Monday 15 October 2018 05:03 PM IST : By സ്വന്തം ലേഖകൻ

മുറിയുടെ വലുപ്പം, വൈദ്യുതിയുടെ ഉപയോഗം; എസി തെരഞ്ഞെടുക്കും മുമ്പ് ഓർത്തു വയ്ക്കാം ഈ കാര്യങ്ങൾ

ac

വേനലിന്റെ വരവിനു മുമ്പേ എയർ കണ്ടീഷനർ വിപണി ഒരുങ്ങിക്കഴിഞ്ഞു. ചൂടുകൂടുകയും കച്ചവടം പൊടിപൊടിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ റെക്കോർഡ് വിൽപനയ്ക്കുള്ള തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുത്തൻ മോ‍ഡലുകളും വിലക്കിഴിവുമൊക്കെയുള്ളതിനാൽ എയർ കണ്ടീഷ്നർ വാങ്ങാനും ഇതു നല്ല സമയം തന്നെ. പല ഡീലർമാരും പത്ത് മുതൽ 20 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ac-3

എസിയുടെ ഓണക്കാലം

മറ്റു മാസങ്ങളിലും എസി വിറ്റുപോകുമെങ്കിലും മാർച്ച് – ഏപ്രിൽ ആണ് എസി വിൽപ്പനയുടെ ഓണക്കാലമെന്ന് വിപണിവൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് ഒരു വർഷം ആകെ വിൽക്കുന്ന എസിയുടെ 70 – 80 ശതമാനവും വിറ്റുപോകുന്നത് ഈ സമയത്താണ്. കഴിഞ്ഞ വർഷം മാർച്ച്–ഏപ്രിൽ മാസത്തിൽ മാത്രം ഒന്നേകാൽ ലക്ഷത്തോളം എസിയാണ് വിറ്റുപോയത്. ഇത്തവണ വിൽപന രണ്ട് ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ.

2016 ലായിരുന്നു കേരളത്തിൽ ഇതുവരെ നടന്നതിലെ റെക്കോർഡ് വിൽപന. മുഴുവൻ സ്റ്റോക്കും വിറ്റുപോയ വർഷമായിരുന്നു അത്. മുൻവർഷത്തെക്കാൾ രണ്ടിരട്ടി വിൽപനയാണ് അന്ന് നടന്നത്.

ആഡംബരമല്ല; അത്യാവശ്യം

ഒരു കാലത്ത് ആഡംബരമായി കണക്കാക്കിയിരുന്ന എസി ഇന്ന് അത്യാവശ്യ വസ്തുക്കളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. ഫാൻ കൊണ്ടു നേരിടാവുന്നതിനപ്പുറത്തേക്ക് ചൂടും ഉഷ്ണവും കൂടിയതാണ് പ്രധാന കാരണം. ഇടത്തരക്കാർക്ക് എസിയോടുണ്ടായിരുന്ന ‘മൈൻഡ് ബ്ലോക്ക്’ മാറിയതും വിൽപ്പന കുതിച്ചുയരാൻ കാരണമായി. കാർ, ഓഫിസ്, കടകൾ തുടങ്ങിയിടങ്ങളിലെല്ലാം എസിയുണ്ട്. അപ്പോൾപ്പിന്നെ വീട്ടിലുമാകാം എന്ന ചിന്തയാണ് എസിയുടെ സ്വീകാര്യത കൂട്ടിയത്. വില കുറഞ്ഞതും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ രംഗപ്രവേശം ചെയ്തതും എസിയുടെ സമയം തെളിയാൻ കാരണമായി.

ac-2

താരമായി ഇൻവെർട്ടർ എസി

സ്പ്ലിറ്റ് എസികൾക്കേ ആവശ്യക്കാരുള്ളു. അതിൽത്തന്നെ ‘ഇൻവെർട്ടർ എക്വിപ്ഡ്’ എസിക്കാണ് കൂടുതൽ ഡിമാൻഡെന്ന് ക്യൂആർഎസ് റീട്ടെയി‌ൽ ലിമിറ്റഡ് ഡയറക്ടർ എസ്. മുരളീധരൻ പറയുന്നു.

കുറച്ചു വൈദ്യുതിയേ ഉപയോഗിക്കൂ എന്നതാണ് ഇൻവെർട്ടർ എക്വിപ്ഡ് എസിയുടെ പ്രത്യേകത. വേരിയബിൾ കംപ്രസർ ആണ് ഇത്തരം എസിയിലുള്ളത്. ഇത് ഇടയ്ക്ക് ‘കട്ട് ഓഫ്’ ആകില്ല. മാത്രമല്ല, ആവശ്യത്തിന് തണുപ്പായാൽ അതനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യും. 23,000 രൂപ മുതലാണ് ഇവയുടെ വില.

കോപ്പർ കണ്ടൻസറുള്ള മോഡലുകളാണ് ജനപ്രീതിയിൽ മുമ്പിൽ. കൂടുതൽ ഈട് നിൽക്കുമെന്നതാണ് കോപ്പർ കണ്ടൻസറിന്റെ മെച്ചം. അലോയ് കണ്ടൻസറുള്ള മോഡലിന് വില കുറയുമെങ്കിലും പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്.

ഒരു ടൺ കപ്പാസിറ്റിയുള്ള എസിയാണ് ഏറ്റവും കൂടുതൽ ചെലവാകുന്നതെന്ന് ബിസ്മി മാനേജിങ് ഡയറക്ടർ വി.എ. അജ്മൽ പറയുന്നു. അതിൽ 60 ശതമാനവും ഇൻവെർട്ടർ എക്വിപ്ഡ് എസി ആണെന്നതാണ് വസ്തുത.

മുറിയുടെ വലുപ്പം പ്രധാനം

മുറിയുടെ വലുപ്പം അനുസരിച്ചു വേണം എസിയുടെ കപ്പാസിറ്റി നിശ്ചയിക്കാൻ. എങ്കിലേ കുറഞ്ഞ വൈദ്യുതിയിൽ പരമാവധി കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ കഴിയൂ.

80 ചതുരശ്രയടിയിൽ താഴെ വലുപ്പമുള്ള മുറികൾക്കാണ് മുക്കാൽ ടൺ കപ്പാസിറ്റിയുള്ള എസി അഭികാമ്യം. 80 മുതൽ 140 ചതുരശ്രയടി വരെ വലുപ്പമുള്ള മുറിയിലേക്ക് ഒരു ടൺ കപ്പാസിറ്റിയുള്ള എസി മതിയാകും. 140 മുതൽ 180 ചതുരശ്രയടിവരെ വലുപ്പമുള്ള മുറിയിലേക്ക് ഒന്നര ടൺ ശേഷിയുള്ള എസി വേണം. 180 മുതൽ 200 ചതുരശ്രയടി വലുപ്പമുള്ള മുറിയാണെങ്കിൽ എസിക്ക് രണ്ട് ടൺ കപ്പാസിറ്റി വേണം. ■

ac-4

സ്റ്റാർ റേറ്റിങ്ങിന് പുതിയ മാനദണ്ഡങ്ങൾ

ബിഇഇ അഥവാ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ റേറ്റിങ് വിലയിരുത്തി എസി വാങ്ങുന്നത് വൈദ്യുതിച്ചെലവ് കുറയ്ക്കും. നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. ത്രീ സ്റ്റാറിന് മുകളിൽ റേറ്റിങ് ഉള്ള മോഡലുകളാണ് കൂടുതൽ മികച്ചത്. എയർ കണ്ടീഷനറുകളുടെ സ്റ്റാർ റേറ്റിങ്ങിനുള്ള മാനദണ്ഡങ്ങൾ അടുത്തിടെ പുതുക്കി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചുള്ള മോഡലുകൾ ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്. ഇവയ്ക്ക് പഴയ മോഡലിനേക്കാൾ മൂവായിരം രൂപയോളം കൂടും. ഉയർന്ന ഊർജക്ഷമതയാണ് ഇവയുടെ പ്രത്യേകത. മുമ്പ് ഫൈവ് സ്റ്റാർ ഉണ്ടായിരുന്ന മോഡലുകൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ത്രീ സ്റ്റാർ റേറ്റിങ് മാത്രമേ ലഭിക്കൂ. ഇവ ഇപ്പോൾ വിലക്കുറവിൽ ലഭിക്കും. കംപ്രസറിൽ കൂടുതൽ പരിസ്ഥിതിസൗഹാർദമായ വാതകങ്ങൾ ഉപയോഗിക്കുന്നു എന്നതും പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. ആർ 410 എ, ആർ 32 തുടങ്ങിയ വാതകങ്ങളാണ് കംപ്രസറിൽ ഉപയോഗിക്കുന്നത്.

വെള്ളനിറത്തിനോട് പ്രിയം

വെള്ള നിറത്തിലുള്ള എസിയാണ് കൂടുതലും ചെലവാകുന്നത്. ഇതുകൂടാതെ ക്രീം, സിൽവർ, ഗോൾഡൻ, വൈൻ റെഡ് നിറങ്ങളിലും എസി ലഭിക്കും. ചെറിയ ഗ്രാഫിക് ഡിസൈനുകളോടു കൂടിയ എസിയും ലഭ്യമാണ്. വലുപ്പം കുറഞ്ഞ സ്ളീക്ക് ഡിസൈനിലുള്ള എസിക്കാണ് ആരാധകർ കൂടുതൽ. വീട് പണിയുമ്പോൾത്തന്നെ എസി വയ്ക്കാനുളള സ്ഥലം നിശ്ചയിച്ച് അതിനനുസരിച്ച് വയറിങ് ചെയ്യുന്നതാണ് ഉത്തമം. ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ട ക്രമീകരണങ്ങളും ചെയ്യണം.

ac