങ്ങളിൽ സന്തോഷം സ്ഫുരിപ്പിക്കുന്നുണ്ടോ (spark Joy) എന്നത് വളരെ പ്രധാനമാണെന്ന് കോൻഡോ പറയുന്നു. ഏതെങ്കിലും ഒരിക്കൽ ഉപകാരപ്പെടുമെന്നു കരുതി എന്തെങ്കിലും സൂക്ഷിക്കുന്നതിനോട് മാരി കോൻഡോ യോജിക്കുന്നില്ല. ആവശ്യവും ഇഷ്ടവും വ്യത്യസ്തമാണെന്നാണ് കോൻമാരിയിലെ നിലപാട്.

വസ്ത്രങ്ങൾ മടക്കിവയ്ക്കാനും കോൻമാരിയിൽ പ്രത്യേക ശൈലിയുണ്ട്. ഷർട്ടിനും പാന്റ്സിനും സോക്സിനുമെല്ലാം പ്രത്യേകം പ്രത്യേകം രീതിയാണ്. കോൻമാരി ശൈലിയാണെന്ന് അറിയില്ലെങ്കിൽപോലും, പലരും വസ്ത്രങ്ങൾ മടക്കുന്നത് കോൻമാരി ശൈലിയിലാണ്.

വസ്ത്രങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി വയ്ക്കുന്നതിനു പകരം പെട്ടെന്ന് എടുക്കാൻ കഴിയുന്ന വിധത്തിൽ ട്രേയിൽ ക്രമീകരിക്കാനാണ് കോൻമാരി പറയുന്നത്. ഷൂ ബോക്സുകളാണ് ഇതു യോജിക്കുന്നത്.

c2

ഏറ്റവും കുറവ് സ്ഥലം ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സാധനങ്ങൾ സൂക്ഷിക്കുക. ഒരുപോലുള്ള സാധനങ്ങൾ ഒരുമിച്ച് ക്രമീകരിക്കുക, എളുപ്പത്തിൽ കാണുന്ന വിധത്തിൽ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കുക ഇതെല്ലാം കോൻഡോയുടെ രീതിയാണ്. പുതുവർഷം മുതൽ അടുക്കും ഒതുക്കവുമുള്ള ജീവിതശൈലിയായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉടൻ ഒരു പുസ്തകക്കടയിലേക്കു നീങ്ങാം..

c3