Tuesday 16 April 2019 05:08 PM IST : By സ്വന്തം ലേഖകൻ

‘തനി നാടൻ ആൻഡ് മോഡേൺ മിക്സ് ’; അടുക്കള ബൈ ഇത്താപ്പിരീസിന്റെ അകത്തളം അടിപൊളിയാണ്

ithapiris

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മലബാർ റസ്റ്ററന്റുകൾ മാത്രം! ഇതിൽ നിന്നുമാറി വേറിട്ടൊരു ലൈൻ പിടിക്കാമെന്നു കരുതിയാണ് ജിബി മാത്യുവും ബേബി ജോർജും കൊച്ചി തൃക്കാക്കരയിൽ ‘അടുക്കള ബൈ ഇത്താപ്പിരീസ്’ എന്ന റസ്റ്ററന്റ് തുടങ്ങുന്നത്. ഇവരുടെ മുത്തച്ഛൻ െഎസക്കിന്റെ പേരിന്റെ നാടൻ രൂപമാണ് ഇത്താപ്പിരീസ്. പേരു പോലെ രുചിയിലും നാടനാണ് ഇത്താപ്പിരീസ്. തനതു കൊച്ചി സ്വാദ് ആസ്വദിക്കണമെന്നുള്ളവർ ഇങ്ങോട്ടു വണ്ടി പിടിച്ചോളൂ.

1400 ചതുരശ്രയടിയുള്ള റസ്റ്ററന്റ് ഡിസൈൻ ചെയ്യാൻ സുമി റാണിയെ ഏൽപിക്കുമ്പോള്‍ ജിബിയും ബേബിയും മുന്നോട്ടു വച്ച പ്രധാന നിർദേശങ്ങളിലൊന്ന് പഴയ ക്രിസ്ത്യൻ തറവാടുകളുടേതു പോലെയുള്ള അന്തരീക്ഷം വേണമെന്നതായിരുന്നു. അതിലേക്ക് ആധുനിക ശൈലിയുടെ ഘടകങ്ങൾ കോർത്തിണക്കുകയും വേണം. ഹാങ്ങിങ് ലൈറ്റ് വേണമെന്നതും അവരുടെ ആവശ്യമായിരുന്നു.

ട്രഡീഷനൽ കം മോഡേൺ

വെള്ള–ഗ്രേ നിറങ്ങളുടെ സമന്വയത്തിലുള്ള മോണോക്രോം തീമിലാണ് സുമി റാണി ഇന്റീരിയർ ഒരുക്കിയത്. റസ്റ്ററന്റിലേക്ക് പ്രവേശിക്കുമ്പോൾ ഡിസ്ട്രസ്ഡ് ഫിനിഷിൽ നീല പെയിന്റടിച്ച ബെഞ്ച് കാണാം. ജിബിയുടെ തറവാട്ടിലെ 160 വർഷം പഴക്കമുള്ള ഈ ബെഞ്ച് അതിഥികൾക്ക് കാത്തിരിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനു പിറകിൽ പ്ലൈവുഡിൽ തടിയുടെ കഷണങ്ങൾ മുറിച്ച് ഒട്ടിച്ച് നിർമിച്ച പാർട്ടീഷൻ വോൾ ആണ്. അതിനു പിന്നിലേക്ക് രണ്ടു പേർക്കിരിക്കാവുന്ന കപ്പിൾ സീറ്റുകൾ. ഇവിടെ സ്വകാര്യത ഉറപ്പാക്കുകയാണ് പാർട്ടീഷൻ വോളിന്റെ ചുമതല.

ജിബിയുടെ പഴയ തറവാട് പൊളിച്ചപ്പോൾ കിട്ടിയ ജനലും നീല നിറത്തിൽ ഇവിടെ ചേക്കേറിയിട്ടുണ്ട്. തറവാട്ടു പറമ്പിൽ, മണ്ണിൽ പുതഞ്ഞുകിടന്ന തേക്കിൻ തടി വിളക്കുമരമായി പുനരവതരിക്കുകയും ചെയ്തു.

i1

ഗ്രീന്‍ വോൾ ആണ് ഇവിടത്തെ മറ്റൊരു ഹൈലൈറ്റ്. ചുമരിൽ നിറയെ ചെടികൾ നൽകി. ഭംഗിക്കായി, ഓരോ ചെടിക്കും മുകളിൽ പിത്തള പൊതിഞ്ഞ ടാപ് നൽകി. മറുവശം പുറംഭിത്തി ആയതിനാൽ ചോർച്ചയ്ക്കുള്ള സാധ്യത കണക്കാക്കി ടാപ്പിൽ വെള്ളത്തിനുള്ള സംവിധാനം ചെയ്തില്ല. ഏറെ തിരഞ്ഞു കണ്ടെത്തിയ സ്റ്റോൺ ഫിനിഷുള്ള ഫൈബർ ചട്ടികളിലാണ് ചെടികൾ. പഴയകാല ജനലുകളുടെ ഓർമയുണർത്തുന്നതിനായി മാറ്റ് ബ്ലാക് പെയിന്റ് അടിച്ച ജിെഎ പൈപ്പ് അഴികളും ബ്രിക് വോളും ഇന്റീരിയറിന്റെ ഗമ വർധിപ്പിക്കുന്നു.

പഴയ വീടുകളിൽ ഉണ്ടായിരുന്ന തരം ഹാങ്ങിങ് എഡിസൻ ലാംപുകൾ പ്രത്യേകം പണിയിച്ചു. മുറികൾക്ക് ഉയരം കുറവായതിനാൽ ഫോൾസ് സീലിങ് ഒഴിവാക്കി. പകരം സീലിങ്ങിൽ അലുമിനിയം ‘C’ ചാനലുകൾ നൽകി വയറിങ് അതിനുള്ളിലാക്കി.

വാഷ്റൂം, വലുപ്പത്തിലും ആധുനിക ശൈലിയിലുമാണ് ഒരുക്കിയിരിക്കുന്നത്. റസ്റ്ററന്റിന് ഓപൻ ഫീ ൽ വേണം, മേശകൾക്കിടയിലൂടെ നടക്കാൻ ആവശ്യത്തിന് സ്ഥലം വേണം എന്നീ നിബന്ധനകളും സുമി ഭംഗിയായി പാലിച്ചിട്ടുണ്ട്.

ithapiris

ഗ്രെയിൻസിന്റെ വേറിട്ട ഭംഗി കാരണം അക്കേഷ്യ കൊണ്ടാണ് മേശകൾ. കഴിക്കാനുള്ള സൗകര്യത്തിന് മേശകൾക്കും പാത്രങ്ങൾക്കുമെല്ലാം വലുപ്പം കൂടുതലാണ്. കൈപ്പിടി പിടിപ്പിച്ച വിളമ്പാനുള്ള പാത്രങ്ങൾ പ്രത്യേകം നിർമിച്ചവയാണ്.

ഇന്റീരിയർ ഭംഗിയിൽ മാത്രമല്ല രുചിയിലും ഇത്താപ്പിരീസ് സൂപ്പറാണ്. ‘‘അന്നന്നേക്കുള്ള ഭക്ഷണം മാത്രമേ ഇവിടെ ഉണ്ടാക്കുന്നുള്ളൂ. മസാലക്കൂട്ടെല്ലാം വീട്ടിൽ നിർമിക്കും. തോപ്പുംപടിയിലും മുനമ്പത്തും പോയി മീൻ നേരിട്ടു മേടിക്കും. വീടുകളിൽനിന്നു വാങ്ങുന്ന പച്ചക്കറിയേ കഴിവതും ഉപയോഗിക്കാറുള്ളൂ. വെളിച്ചെണ്ണ ആട്ടിച്ചെടുക്കുകയാണ്. ചില വിഭവങ്ങൾ വീട്ടിൽ നിന്ന് വിറകടുപ്പിലും ഓട്ടുരുളിയിലും പാകം ചെയ്ത് കൊണ്ടുവരികയാണ്.’’ ജിബിയും ബേബിയും രുചിരഹസ്യം വെളിപ്പെടുത്തുന്നു.

ഇവരുടെ ഭാര്യമാർ മെറീനയും ബീനയും സകല പിന്തുണയുമായി ഒപ്പമുണ്ട്. കൂട്ടിന് പരമ്പരാഗതവും സ്വന്തമായി വികസിപ്പിച്ചെടുത്തതുമായ പാചകക്കൂട്ടുകളും. പിടി– ചിക്കൻ വറുത്തരച്ചത്, പുട്ട്–ഇത്താപ്പിരീസ് ബീഫ്, കള്ളപ്പം–ചിക്കൻ പെപ്പർ മപ്പാസ്, ജാഗറി കസ്റ്റാർഡ്, കരിക്ക്–പൈനാപ്പിൾ പുഡിങ് എന്നിവയാണ് ഇവിടത്തെ കിടിലൻ െഎറ്റങ്ങൾ. ■

i3


വിവരങ്ങൾക്ക് കടപ്പാട്/ ആർക്കിടെക്ട്;

സുമി റാണി
ഡിസൈനർ, കൊച്ചി
100colors100@gmail.com